വിവാദങ്ങള്‍ മോഹന്‍ലാലിന് താല്‍പര്യമില്ല, അതുകൊണ്ട് ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കില്ല, പ്രതിഷേധമോ മറ്റോ ഉണ്ടായാല്‍ അത് താരത്തിന്റെ ഇമേജിനെ ബാധിക്കും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കില്ല. ഇപ്പോഴുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തീരുമാനം. ചടങ്ങിലേക്ക് മോഹന്‍ലാലിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. എന്നാല്‍ രണ്ടാഴ്ച മുമ്പ് മോഹന്‍ലാല്‍ തിരുവനന്തപുരത്ത് വെച്ച് അമ്മയിലെ പ്രശ്‌നങ്ങള്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലനുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാമോ എന്ന് മന്ത്രി ചോദിച്ചു. നോക്കട്ടെ എന്ന് താരം മറുപടി നല്‍കിയിരുന്നു. അതൊരു ഔദ്യോഗിക ക്ഷണമൊന്നുമായിരുന്നില്ല. മോഹന്‍ലാലിനെ പോലൊരു താരത്തെ ചടങ്ങിന് കിട്ടിയാല്‍ ആള് കൂടും പരിപാടി കളറാവുകയും ചെയ്യും. അതായിരുന്നു മന്ത്രിയുടെ നിലപാട്.
സംസ്ഥാന അവാര്‍ഡ് വിതരണത്തിന്റെ സംഘാടക സമിതി കഴിഞ്ഞയാഴ്ച തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്നപ്പോള്‍ മോഹന്‍ലാല്‍ വരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ആ യോഗത്തില്‍ ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അംഗങ്ങളില്ലായിരുന്നു. ജൂറി അംഗങ്ങളും മറ്റ് പലരുമായിരുന്നു ഉണ്ടായിരുന്നത്. മന്ത്രിയുടെ പ്രസ്താവന കേട്ടയുടനെ ജൂറി അംഗം ഡോ.ബിജു എതിര്‍പ്പ് അറിയിച്ചു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ അദ്ദേഹം ഫെയിസ്ബുക്കിലൂടെ ഇക്കാര്യം ്അറിയിച്ചു. തുടര്‍ന്ന് അക്കാദമിയിലെ ആറ് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ അടക്കമുള്ള ചലച്ചിത്രപ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അടക്കം ഒപ്പിച്ച ഭീമന്‍ ഹര്‍ജി മുഖ്യമന്ത്രിക്ക് നല്‍കി. അതോടെയാണ് അവാര്‍ഡ് വിതരണം വിവാദത്തിലേക്ക് നീങ്ങിയത്.
വിവാദങ്ങളില്‍ താല്‍പര്യമില്ലാത്ത മോഹന്‍ലാല്‍ ഇത്തവണയും മൗനം പാലിച്ചു. തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും രാഷ്ട്രീയ ഭേദമന്യേ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ മോഹന്‍ലാലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പലകോണുകളില്‍ നിന്നുണ്ടായത്. അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ റീത്ത് വെച്ച സംഭവം താരത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പ്രത്യേകിച്ച് താരത്തിന്റെ അമ്മ അസുഖബാധിതയായി വീട്ടില്‍ കഴിയുകയാണ്. അതെല്ലാം കണക്കിലെടുത്താണ് വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ശാന്തമായി ജോലി ചെയ്യാന്‍ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് താരം തീരുമാനിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ വണ്ടിപ്പെരിയാറിലെ ലൊക്കേഷനിലാണ് മോഹന്‍ലാല്‍. ചടങ്ങിനെത്തിയാല്‍ പ്രതിഷേധം ഉണ്ടാവുകയോ, ആരെങ്കിലും കൂവുകയോ ചെയ്താല്‍ അത് താരത്തിന്റെ ഇമേജിനെ ബാധിക്കും.
"
https://www.facebook.com/Malayalivartha























