കേരളത്തിന് ഏതാണ്ട് 50,000-70,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി എന്ന് വിലയിരുത്തപ്പെട്ട ഒന്നാം പ്രളയകാലത്തെങ്കിലും ധൂർത്ത് ഒഴിവാക്കും എന്ന പ്രഖ്യാപനം സർക്കാരിൽ നിന്നുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു..എന്നിട്ടിപ്പോൾ ഭരണമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, ഈ പ്രഹസനം കൊണ്ട് എന്ത് പ്രയോജനം? എന്ത് ആത്മാർത്ഥത? സർക്കാരിനെതിരെ ആഞ്ഞടിച്ച് വി.ടി ബൽറാം എംഎൽഎ

സംസ്ഥാന സർക്കാർ ചെലവ് ചുരുക്കാനുള്ള തീരുമാനങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. ഒരു വർഷം സർക്കാർ സ്ഥാപനങ്ങൾ മോടിപിടിപ്പിക്കില്ല, പുതിയ ഫർണിച്ചറുകൾ വാങ്ങാൻ അനുവാദം നൽകില്ല, ജുഡീഷ്യൽ കമ്മീഷനുകളെ ഒരു കെട്ടിടത്തിലേക്ക് മാറ്റും തുടങ്ങിയ തീരുമാനങ്ങളാണ് കൈകൊണ്ടത്. എന്നാൽ ഇതിനെതിരെ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് വി.ടി ബൽറാം എംഎൽഎ.
'അധികാരത്തിലെത്തി ആദ്യമാസം ഈ സർക്കാരിന് ചെയ്യാമായിരുന്ന കാര്യമാണ് ഇതടക്കമുള്ള ചെലവ് ചുരുക്കൽ നടപടികൾ. കാരണം കേരളത്തിൻ്റെ സാമ്പത്തികാവസ്ഥ തകർച്ചയിലാണെന്ന് പറഞ്ഞ് ധവളപത്രം അവതരിപ്പിച്ചു കൊണ്ടാണ് സർക്കാർ ഭരണം തുടങ്ങിയത് തന്നെ. എന്നാൽ ഭരണപരിഷ്ക്കാര കമ്മീഷനും ഉപദേശിപ്പടയുമടക്കമുള്ള രാഷ്ട്രീയ പുനരധിവാസ പാക്കേജുകളിലൂടെ പൊതു ഖജനാവിന് വമ്പിച്ച ഭാരം അടിച്ചേൽപ്പിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടുപോയത്'- എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അധികാരത്തിലെത്തി ആദ്യമാസം ഈ സർക്കാരിന് ചെയ്യാമായിരുന്ന കാര്യമാണ് ഇതടക്കമുള്ള ചെലവ് ചുരുക്കൽ നടപടികൾ. കാരണം കേരളത്തിൻ്റെ സാമ്പത്തികാവസ്ഥ തകർച്ചയിലാണെന്ന് പറഞ്ഞ് ധവളപത്രം അവതരിപ്പിച്ചു കൊണ്ടാണ് സർക്കാർ ഭരണം തുടങ്ങിയത് തന്നെ. എന്നാൽ ഭരണപരിഷ്ക്കാര കമ്മീഷനും ഉപദേശിപ്പടയുമടക്കമുള്ള രാഷ്ട്രീയ പുനരധിവാസ പാക്കേജുകളിലൂടെ പൊതു ഖജനാവിന് വമ്പിച്ച ഭാരം അടിച്ചേൽപ്പിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടുപോയത്.
ഇനി അഥവാ തുടക്കത്തിൽ ചെയ്തില്ലെങ്കിലും കേരളത്തിന് ഏതാണ്ട് 50,000-70,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി എന്ന് വിലയിരുത്തപ്പെട്ട ഒന്നാം പ്രളയകാലത്തെങ്കിലും ധൂർത്ത് ഒഴിവാക്കും എന്ന പ്രഖ്യാപനം സർക്കാരിൽ നിന്നുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. സാലറി ചലഞ്ച് എന്ന ആശയം അവതരിപ്പിക്കപ്പെട്ടപ്പോളും പൊതുജനങ്ങളിൽ നിന്ന് സംഭാവനക്കായി കൈ നീട്ടിയപ്പോഴും വിദേശ രാജ്യങ്ങളിൽ മന്ത്രിമാർ പിരിവ് നടത്താൻ പോവാൻ തീരുമാനിച്ചപ്പോഴും പ്രതിപക്ഷത്തുനിന്ന് ഞങ്ങളൊക്കെ പറഞ്ഞത് അതെല്ലാം ശരി, പക്ഷേ ആദ്യം സർക്കാർ സ്വന്തം നിലക്ക് ചെലവ് ചുരുക്കി മാതൃക കാട്ടണമെന്നായിരുന്നു. എന്നാൽ, കൊച്ചു കുട്ടികൾ കുടുക്ക പൊട്ടിച്ചും വീട്ടമ്മമാർ ആടിനെ വിറ്റും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കടന്നുവന്ന അക്കാലത്തും പൊതുമുതൽ വച്ചുള്ള ധൂർത്തും ധാരാളിത്തവും പിആർ വർക്കുമായിരുന്നു പിണറായി സർക്കാരിൻ്റെ മുഖമുദ്ര.
തൊട്ടടുത്ത വർഷത്തിലും പ്രളയവും പ്രകൃതിക്ഷോഭവും പതിനായിരക്കണക്കിന് കോടിയുടെ നാശനഷ്ടങ്ങളുണ്ടാക്കിയപ്പോഴും സർക്കാർ ധൂർത്തിൽ ഒരു പ്രതീകാത്മകമായ വെട്ടിക്കുറവ് പോലും ഉണ്ടായില്ല എന്ന് മാത്രമല്ല പരസ്യങ്ങൾക്കും പിആർ വർക്കുകൾക്കുമൊക്കെ ചെലവ് വർദ്ധിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പോലും കോടികൾ ചെലവഴിച്ച് ഒരു പടയെത്തന്നെ നിയോഗിക്കുകയായിരുന്നു. ആദ്യം വേണ്ടെന്ന് വച്ച് മേനി നടിച്ച ചീഫ് വിപ്പ് അടക്കമുള്ള ക്യാബിനറ്റ് പദവികൾ വീണ്ടും കൊണ്ടുവന്നു.
പിന്നീട് കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴും രണ്ടാം തവണയും ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിച്ചുള്ള എളുപ്പപ്പണിയല്ലാതെ സ്വന്തം നിലക്ക് ധൂർത്തിൽ അഞ്ച് രൂപയുടെ കുറവ് പോലും വരുത്താൻ ഈ സർക്കാർ തയ്യാറായില്ല. ഇന്നേവരെ വെറും അഞ്ച് തവണ മാത്രം ഉപയോഗപ്പെടുത്തിയ ഹെലികോപ്റ്ററിൻ്റെ പേരിലും സർക്കാർ ഖജനാവിന് ബാധ്യതയായത് കോടികളാണ്. ഖജനാവിലെ പണം മാത്രമല്ല, 9.73% കൊള്ളപ്പലിശക്ക് സർക്കാർ ഗ്യാരണ്ടിയിൽ കടമെടുത്ത കിഫ്ബിയിലെ പണവും ധൂർത്തിനും പിആർ വർക്കിനുമാണ് ചെലവഴിക്കപ്പെടുന്നത്.
എന്നിട്ടിപ്പോൾ ഭരണമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, ഈ പ്രഹസനം കൊണ്ട് എന്ത് പ്രയോജനം? എന്ത് ആത്മാർത്ഥത?
https://www.facebook.com/Malayalivartha