പത്മനാഭസ്വാമിക്ഷേത്രത്തിലെ 'ബി' നിലവറയുടെ രക്ഷാപുരുഷന്‍ തെക്കേടത്ത് നരസിംഹമൂര്‍ത്തിയാണ്, ഭാവിയില്‍ തുറക്കില്ലെന്ന സങ്കല്പത്തോടെ ഏറെക്കാലം മുമ്പടച്ച 'ബി' നിലവറ തുറന്നാല്‍ ദേവചൈതന്യം ക്ഷയിച്ച് നാട്ടില്‍ അത്യാപത്തുക്കള്‍ സംഭവിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി കാഴ്ചബംഗഌവില്‍ പ്രദര്‍ശിപ്പിക്കുന്നത് ആചാരവിരുദ്ധമാണെന്ന് കാണിച്ച് ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. 'എ' നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങള്‍ വിശേഷാവസരങ്ങളില്‍ ഭഗവാന് ചാര്‍ത്തണം. നിലവറകളിലെ തിരുവാഭരണങ്ങളോ മറ്റ് അമൂല്യവസ്തുക്കളോ ക്ഷേത്രത്തിനു പുറത്ത് കൊണ്ടു പോകുന്നത് ദേവഹിതത്തിനെതിരാണെന്നും സ്വാമിയാര്‍ അഭിപ്രായപ്പെടുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തന്ത്രിക്കും മുകളിലാണ് പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനം.
'ബി' നിലവറ യാതൊരു കാരണവശാലും തുറക്കരുതെന്ന് സ്വാമിയാര്‍ ആവശ്യപ്പെടുന്നു. ബലരാമന്‍ പശുദാനം ചെയ്ത സ്ഥാനത്താണ് 'ബി' നിലവറ നില്‍ക്കുന്നത്. ബലരാമന്റെ അനുഗ്രഹം സിദ്ധിച്ച ദേവന്മാരും മുനിമാരും നാമസങ്കീര്‍ത്തനം ചെയ്ത് നിലവറയില്‍ കഴിയുന്നു. ആദിശേഷ പാര്‍ഷദന്മാരായ നാഗങ്ങളുടെയും ഒരു യക്ഷിയുടെയും സാന്നിധ്യം നിലവറയില്‍ ഉണ്ട്. കൂടാതെ നിലവറയുടെ അടിയില്‍ ശ്രീചക്രവുമുണ്ട്. ശ്രീപത്മനാഭ ചൈതന്യവുമായി നേരിട്ടു ബന്ധമുള്ള 'ബി' നിലവറയുടെ രക്ഷാപുരുഷന്‍ തെക്കേടത്തു നരസിംഹമൂര്‍ത്തിയാണ്. ഭാവിയില്‍ തുറക്കില്ല എന്ന സങ്കല്പത്തോടെ ഏറെക്കാലം മുമ്പടച്ച 'ബി' നിലവറ തുറന്നാല്‍ ദേവചൈതന്യം ക്ഷയിച്ച് നാട്ടില്‍ അത്യാപത്തുക്കള്‍ സംഭവിക്കും എന്നും പുഷ്പാഞ്ജലി സ്വാമിയാരുടെ കത്തില്‍ പറയുന്നു.
ക്ഷേത്രത്തിന്റെ ധനസ്ഥിതി മോശമായപ്പോള്‍ നിര്‍ത്തലാക്കിയ ജപങ്ങളും പാരായണങ്ങളും ഇപ്പോള്‍ വരുമാനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പൂര്‍വസ്ഥിതിയില്‍ ആക്കണം. ക്ഷേത്രത്തിന് സ്വന്തമായി തന്ത്രവിദ്യാപീഠവും വേദപാഠശാലയും മതപാഠശാലയും ഗോശാലയും ഉണ്ടാകണം.
തിരുവിതാംകൂര്‍ രാജകുടുംബം ശ്രീപദ്മനാഭന്റെ മഹാനിധി കറകളഞ്ഞ ഭക്തിയോടെ സംരക്ഷിച്ചുവെന്നും ക്ഷേത്രഭരണം സ്തുത്യര്‍ഹമായ രീതിയിലാണ് നടത്തിയതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ രാജസ്ഥാനീയന്‍ അധ്യക്ഷനായും സ്വാമിയാന്മാരുടെ പ്രതിനിധികള്‍, യോഗത്തില്‍ പോറ്റിമാര്‍, തന്ത്രി, ദേശികള്‍, കരണത്താക്കുറുപ്പ്, ക്ഷേത്രോല്‍പ്പത്തിയുമായി ബന്ധമുള്ള പുലയകുടുംബത്തിലെ അംഗം തുടങ്ങിയവര്‍ അംഗങ്ങളായുമുള്ള ക്ഷേത്ര ഭരണസമിതി രൂപീകരിക്കണമെന്നും പുഷ്പാഞ്ജലി സ്വാമിയാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha























