രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത് നൂറുദിന കര്‍മ്മ പദ്ധതി.... ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയാണ് പുതിയ കര്‍മ്മ പദ്ധതികള്‍, നാലര ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങള്‍, ഉന്നത നിലവാരത്തില്‍ ഉള്ള 53 സ്‌കൂളുകള്‍ നാടിനു സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി

പുതിയ നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത് നൂറുദിന കര്‍മ്മ പദ്ധതിയാണിത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയാണ് പുതിയ കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1557 പദ്ധതികളാണ് നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലൈഫ് മിഷന്‍ വഴി 20,000 വീടുകള്‍ നിര്‍മിച്ചു നല്‍കും. സംസ്ഥാനത്ത് വാതില്‍പ്പടി സംവിധാനം കൊണ്ട് വരുമെന്നും എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടല്‍ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലില്‍ ബണ്ടു നിര്‍മാണം തുടങ്ങും. നാലര ലക്ഷത്തിലധികം പുതിയ തൊഴിലവസമാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ കൊണ്ടുവരും. ഉന്നത നിലവാരത്തില്‍ ഉള്ള 53 സ്‌കൂളുകള്‍ നാടിനു സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
15,000 പേര്‍ക്ക് പട്ടയം നല്‍കും. ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ തുടങ്ങും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 10,000 ഹെക്റ്ററില്‍ ജൈവ കൃഷി തുടങ്ങും. 23 പുതിയ പോലീസ് സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടും.
ഇടുക്കിയില്‍ എന്‍സിസി സഹായത്തോടെ നിര്‍മിച്ച എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും. മത്സ്യ തൊഴിലാളികള്‍ക്കുള്ള 532 വീടുകളുടെ താക്കോല്‍ ദാനം നല്‍കും. കോഴിക്കോടും കൊല്ലത്തും മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കിഫ്ബി വഴി ശബരിമല ഇടത്താവളങ്ങള്‍ നവീകരിക്കും. ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും. 1500 റോഡുകളുടെ ഉദ്ഘാടനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha






















