ജീവനക്കാര്‍ക്ക് ആശ്വാസമാകുന്നു.. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം നാളെ മുതല്‍... കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമെന്ന് ഗതാഗത മന്ത്രി
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്പളം കൊടുക്കാനാകില്ലെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും മന്ത്രി.
കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ധനമന്ത്രിയുമായി ഇന്നും ചര്‍ച്ച നടത്തി.
അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നല്കി. ഹൈദരാബാദിലുള്ള ധനമന്ത്രി ഇന്ന് തിരികെയെത്തിയാലുടന്‍ ഇക്കാര്യത്തില്‍ താന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ.എസ്.ആര്.ടി.സി നല്കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും പൊതുമേഖല എണ്ണക്കമ്പനികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കെഎസ്ആര്‍ടിസി-സ്വിഫ്റ്റിന് 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങുവാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായും കിഫ്ബിയില്‍ നിന്ന് നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകള്‍ വാങ്ങുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
കെഎസ്ആര്‍ടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. 2017-ന് ശേഷം ഈ വര്‍ഷമാണ് 116 പുതിയ ബസുകള്‍ വാങ്ങി കെഎസ്ആര്‍ടിസി-സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്.
പുതിയ 700 ബസ്സുകള്‍ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും കെഎസ്ആര്‍ടിസിയുടെ വരുമാനം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha