വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...

കൊടും ചൂടിൽ ആശ്വാസമായെത്തിയ വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്. ഇതിൽ തന്നെ 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ ഈ മാസം 18 -ാം തിയതി വരെ വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, കണ്ണൂർ കാസർകോട് തുടങ്ങിയ ജില്ലകളുടെ തീരദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. രാത്രിയും പുലർച്ചെയുമാണ് മഴ സാധ്യത. ഈ തീരദേശത്തോട് ചേർന്ന് കടൽ മേഖലയിലും മഴ ലഭിക്കും. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴ അടുത്ത ദിവസങ്ങളിലും തുടരും. വേനൽ മഴയെ തുടർന്ന് സംസ്ഥാനത്ത് ചൂട് മൂന്നു മുതൽ 4 ഡിഗ്രി വരെ കുറഞ്ഞു. മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലയിലും കണ്ണൂർ ജില്ലയുടെ ഇടനാട് പ്രദേശങ്ങളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ സാധ്യത.
കഴിഞ്ഞദിവസം കന്യാകുമാരി കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ഇപ്പോൾ തെക്കു കിഴക്കൻ അറബിക്കടലിൽ എത്തിയിരിക്കുന്നു. കേരളതീരത്തോടെ ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതുമൂലം ഇപ്പോൾ പെയ്യുന്ന മഴ കാലവർഷത്തിന്റെ സ്വഭാവം കാണിച്ചേക്കാം. കേരളത്തിന് കുറുകെ ഈർപ്പമുള്ള കാറ്റിന്റെ പ്രവാഹം ഉള്ളതിനാൽ ചൂടിലും കുറവുണ്ടാകും. മഴ പെയ്ത ഇടങ്ങളിൽ വെള്ളത്തിന് തണുപ്പ് അനുഭവപ്പെടും.
കാലവർഷക്കാറ്റ് ഭൂമധ്യരേഖ കടന്ന് കേരളത്തിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലാണ്. 2014 മെയ് 19 ഓടെ കാലവർഷം ആൻഡമാൻ ദ്വീപിൽ എത്താനാണ് സാധ്യത. ഇക്കാര്യം കേന്ദ്ര കാലാവസ്ഥ വകുപ്പും സ്ഥിരീകരിച്ചു. തുടർന്ന് 10 ദിവസത്തിനു ശേഷം കാലവർഷം കേരളത്തിൽ എത്തും. കാലവർഷം എത്തുന്നത് വരെ കേരളത്തിൽ വേനൽ മഴ തുടരും. ഇതുവരെ അനുഭവപ്പെട്ട കൊടുംചൂടിനും ഇനി ആശ്വാസമുണ്ടാകും. കുടിവെള്ളക്ഷാമം നേരിട്ട പ്രദേശങ്ങളിലും കുടിവുള്ള പ്രശ്നത്തിനും പരിഹാരമാകും.
കടൽ ചിലയിടങ്ങളിൽ പ്രക്ഷുബ്ധമാകും വടക്കൻ കേരള തീരങ്ങളിൽ ഇടിയോടുകൂടിയുള്ള മഴ സാധ്യത തുടരുന്നു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ല. എന്നാൽ ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാവകുപ്പിന്റെയോ ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെയോ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.
മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കുക. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതുകൊണ്ട് അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യ ബന്ധനം ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പാലിക്കണം. മഴ സമയത്ത് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുത്. ഇത് ജീവൻ തന്നെ അപകടത്തിലാക്കാം. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം.
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്.
മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
https://www.facebook.com/Malayalivartha