മോഹന്‍ലാലിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാൻ ഗൂഢതന്ത്രങ്ങൾ; സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്തിനെതിരെ ചലച്ചിത്ര സംഘടകള്‍

കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയെ പങ്കെടുടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 105 സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ശക്തമായ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തി വിവിധ സിനിമ സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്തില്‍ ഒപ്പിട്ടുവെന്ന് പറയുന്ന നടന്‍ പ്രകാശ്‌രാജ് അടക്കമുള്ളവര്‍ ആ കത്തിനെ കുറിച്ച് തനിക്കറിയില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ കത്തിന്റെ പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്നും സിനിമ സംഘടന ഭാരവാഹികള്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
നടന്‍ മോഹന്‍ലാലിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അത്തരത്തിലുള്ള പ്രസ്താവനകളും സമുഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളുമായി കത്തില്‍ ഒപ്പിട്ടിരിക്കുന്ന ചിലര്‍ ദിവസങ്ങള്‍ക്ക് മുമ്പേ തങ്ങളുടെ അജണ്ട വെളിപ്പെടുത്തിയതാണ്. മോഹന്‍ലാലിനെ ഇതുവരെ പുരസ്‌കാര ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ക്ഷണിക്കപ്പെടാത്ത ഒരാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന അളവിലേക്ക് ചിലരുടെ വിദ്വേഷം വളര്‍ന്നിരിക്കുകയാണ്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ ഒറ്റപ്പെടുത്തി തമസ്‌കരിക്കാനുള്ള എത് ശ്രമത്തെയും പ്രതിരോധിക്കാന്‍ മലയാള ചലച്ചിത്ര മേഖല ഒന്നടങ്കം ഒരേ മനസോടെ മുന്നിട്ടിറങ്ങുമെന്നും കത്തില്‍ പറയുന്നു.
കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ്, കേരള ഫിലി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം.രഞ്ജിത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, ഫിയോക്ക് ജന.സെക്രട്ടറി എം.സി ബോബി, ഫെഫ്ക്ക ജന.സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍, അമ്മ ജന.സെക്രട്ടറി ഇടവേള ബാബു എന്നിവരാണ് മുഖ്യമന്ത്രിക്കുള്ള കത്തില്‍ ഒപ്പു വച്ചിരിക്കുന്നത്.


https://www.facebook.com/Malayalivartha























