പാര്‍ട്ടി കോട്ടയില്‍ ശോഭയോടെ... കാട്ടായിക്കോണത്ത് ബിജെപിക്കാരെ അടിച്ചോടിച്ച് കയ്യടക്കാനുള്ള സിപിഎമ്മിന്റെ പതിവ് ശ്രമത്തെ ശോഭ സുരേന്ദ്രന്‍ പൊളിച്ചടുക്കി; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിട്ടും പാര്‍ട്ടിക്കാരെ അറസ്റ്റ് ചെയ്തു; ഉന്നത ഇടപെടല്‍ നടത്തിയിട്ടും ഒരാളെ റിമാന്‍ഡ് ചെയ്തു; തെരഞ്ഞെടുപ്പിന് ശേഷവും ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രന് വലിയ ഭീഷണിയായിരുന്ന ശോഭ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പിന് ശേഷവും അത് നിലനിര്‍ത്തുകയാണ്. സിപിഎമ്മിന്റെ തലസ്ഥാനത്തെ ഉരുക്ക് കോട്ടയായ കാട്ടായിക്കോണത്ത് കടകംപള്ളിയെപ്പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ് ശോഭ സുരേന്ദ്രന്‍.
എല്ലാ തെരഞ്ഞെടുപ്പിലും പ്രശ്‌നങ്ങളുണ്ടാകുന്ന കാട്ടായിക്കോണത്ത് ശോഭ ഇത്തവണ വിട്ടുകൊടുത്തില്ല. അതോടെ പോലീസുകാര്‍ക്ക് സഖാക്കളെ പിടികൂടുകയല്ലാതെ മാര്‍ഗമില്ലെന്നായി.
കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തു. ഇതുപോലെ കാപട്യക്കാരനെ താന്‍ കണ്ടിട്ടില്ല. കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടല്‍ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി, കേരള പൊലീസിന് മുകളില്‍ ഒരു പൊലീസുണ്ടെന്ന് കടകംപള്ളിയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു. കേന്ദ്ര ഇടപെടല്‍ കൊണ്ടാണ് പൊലീസ് നടപടിക്ക് തയാറായത്. തനിക്ക് വോട്ട് ചെയ്യാന്‍ പോലും കഴിഞ്ഞില്ല. കടകംപള്ളി പറഞ്ഞാല്‍ പൊലീസ് തൊപ്പി ഊരി പാര്‍ട്ടി നേതാക്കളുടെ തലയില്‍ വെച്ചു കൊടുക്കുമെന്ന് ഇനി കരുതണ്ട എന്നും ശോഭ പറഞ്ഞു. ബിജെപി ഏജന്റുമാരെ പോലെ പൊലീസ് പെരുമാറിയെന്ന് കടകംപള്ളി ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ദിവസം കഴക്കൂട്ടം കാട്ടായിക്കോണത്ത് വലിയ സംഘര്‍ഷമാണ് ഉണ്ടായത്. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷം വോട്ടിംഗ് സ്തംഭിപ്പിക്കാന്‍ വേണ്ടിയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
പൊലീസ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ എന്നും കടകംപള്ളി ചോദിച്ചു. രാജാവിനെക്കാള്‍ വലിയ രാജഭക്തി പൊലീസ് കാണിച്ചോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാട്ടായിക്കോണത്ത് രാവിലെ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വൈകുന്നേരവും സംഘര്‍ഷത്തിലേക്ക് നയിച്ചത്. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു എന്നുപറഞ്ഞായിരുന്നു സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു.
വാഹനം മാറ്റാനുളള പൊലിസീന്റെ ശ്രമം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. മന്ത്രിയും കഴക്കൂട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു. അക്രമികളെ പിടികൂടാതെ പ്രദേശവാസികളെയാണ് പൊലീസ് കസ്റ്റഡിയെലെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം സിസിടിവി ദൃശ്യത്തില്‍ കാറില്‍ വന്നവര്‍ ആക്രമിച്ചില്ലെന്നാണ് തെളിഞ്ഞത്. ഇതോടെ കാറിനെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തു.
ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ബിജെപി പരാതി നല്‍കിയിരുന്നു. രാവിലെ ബൂത്ത് ഏജന്റുമാരായ സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഒരാള്‍ക്ക് പരിക്കേറ്റെന്നുമാണ് ബിജെപി ആരോപിച്ചത്. തുടര്‍ന്ന് പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു.
ബിജെപിയുടെ പ്രധാനനേതാക്കള്‍ സ്ഥലത്തേക്ക് എത്തിയിരുന്നു. കഴക്കൂട്ടം ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ സ്ഥലത്തെത്തിയിരുന്നു. തൃശൂരില്‍ വോട്ട് ചെയ്യാന്‍ പോകുന്നത് റദ്ദാക്കിയാണ് ശോഭാ സുരേന്ദ്രന്‍ സംഭവ സ്ഥലത്തെത്തിയത്.
കാട്ടായിക്കോണത്ത് നേരത്തെയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്‌ളക്‌സ് ബോര്‍ഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പരാതികള്‍ നല്‍കിയിട്ടുണ്ട്.
കടംപള്ളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പൊലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും ശോഭ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അടിയന്തരമായി ക്രമിനലുകളെ കസ്റ്റഡിയില്‍ എടുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ കേന്ദ്രത്തെ അടക്കം വിളിച്ചു. അവസാനം കേന്ദ്ര സേന എത്തിയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.
"
https://www.facebook.com/Malayalivartha