ഉദയകുമാർ ഉരുട്ടിക്കൊല ; അഞ്ച് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി ; ശിക്ഷ നാളെ പ്രഖ്യാപിക്കും

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പൊലീസുകാരുടെ ശിക്ഷ സി.ബി.ഐ കോടതി നാളെ പ്രഖ്യാപിക്കും. ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന ഒന്നാം പ്രതിയായ എ.എസ്.ഐ ജിതകുമാര്‍, രണ്ടാം പ്രതിയും സിവില്‍ പൊലീസ് ഓഫീസറുമായ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. വിചാരണക്കിടെ മൂന്നാം പ്രതി സോമന്‍ മരിച്ചതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. നാലാം പ്രതിയായ ഡിവൈ.എസ്.പി.അജിത് കുമാര്‍, മുന്‍ എസ്.പിമാരായ ഇ.കെ.സാബു, ഹരിദാസ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍,വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്.
മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബര്‍ 27 ന് വൈകിട്ട് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ വച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറെന്ന യുവാവ് മരണപ്പെട്ട കേസിലാണ് 13 വര്‍ഷത്തിന് ശേഷം കോടതി വിധി വന്നത്. പാര്‍ക്കില്‍ വച്ച് പൊലീസ് പിടിയിലായ ഉദയകുമാറും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുരേഷും അവരുടെ കൈവശമുണ്ടായിരുന്ന 4000 രൂപയെപ്പറ്റി പരസ്പര വിരുദ്ധമായി പറഞ്ഞതാണ് കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്. ഇതേ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു. ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്.ഐ, സി.ഐ, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവര്‍ ഗൂഢാലോചന നടത്തി വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി സി.ബി.ഐ കണ്ടെത്തി.
https://www.facebook.com/Malayalivartha























