ഐ എസ് ആർ ഓ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന.... സിബി മാത്യുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് സിബിഐ, ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സി ബി ഐ, നമ്പി നാരായണനെ പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും സി ബി ഐ,കേസ് ഡയറിയും ജസ്റ്റിസ് ജയിൻ കമ്മിറ്റി റിപ്പോർട്ടും ഹാജരാക്കി

രാജ്യത്തെ പിടിച്ചു കുലുക്കി കോളിളക്കം സൃഷ്ടിച്ച ഐ എസ് ആർ ഒ വ്യാജ ചാര വൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ നാലാം പ്രതിയായ സിബി മാത്യുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് സി ബി ഐ തിരുവനന്തപുരം ജില്ലാ കോടതിയിൽ.
വ്യാജ ചാരക്കേസിനു പിന്നിലുള്ള ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സി ബി ഐ പ്രോസിക്യൂട്ടർ മനോജ് കുമാർ വാദിച്ചു.
പ്രതിയെ ചോദ്യം ചെയ്യാൻ അറസ്റ്റ് ആവശ്യമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് സിബി ഐ നിലപാട് വ്യക്തമാക്കിയത്. തുടർവാദം 26 ന് കേൾക്കും. ഗൂഢാലോചന കേസിലെ കേസ് ഡയറി ഫയലും ജസ്റ്റിസ് ജയിൻ കമ്മിറ്റി റിപ്പോർട്ടും സിബിഐ മുദ്രവച്ച കവറിൽ ഹാജരാക്കി.
ഗൂഢാലോചന കേസിലെ നാലാം പ്രതി സിബി മാത്യുവിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. കൃഷ്ണകുമാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് രേഖകൾ സി ബി ഐ ഹാജരാക്കിയത്. മുൻകൂർ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് സിബിഐ ശക്തമായി വാദിച്ചു. ജാമ്യം അനുവദിക്കുന്ന പക്ഷം കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ കണ്ടെത്താനാവില്ല.
സി ബി മാത്യൂസടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. മുൻകൂർ ജാമ്യം അനുവദിച്ചാൽ സാക്ഷികളെയും തെളിവുകളയും സ്വാധീനിക്കാനിടയാകും. ലോകരാജ്യങ്ങളിൽ പ്രശസ്തമായ ഇന്ത്യൻ ബഹിരാകാശ മേഖലയിലെ ഇന്ത്യൻ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനമടക്കം തടസ്സപ്പെടുത്തിയ സാഹചര്യമാണ് നമ്പി നാരായണൻ്റെ അറസ്റ്റും വ്യാജ ചാരക്കേസും വന്നതോടു കൂടി ഉണ്ടായതെന്നും ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുന്നതിനായി ലഭിക്കേണ്ടതുണ്ടെന്നും ജാമ്യത്തെ എതിർത്ത് സി ബി ഐ പ്രോസിക്യൂട്ടർ മനോജ് കുമാർ ബോധിപ്പിച്ചു.
നമ്പി നാരായണൻ്റെയും ഫൗസിയ ഹസൻ്റെയും മറിയം റഷീദയുടെയും പ്രാഥമിക വാദം പൂർത്തിയായി. സി ബി ഐ യുടെയും സിബി മാത്യുവിൻ്റെയും മറുപടി വാദത്തിനായി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
സിബിഐയുടെ അറസ്റ്റ് ഭയന്നുള്ള നാലാം പ്രതി മുൻ അന്വേഷണ സംഘത്തലവനായ ഡി. ഐ. ജി. സിബി മാത്യുവിൻ്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേയാണ് സിബിഐ നിലപാടിയിച്ചത്.
അതേ സമയം സിബി മാത്യുവിന് മുൻകൂർ ജാമ്യം നൽകരുതെന്നും ഹർജി തള്ളണമെന്നും നമ്പി നാരായണൻ ജൂലൈ 2 ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബോധിപ്പിച്ചു. ചാരക്കേസിലെ ഇരകളും മാലി വനിതകളുമായ മറിയം റഷീദയും ഫൗസിയ ഹസനും സമർപ്പിച്ച കക്ഷി ചേരൽ ഹർജി അനുവദിച്ച കോടതി ഇരുവരെയും കക്ഷി ചേർക്കാൻ ഉത്തരവിട്ടു.
തങ്ങളെ ചാരവനിതകളായി മുദ്ര കുത്തി ശാസ്ത്രജ്ഞരെ ചേർത്ത് വച്ച് വ്യാജ ചാരക്കേസുണ്ടാക്കി പോലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചതിൻ്റെ പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും അതിനാൽ സിബി മാത്യൂസടക്കമുള്ളവരെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നും അതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ടു. തന്നെ സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയൻ പീഡിപ്പിക്കാൻ ശ്രമിച്ചതായും മറിയം റഷീദ ബോധിപ്പിച്ചു. സി ബി ഐ ഉൾപ്പെടെയുള്ളവരുടെ വിശദവാദം ജൂലൈ 14 ന് കേൾക്കും.
ഇന്ത്യൻ ബഹിരാകാശ സംവിധാനത്തെയും ഐ എസ് ആർ ഓ യെയും പിന്നോട്ടടിക്കാൻ കൃത്രിമമായി ചമച്ച വ്യാജ ചാര വൃത്തിക്കേസിൻ്റെ പിന്നിൽ പ്രവർത്തിച്ച മാസ്റ്റർ മൈൻഡ് (ബുദ്ധികേന്ദ്രം) സിബി മാത്യുവാണ്. യാതൊരു തെളിവോ രേഖയോ വസ്തുതയോ ഇല്ലാതെ ഉന്നത ഗൂഢാലോചനയെ തുടർന്ന് സിബി മാത്യുവിൻ്റെ നിയമവിരുദ്ധ ഗൂഢലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സിബി മാത്യുവിൻ്റെ നിർദ്ദേശപ്രകാരം തന്നെ അറസ്റ്റ് ചെയ്ത് അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ചതായും കക്ഷി ചേരൽ ഹർജിയിൽ നമ്പി നാരായണൻ ചൂണ്ടിക്കാട്ടി. കളവായും കൃത്രിമമായും ഉണ്ടാക്കിയ ഐ എസ് ആർ ഓ ചാരക്കേസിലെ പ്രതികളായ 5 പോലീസുദ്യോഗസ്ഥരും നിയമവിരുദ്ധമായി തന്നെ അറസ്റ്റ് ചെയ്ത് കഠിനമായി പീഡിപ്പിച്ചു.
അതിനാൽ മുൻകൂർ ജാമ്യത്തിന് നാലാം പ്രതി അർഹനല്ല. സുപ്രീം കോടതി ഉത്തരവ് പ്രകാരം രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസിൽ ഉന്നത ഗൂഡാലോചന വെളിച്ചത്തു കൊണ്ടുവരാൻ സിബി മാത്യുവിനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. മുൻ ഡിജിപിയെന്ന ഉന്നത പദവിയും പോലീസ് സംവിധാനങ്ങളുമായുള്ള പ്രതിയുടെ തുടർച്ചയായ ബന്ധങ്ങളും കണക്കിലെടുത്ത് മുൻകൂർ ജാമ്യം തള്ളണമെന്നും മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നമ്പി നാരായണൻ സമർപ്പിച്ച കക്ഷി ചേരൽ ഹർജിയിൽ ബോധിപ്പിച്ചു.
ഇരയും പരാതിക്കാരനുമായ നമ്പി നാരായണനെ കേൾക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ കക്ഷി ചേരൽ ഹർജി അനുവദിച്ച് അദ്ദേഹത്തെ കക്ഷി ചേർക്കാൻ ഉത്തരവിട്ടു. സി ബി ഐ നിലപാട് രേഖാമൂലം ഫയൽ ചെയ്തു.
ഗൂഢാലോചന കേസന്വേഷിക്കുന്ന ഡൽഹി പ്രത്യേക സി ബി ഐ സംഘം തലസ്ഥാനത്തെത്തി അന്വേഷണം ആരംഭിച്ചു. നമ്പി നാരായണൻ്റെയും മറ്റു സാക്ഷികളുടെയും മൊഴിയെടുത്തു. പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തയ്യാറെടുപ്പ് ആരംഭിച്ചതായി സൂചനയുണ്ട്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ പിന്നോട്ടടിക്കാൻ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരെ സംശയനിഴലിൽ നിർത്തി ഇന്ത്യൻ ക്രയോജനിക് സാങ്കേതിക വിദ്യ അട്ടിമറിക്കാൻ കേരള പോലീസ് ശ്രമിച്ചതിൻ്റെ ഫലമായി മെനഞ്ഞെടുത്ത കള്ളക്കേസാണ് വ്യാജ ചാരക്കേസ്.
ചാരക്കേസ് കാരണം ഇന്ത്യൻ ബഹിരാകാശ മേഖല വളർച്ച മുരടിച്ച നിലയിലായി. മാലി സ്വദേശിനി മറിയം റഷീദയെ വിസാ കാലാവധി തീരാൻ 5 ദിവസം ബാക്കി നിൽക്കെ തമ്പാനൂർ ഹൊറൈസൺ ഹോട്ടലിൽ നിന്ന് പൊക്കിയത് കേരളാ പോലീസ് സംഘമാണ്. എഫ് ഐ ആർ (ക്രൈം) പോലും രജിസ്റ്റർ ചെയ്യാതെ 5 ദിവസം അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ച ശേഷം വിസാ കാലാവധി തീർന്നിട്ടും കേരളത്തിൽ തങ്ങിയതായി വരുത്തി ഫോറിനേഴ്സ് ആക്റ്റ് പ്രകാരം വ്യാജ കേസെടുത്ത് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയതായും സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ജയിൻ കമ്മിറ്റി കണ്ടെത്തി.
കമ്മിറ്റി സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുള്ളതായി അറിയുന്നു. 5,000 രൂപ പെറ്റിയടിച്ച് തീരാവുന്ന കേസിനെ കേരളാ പോലീസ് അന്നത്തെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹബീബുള്ളയെക്കൊണ്ട് കോടതിയിൽ ജാമ്യഹർജിയെ ശക്തമായി എതിർത്തു. തുടർന്ന് കോടതി പ്രതിയുടെ ജാമ്യഹർജി തള്ളി റിമാൻ്റ് ചെയ്യുകയായിരുന്നു. തുടർന്നാണ് തുമ്പ ഐ എസ് ആർ. ഒ ശാസ്ത്രജ്ഞരായ നമ്പി നാരായണനെയും ശശികുമാറിനെയും ചേർത്ത് മസാല ചേർത്ത ചാരക്കഥ മെനഞ്ഞത്.
കേരളാ പോലീസിൻ്റെ ഭാവനയിൽ വിരിഞ്ഞ സാങ്കൽപ്പിക അപസർപ്പക കഥകൾ മെനഞ്ഞ് പത്ര ദൃശ്യമാധ്യമങ്ങൾക്ക് നൽകി ആഘോഷമാക്കി. കേരളാ പോലീസ് ഉദ്യോഗസ്ഥർ കേസന്വേഷണത്തിൻ്റെ പേരിൽ മാധ്യമ ശ്രദ്ധ നേടുകയായിരുന്നു ഉദ്ദേശ്യമെന്ന ആരോപണവുമുയർന്നിട്ടുണ്ട്. തന്നെ സി ബി ഐ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ പീഡിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ സി ബി ഐ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കാൻ സി ബി ഐ ക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതി മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി(ഗൂഡാലോചന) , 167 (പൊതുസേവകൻ തെറ്റായ രേഖ തയ്യാറാക്കുന്നത്) , 218 (ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കുന്നതിന് തെറ്റായ റെക്കോർഡ് തയ്യാറാക്കുന്നത്) , 195 ( തടവ് ശിക്ഷാ കുറ്റം സ്ഥാപിക്കുന്നതിന് വേണ്ടി വ്യാജ തെളിവ് നൽകലും നിർമ്മിക്കലും) , 348 ( ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങാൻ അന്യായ തടങ്കലിൽ വെക്കൽ) , 477 A (കണക്കുകളുടെ വ്യാജീകരണം) , 506 (1) ( കുറ്റകരമായ ഭയപ്പെടുത്തൽ) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സി ബി ഐ കേസെടുത്തത്.
ഗൂഢാലോചന നടത്തി നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കി അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ചതിനും മറ്റുമായി 18 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ന്യൂ ഡെൽഹി സിബിഐ കേസെടുത്ത് എഫ് ഐ ആർ , എഫ് ഐ എസ് തുടങ്ങിയ രേഖകൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ജൂൺ 24 ന് സിബിഐ സമർപ്പിച്ചിരുന്നു.
ചാരക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതി ചേർക്കപ്പെട്ട ഫൗസിയ ഹസനും രംഗത്തു വന്നിരുന്നു. അന്നത്തെ പോലീസുദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചാണ് നമ്പി നാരായണനെതിരെ വ്യാജ മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയതെന്നായിരുന്നു വെളിപ്പെടുത്തൽ. ശാസ്ത്രജ്ഞൻമാരായ നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്.
ഐ.എസ്.ആർ.ഒ രഹസ്യങ്ങൾ ചോർത്തിക്കിട്ടാൻ ഇവർക്ക് ഡോളർ നൽകിയെന്ന് പറയാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. അതിന് വിസമ്മതിച്ചപ്പോൾ പോലീസുദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു. മാറിലും കാലിലുമെല്ലാം അടിക്കുകയും ക്രൂരമായ മർദ്ദനമുറകൾ പ്രയോഗിക്കുകയും ചെയ്തു. മംഗലാപുരത്ത് പഠിക്കുന്ന തൻ്റെ മകളെ തൻ്റെ മുന്നിലിട്ട് ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഗതികെട്ടാണ് പോലീസ് ക്യാമറക്കു മുന്നിൽ വ്യാജ മൊഴി നൽകിയത്. എല്ലാവരും ചേർന്ന് തന്നെ ചാര വനിതയാക്കി. തൻ്റെ വ്യാജ കുറ്റസമ്മത മൊഴി പോലീസ് വീഡിയോയിൽ പകർത്തി. ആ സമയത്ത് തനിക്ക് നമ്പി നാരായണൻ്റെ പേരു പോലും അറിയില്ലായിരുന്നു. അപ്പോൾ ക്യാമറക്ക് പിന്നിൽ നിന്ന് നമ്പി നാരായണൻ്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താൻ ആ പേര് വായിച്ചത്. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയിൽ വച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി.
കൊടിയ മർദ്ദനമുറകളാണ് നമ്പി നാരായണന് മേലും പ്രയോഗിച്ചത്. നാരങ്ങാ വെള്ളത്തിൽ മനുഷ്യ മൂത്രം കുടിപ്പിച്ചും മൂന്നാം മുറ പ്രയോഗിച്ചും വ്യാജ ചരക്കഥകൾ മെനഞ്ഞ് പ്രസ് റിലീസ് നൽകിയും പോലീസുദ്യോഗസ്ഥർ കേസന്വേഷണം ആസ്വദിച്ചു. വായ് മൊഴിയാലോ രേഖാമൂലമായോ ഉള്ള യാതൊരു തെളിവും കണ്ടെത്താനോ ഹാജരാക്കാനോ സാധിച്ചതുമില്ല.
വ്യാജ ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട ഫൗസിയാ ഹസൻ തന്നെ സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയനക്കമുള്ളവർ കസ്റ്റഡിയിൽ പീഡിപ്പിച്ചത് സംബന്ധിച്ച് ഏഷ്യാനെറ്റ് റ്റി.വി. ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെ എസ്. വിജയൻ ഫയൽ ചെയ്ത അപകീർത്തിക്കേസിൽ 1995 ൽ അന്നത്തെ എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എസ്. പരദേശി ത്യാഗരാജൻ ഫൗസിയ ഹസനെ വെറുതെ വിട്ടു.
മുൻ ഡിഐജി സിബി മാത്യൂസ് , പേട്ട സ്പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയൻ , വഞ്ചിയൂർ എസ്. ഐ തമ്പി. എസ് ദുർഗാ ദത്ത് , സിറ്റി പോലീസ് കമ്മീഷണർ വി. ആർ. രാജീവൻ , ഡിവൈഎസ്പി കെ.കെ. ജോഷ്വ , സ്റ്റേറ്റ് ഇൻ്റലിജൻറ്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ , ഇൻറലിജൻ്റ്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ , അസിസ്റ്റൻ്റ് ഡയറക്ടർ സി.ആർ.ആർ.നായർ , ഡി സി ഐ ഒ ജി.എസ്. നായർ , ബി സി ഐ ഒ കെ.വി. തോമസ് , കൊച്ചി ഐ ബി ഡെപ്യൂട്ടി സെൻട്രൽ ഇൻലിജൻ്റ്സ് ഓഫീസർ എസ്. ജയപ്രകാശ് , ക്രൈം ബ്രാഞ്ച് നർക്കോട്ടിക് സെൽ എസ്.പി. ജി. ബാബുരാജ് , ജോയിൻ്റ് ഡയറക്ടർ മാത്യു ജോൺ , ഡി സി ഐ ഒ ജോൺ പുന്നൻ , ബേബി , സ്പെഷ്യൽ ബ്രാഞ്ച് എ റ്റി ഐ ഒ ഡിൻ്റ മത്യാസ് , സ്റ്റേറ്റ് ഇൻറലിജൻ്റ്സ് ബ്യൂറോ വി. കെ. മായിനി , സിബിസിഐഡി എസ് ഐ എസ്. ജോഗേഷ് എന്നിവരെ പ്രതിചേർത്താണ് സിബിഐ കേസെടുത്തത്.
നിരപരാധികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും അച്ചടി - ദൃശ്യ മാധ്യമ ജന ശ്രദ്ധയാകർഷിക്കാനായി വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി മാധ്യമങ്ങൾക്ക് ഇൻ്റർവ്യൂ നൽകിയും പത്രവാർത്ത നൽകിയും പേരെടുക്കുന്ന പോലീസുദ്യോസ്ഥർക്കുള്ള ഗുണപാഠവും മുന്നറിയിപ്പുമാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്. ഊഹാപോഹങ്ങൾ വെച്ചും കേട്ടുകേൾവി വച്ചും യാതൊരു തെളിവുമില്ലാതെ ഒരു വ്യക്തിയെ സമൂഹമധ്യത്തിൽ സംശയത്തിൻ്റെ കരിനിഴലിൽ നിർത്തി തേജോവധം ചെയ്യുന്ന പോലീസുദ്യോഗസ്ഥർക്കുള്ള താക്കീതുകൂടിയാണ് സുപ്രീം കോടതി വിധിന്യായം.
"
https://www.facebook.com/Malayalivartha