ഇനിയെല്ലാം മുറപോലെ... കര്‍ഷക സമരം തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി അമിത് ഷാ; പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നത് വൈകും; സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം; കര്‍ഷക സമരം നീളുന്നതിനിടെ ഇതുംകൂടി താങ്ങാനുള്ള ശേഷിയില്ല; അമിത് ഷാ കളം മാറ്റി ചവിട്ടുന്നു; ഇനിയല്‍പം കാത്തിരിപ്പ്

കര്‍ഷക പ്രക്ഷോഭത്തേക്കാളും ഏറെ വിവാദമുണ്ടാക്കിയ ഒന്നായിരുന്നു പൗരത്വ ഭേദഗതി നിയമം. കോവിഡ് വന്നത് കൊണ്ടു മാത്രമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തണുത്തത്. കോവിഡിന് ശേഷം കര്‍ഷക സമരം വരികയും ചെയ്തു. കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ വീണാല്‍ പൗരത്വവും അതുപോലെ വീഴുമെന്നാണ് സമരക്കാര്‍ കണക്ക് കൂട്ടുന്നത്. അതിനാല്‍ തന്നെ ആലോചിച്ച് നടപ്പാക്കാനൊരുങ്ങുകയാണ് അമിത്ഷാ.
രാജ്യത്ത് ഏറെ വിവാദമായ പൗരത്വഭേദഗതി നിയമം ഉടന്‍ നടപ്പാക്കില്ല. 2019 ഡിസംബറില്‍ പാസാക്കിയ നിയമത്തിന്റെ ചട്ടങ്ങള്‍ തയാറാക്കുന്നത് പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദറായ് ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.
ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള സമയപരിധി രാജ്യസഭയിലെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി ഏപ്രില്‍ 9 വരെയും ലോക്‌സഭയില്‍ ജൂലായ് 9 വരെയും നീട്ടി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എം.പി വി.കെ ശ്രീകണ്ഠന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
കോവിഡ് കാരണമാണ് പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നത് വൈകിയതെന്നും കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചശേഷം നിയമം നടപ്പാക്കുമെന്നും കേരളം, അസാം, ബംഗാള്‍ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇക്കഴിഞ്ഞ ഡിസംബറില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പൗരത്വഭേദഗതി നിയമം ഉടന്‍ നടപ്പാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന ചോദ്യം വി.കെ. ശ്രീകണ്ഠന്‍ ഉന്നയിച്ചത്.
നിയമം നിലവില്‍ വന്ന് ആറുമാസത്തിനുള്ളില്‍ ചട്ടങ്ങളും നിയമാവലികളും രൂപീകരിക്കണമെന്നതാണ് പാര്‍ലമെന്ററി ചട്ടം. ഏതെങ്കിലും സാഹചര്യത്തില്‍ ഇത് വൈകുകയാണെങ്കില്‍ സമയം നീട്ടി നല്‍കാന്‍ പാര്‍ലമെന്റിന്റെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയുടെ അനുമതി വാങ്ങണം. 2019 ഡിസംബര്‍ 12ന് പാര്‍ലമെന്റ് പാസാക്കിയ നിയമം കഴിഞ്ഞവര്‍ഷം ജനുവരി 10നാണ് നിലവില്‍ വന്നത്.
അതേസമയം കര്‍ഷക സമരം സഭയെ പ്രഷുബ്ധമാക്കിയിരുന്നു. കര്‍ഷക സമരത്തെത്തുടര്‍ന്ന് സഭ നിറുത്തിവച്ച് കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ഇരുസഭകളും പലതവണ നിറുത്തിവച്ചശേഷം ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വാക്കൗട്ട് നടത്തി. പ്രതിപക്ഷം ഒരുക്കമാണെങ്കില്‍ സഭയ്ക്ക് അകത്തും പുറത്തും കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ലോക്‌സഭയില്‍ പറഞ്ഞു. പാര്‍ലമെന്റ് സുഗമമായി സമ്മേളിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്,ഇ ടത് എം.പിമാരായ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ രാജ്യസഭ നിറുത്തിവച്ച് കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്‌സഭയില്‍ ഇതേ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കൊടിക്കുന്നില്‍ സുരേഷ്, സി.പി.എം നേതാവ് എ.എം ആരിഫ് തുടങ്ങിയവര്‍ നോട്ടീസ് നല്‍കി. പ്രതിപക്ഷ ആവശ്യം രാജ്യസഭയില്‍ ചെയര്‍മാന്‍ വെങ്കയ്യനായിഡു തള്ളി.
തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ആദ്യം 10.30 വരെയും പിന്നീട് 11.30 വരെയും സഭനിറുത്തിവച്ചു. 11.30ന് വീണ്ടും ചേര്‍ന്നപ്പോള്‍ പ്രതിപക്ഷ എം.പിമാര്‍ നടുത്തളത്തിലിറങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സീറ്റിലേക്ക് മടങ്ങണമെന്ന ഡെപ്യൂട്ടിചെയര്‍മാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു.
ഉച്ചയ്ക്ക് ലോക്‌സഭ സമ്മേളിച്ചയുടന്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ബി.എസ്.പി, ആംആദ്മി, തൃണമൂല്‍, ഇടത് എം.പിമാര്‍ മുദ്രാവാക്യങ്ങളുമായി പ്രതിഷേധമുയര്‍ത്തി. ലോക്‌സഭ രണ്ടുതവണ നിറുത്തിവച്ചശേഷം അവസാനം പിരിഞ്ഞു. കര്‍ഷക സമരം ഇതാണെങ്കില്‍ പൗരത്വ സമരം എന്താകുമെന്ന് ഊഹിക്കാനേ വയ്യ.
"
https://www.facebook.com/Malayalivartha























