കൊടുംചൂട് കൂടും... പുറത്തിറങ്ങിയാല്‍ മരണം സംഭവിക്കാം..!
പുറത്തിറത്തേക്ക് ഇറങ്ങിയാല്‍ മനുഷ്യരും മൃഗങ്ങളും മരിച്ചുവീഴാവുന്ന ഭയാനകമായ സ്ഥിതിയിലേക്ക് കേരളം ചുട്ടുപൊള്ളുകയാണ്. ഉഷ്ണതരംഗത്തില്‍ മൂന്നു പേര് മരിച്ചുവീണതിനു പിന്നാലെ ഇനിയും കേരളത്തില്‍ താപനില കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. ഇപ്പോഴത്തെ പകല്ച്ചൂടില് ഒരു മണിക്കൂര്‍ തുടരെ നടക്കുകയോ ജോലി ചെയ്യുകയോ ചെയ്താല്‍ മനുഷ്യന് മരിച്ചുവീഴാനുള്ള സാധ്യത ഏറെയാണ്. ജനങ്ങള്‍ വീടുകളുടെ പുറുത്തിറങ്ങി നേരിട്ട് സൂര്യന്റെ കൊടുംചൂട് കൊള്ളരുതെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.
മേയ് പത്തുവരെ കേരളത്തില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത വിധം ഭയാനകമായ പകല്‍ച്ചൂട് തുടരുമെന്നാണ് സൂചനകള്‍. കേരളത്തില്‍ ആറ് ജില്ലകളില്‍ റിക്കാര്‍ഡ് താപനില ഞായറാഴ്ച രേഖപ്പെടുത്തിയതിനു പിന്നാലെ ഇന്നും നാളെയും ചൂട് വിണ്ടും ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. താപനില അഞ്ചു ഡിഗ്രി അഞ്ചു ദിവസം തുടര്‍ച്ചയായി കൂടുമ്പോഴാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് ദിവസം ചൂട് 40 ഡിഗ്രി വരെയെത്തുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്ട് 41 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച പാലക്കാട്ട് താപനില ഇന്നും നാളെയും 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ശനിയാഴ്ച പാലക്കാട്ട് രേഖപ്പെടുത്തിയത് 41.8 ഡിഗ്രിയാണ്. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള കൊല്ലം ജില്ലയിലെ പുനലൂരും തൃശൂരും വരുംദിവസങ്ങളില്‍ 41 ഡിഗ്രിവരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ വേനല്മഴകൊണ്ടൊന്നും കേരളം നേരിടുന്ന കൊടുംചൂടിന് ശമനം പ്രതീക്ഷിക്കേണ്ടതില്ല. സംസ്ഥാനത്തെ വേനല്‍മഴയില്‍ 62 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്.
178.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 150.3 മില്ലീ മീറ്ററാണ് കിട്ടിയത്. കേരളത്തില്‍ കോട്ടയം ജില്ലയില്‍ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. ഏറ്റവും കുറവ് മലപ്പുറത്താണ്. 98 ശതമാനം കുറവുണ്ടായി. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ 90 ശതമാനം മഴ ലഭിച്ചില്ല. പാലക്കാട് ലഭിക്കേണ്ടിയിരുന്നത് 98.4 മില്ലിമീറ്റര്‍ മഴയാണെങ്കില്‍ പെയ്തത് 16.1 മില്ലീമീറ്റര്‍ മാത്രം. അന്തരീക്ഷ ഈര്‍പ്പം വര്‍ധിച്ചുനില്‍ക്കുന്നതിനാല്‍ ചൂട് മൂലമുള്ള ശാരീരിക അസ്വസ്ഥത വര്‍ധിച്ചുവരികയാണ്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. പാലക്കാട് കുത്തനൂരില്‍ സൂര്യാതപമേറ്റ് കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചതിനു പിന്നാലെയാണ് കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയത്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞതോടെ കേരളം ഭയാനകമായ സ്ഥിതിവിശേഷത്തിലേക്കാണ് നീങ്ങുന്നത്.
മുന്‍പ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു ഇത്തരത്തിലുള്ള പ്രതിഭാസം സംഭവിച്ചിരുന്നത്. ഉഷ്ണതരംഗത്തില്‍ സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാനുള്ള സാധ്യതയും ഏറെയാണ്.
ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിര്‍ത്തി വെക്കുക, ധാരാളമായി വെള്ളം കുടിക്കുക, അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക തുടങ്ങിയ സുരക്ഷാ മുന്നറിയിപ്പുകളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കരുതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിര്‍ദേശം . അടുത്ത ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാദ്ധ്യതയില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നേരിയ മഴ ലഭിക്കുമെന്നാണ് സൂചനയെങ്കിലും ഇപ്പോഴത്തെ പകല്ച്ചൂടിന് ഉട നെയൊന്നും ശമനമുണ്ടാകാന്‍ സാഹചര്യമില്ല.
https://www.facebook.com/Malayalivartha