നഴ്‌സുമാര്‍ ഒരു ആശുപത്രിയുടെ നട്ടെല്ല്- മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

നഴ്‌സുമാര്‍ ഒരു ആശുപത്രിയുടെ നട്ടെല്ലാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിപ വൈറസ് ബാധയുണ്ടായ സമയത്ത് നഴ്‌സുമാര്‍ നിര്‍വഹിച്ച സേവനം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. പ്രിയപ്പെട്ട സഹപ്രവര്‍ത്തക നഴ്‌സ് ലിനി നിപ വൈറസ് ബാധിച്ച് മരിച്ചപ്പോഴും ആരോഗ്യ മേഖലയ്ക്ക് കരുത്തായി ഒറ്റക്കെട്ടായി നിന്ന് സേവനം അനുഷ്ടിച്ചവരാണ് നഴ്‌സുമാരെന്നും മന്ത്രി പറഞ്ഞു. കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ തിരുവനന്തപുരം വെസ്റ്റിന്റെ 61-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആര്‍ദ്രം ദൗത്യത്തിന്റെ വിജയത്തിന് പിന്നില്‍ നഴ്‌സുമാര്‍ വഹിച്ച പങ്ക് വലുതാണെന്ന് മന്ത്രി പറഞ്ഞു. 1960ലെ സ്റ്റാഫ് പാറ്റേണ്‍ മാറ്റി രോഗീസൗഹൃദമാക്കാനുള്ള നപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. നഴ്‌സുമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി 1595 പുതിയ തസ്തികകളാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്.
നഴ്‌സിംഗ് അധ്യാപക മേഖലയില്‍ 33 തസ്തികകള്‍ ഉള്‍പ്പെടെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ 1030 തസ്തികകളും ആരോഗ്യവകുപ്പില്‍ 5 ഹെഡ് നഴ്‌സ് തസ്തിക അടക്കം 565 തസ്തികകളാണ് സൃഷ്ടിച്ചത്. വളരെ കാലമായി മുടങ്ങി കിടക്കുന്നിരുന്ന ജില്ലാ നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് സൂപ്രണ്ട് തസ്തികകള്‍, ഹെഡ് നഴ്‌സ്, നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് 2 തസ്തികകള്‍ എന്നീ വിഭാഗങ്ങളില്‍ പ്രമോഷന്‍ നടത്തി. ഇതുവഴി നിരവധി ഗ്രേഡ് 2 സ്റ്റാഫ് നഴ്‌സുമാര്‍ക്ക് പി. എസ്. സി വഴി നിയമനം നടത്താനായി.
ആര്‍ദ്രം മിഷന്‍ വഴി കുടുംബാരോഗ്യ കേന്ദ്രമാക്കി ആദ്യഘട്ടം ഉയര്‍ത്തിയ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 340 സ്റ്റാഫ് നഴ്‌സ് തസ്തികയാണ് സൃഷ്ട്ടിച്ചത്. താലൂക്ക് ജില്ലാ ആശുപത്രികളിലേക്കായി ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി 197 നഴ്‌സ് തസ്തികകള്‍ 2017 ല്‍ സൃഷ്ട്ടിച്ചു.
വളരെ കാലമായുള്ള നഴ്‌സിംഗ് വിഭാഗത്തിന്റെ ആവശ്യമായിരുന്ന യൂണിഫോം പരിഷ്‌കരണം ഹെഡ് നഴ്‌സ്, നഴ്‌സിംഗ് വിഭാഗത്തില്‍ നടപ്പിലാക്കി. 1960 ലെ സ്റ്റാഫ് പാറ്റേണ്‍ മാറ്റുന്നതിന്റെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിലേക്ക് ഒറ്റഘട്ടമായി 721 നഴ്‌സുമാരുടെ തസ്തിക സൃഷ്ട്ടിച്ചു. ഇത്തരത്തില്‍ ഒറ്റത്തവണ ഇത്രയും നഴ്‌സ്മാരുടെ തസ്തിക അനുവദിക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇതാദ്യമാണ്.
എറണാകുളം നഴ്‌സിംഗ് കോളേജിന് 24 അധ്യാപക തസ്തിക സൃഷ്ട്ടിച്ചു. അവിടത്തെ നഴ്‌സിംഗ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും 9 അധ്യാപക തസ്തിക സൃഷ്ടിക്കുകയും ചെയ്തു.
പോസ്റ്റ് ബേസിക് നഴ്‌സിംഗിനും, സ്‌പെഷ്യാലിറ്റി നഴ്‌സിംഗിനും ഡെപ്യൂട്ടേഷന്‍ അനുവദിച്ചു. കേരളത്തില്‍ ആദ്യമായി 5 മെഡിക്കല്‍ കോളേജുകളില്‍ ആര്‍.സി.സി മോഡല്‍ ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി 105 തസ്തിക അനുവദിച്ചു. ഇതില്‍ 55 എണ്ണം നഴ്‌സ് തസ്തികകളാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായും തസ്തികകള്‍ സൃഷ്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കെ.ജി.എന്‍.എ. വെസ്റ്റ് ജില്ലാ സെക്രട്ടറി വസന്തകുമാരി സ്വാഗതം ആശംസിച്ചു. കെ. ജ്യോതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, കെ.ജി.എന്‍.എ. സംസ്ഥാന സെക്രട്ടറി പി. ഉഷാ ദേവി, പ്രസിഡന്റ് ടി. സുബ്രഹ്മണ്യം തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha























