നീലേശ്വരത്ത് ജ്വല്ലറിയില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച രണ്ടംഗ സംഘം സംഭവത്തിന് തലേന്നും സ്ഥലത്തെത്തിയതായി സിസിടിവി ദൃശ്യങ്ങള്‍

നീലേശ്വരത്ത് കെഎംകെ ജ്വല്ലേഴ്‌സില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച രണ്ടംഗ സംഘം സംഭവത്തിനു തലേന്നും സ്ഥലത്തെത്തിയതായി കേസ് അന്വേഷിക്കുന്ന നീലേശ്വരം എസ്‌ഐ, പി.വി.സതീശനും സംഘവും കണ്ടെത്തി. സ്ഥലത്തെ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയത്.
ഇരുവരുടെയും ദൃശ്യം ശനിയാഴ്ച രാത്രി ഒരു മണിക്കും 2 മണിക്കുമിടയിലായാണ് രാജാ റോഡ് അരികില്‍ മേല്‍പ്പാലത്തിനു സമീപത്തെ സിസിടിവിയില്‍ കാണുന്നത്. ജ്വല്ലറിയിലേക്കു തുരന്നിറങ്ങാന്‍ മുകള്‍ നിലയിലെ പെന്‍ഷനേഴ്‌സ് യൂണിയന്‍ ഓഫിസ് തുറന്നു നിലം തുരന്ന സംഘത്തിന്റെ 3 വിരലടയാളങ്ങള്‍ വാതില്‍പ്പിടിയില്‍ നിന്നും മറ്റുമായി കിട്ടിയെങ്കിലും വ്യക്തമല്ല.
മുഖം മറച്ചെത്തിയത് സിസിടിവി ക്യാമറയില്‍ പെടാതിരിക്കാനാണെന്ന് വ്യക്തമാണെന്നതിനാല്‍ പ്രഫഷനല്‍ കവര്‍ച്ചാ സംഘമാണിതെന്നാണ് നിഗമനം. ജ്വല്ലറിയിലേക്ക് തുരന്നിറങ്ങിയ ശേഷം ലോഹ അലമാരകള്‍ മുറിക്കാനാണു ഗ്യാസ് കട്ടര്‍ കരുതിയതും സിലിണ്ടര്‍ എത്തിച്ചതുമെന്നാണു നിഗമനം.
പ്രഫഷനല്‍ കവര്‍ച്ചാ സംഘമാണെന്ന് വ്യക്തമായതോടെ തുടരന്വേഷണത്തിനു ജില്ലാ പൊലീസിലെ ക്രൈംസ്‌ക്വാഡിന്റെ സഹായം തേടി. പ്രഫഷനല്‍ മോഷ്ടാക്കളെക്കുറിച്ചും ഇവരുടെ രീതികളെക്കുറിച്ചും ധാരണയും അന്വേഷണ പരിചയവുമുള്ള സ്‌ക്വാഡില്‍ നിന്ന് 2 അംഗങ്ങള്‍ ആയിരിക്കും നീലേശ്വരത്തെത്തി അന്വേഷണ സംഘത്തെ സഹായിക്കുക.
https://www.facebook.com/Malayalivartha