നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഭീകര ഗ്രൂപ്പ് രൂപീകരിച്ചു... സ്വപ്ന സുരേഷും സരിത്തും ഉള്‍പ്പെടെ ഈ സംഘത്തില്‍ പങ്കാളികളായെന്നു വ്യക്തമാക്കി കുറ്റപത്രം ... മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല

നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഭീകര ഗ്രൂപ്പ് രൂപീകരിച്ചതായും സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതായും എന്‍.ഐ.എ.സ്വപ്ന സുരേഷും സരിത്തും ഉള്‍പ്പെടെ ഈ സംഘത്തില്‍ പങ്കാളികളായെന്നു വ്യക്തമാക്കി കഴിഞ്ഞ ജനുവരി അഞ്ചിന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണായക വിവരം.
അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. സ്വര്‍ണക്കടത്തിനായാണ് ഭീകരഗ്രൂപ്പ് രൂപീകരിച്ചത്. ഇവര്‍ പരസ്പരം സഹായിച്ചു പ്രവര്‍ത്തിച്ചു.
2019 മുതല്‍ തുടരുന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക കെട്ടുറപ്പും തകര്‍ക്കുകയെന്ന ലക്ഷ്യവും പ്രതികള്‍ക്കുണ്ടായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. 167 കിലോ സ്വര്‍ണം നയതന്ത്ര ചാനല്‍ വഴി കടത്തി. വന്‍തോതില്‍ സ്വര്‍ണം കടത്തുന്നത് രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ദോഷകരമാകുമെന്ന് അറിഞ്ഞുതന്നെയായിരുന്നു പ്രവര്‍ത്തനം.
ഇന്ത്യയും യു.എ.ഇയുമായുള്ള സൗഹൃദബന്ധം തകര്‍ക്കാനും ശ്രമിച്ചു. പ്രതികളുടെ ഭീകരബന്ധത്തെക്കുറിച്ചുള്ള വിശദ അന്വേഷണത്തിനു ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്.
സ്വദേശത്തും വിദേശത്തും നിന്ന് പണം പിരിച്ച് യു.എ.ഇയില്‍ നിന്ന് സ്വര്‍ണം കടത്തി ഇന്ത്യയില്‍ വിറ്റഴിച്ചു സ്വരൂപിച്ച തുക 'റിവേഴ്‌സ് ഹവാല'യായി തിരിച്ചു കടത്തിയതായാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. വീണ്ടും സ്വര്‍ണം വാങ്ങാനും കടത്താനും തുക വിനിയോഗിച്ചു. ഭീകരബന്ധത്തിന്റെ പേരില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ സെക്ഷന്‍ 20 കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.
ഭീകര സംഘടനയിലോ സംഘത്തിലോ അംഗമായി എന്നതാണ് സെക്ഷന്‍ പ്രകാരമുള്ള കുറ്റം.20 പ്രതികള്‍ക്കും നിയമവിരുദ്ധ ബന്ധങ്ങള്‍ പ്രതികളായ 20 പേര്‍ക്കും വിദേശത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധങ്ങളുള്ളതിന് രേഖകള്‍ ലഭിച്ചതായി എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യയിലേയ്ക്ക് സ്വര്‍ണം വാങ്ങാനും കള്ളക്കടത്തിനും ഇവര്‍ ഒത്താശ നല്‍കി.
യു.എ.ഇയില്‍ പങ്കാളിയായിരുന്ന മൂവാറ്റുപുഴ സ്വദേശി റബിന്‍സിനെ ഇന്ത്യയിലെത്തിച്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫൈസല്‍ ഫരീദ് അവിടെ ജയിലിലാണ്. വിദേശത്തുള്ള എട്ടു പേര്‍ ഉള്‍പ്പെടെ പ്രതികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് വിചാരണ നേരിടണം. വിചാരണയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha























