കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ.
തൂക്കുവേലികൾ സ്ഥാപിച്ച് ആളുകളുടെ ജീവനും സ്വത്തിനും കൃഷികൾക്കും സംരക്ഷണമൊരുക്കണമെന്ന ആവശ്യം അധികൃതർ തുടർച്ചയായി അവഗണിച്ചപ്പോഴാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. കീരമ്പാറ, കവളങ്ങാട് പഞ്ചായത്തുകളുടെ അതിർത്തിയിലെ ചീക്കോട്, ചാരുപാറ, പോത്തുപാറ പ്രദേശത്താണ് സോളാർ തൂക്കുവേലികൾ നിർമിച്ചത്.
രണ്ട് ഘട്ടങ്ങളിലായി പെരിയാർ തീരത്ത് നാലു കിലോമീറ്ററോളം നീളത്തിലാണ് വേലി സ്ഥാപിച്ചത്. നാലുവർഷത്തോളമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. കൃഷി നശിപ്പിക്കുന്നത് പതിവായി. അധികൃതരെയും ജനപ്രതിനിധികളെയും നാട്ടുകാർ പരാതി അറിയിച്ചെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല.
ഇഞ്ചത്തൊട്ടി വനത്തിൽനിന്നും പെരിയാർ കടന്നെത്തുന്ന കാട്ടാനകളാണ് നാശം വിതച്ചിരുന്നത്. നേരം നന്നായി പുലരാതെ റബർ ടാപ്പിങ്ങിനോ മറ്റ് ആവശ്യങ്ങൾക്കോ തോട്ടങ്ങളിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു.
കീരമ്പാറ, കവളങ്ങാട് പഞ്ചായത്തുകളിൽ കാട്ടാനശല്യം നേരിടുന്ന പ്രദേശത്തെ 1200ലേറെ കർഷകരുടെ വാട്‌സ്ആപ് കൂട്ടായ്മയിലൂടെയാണ് വേലി നിർമാണത്തിൻറെ ആലോചന തുടങ്ങിയത്.
ഏതെങ്കിലും ഭാഗത്ത് വേലി തകർന്നാൽ അര കിലോമീറ്ററോളം പുനർനിർമിക്കാനുള്ള ഹാങ്ങിങ് സ്പ്രിംഗുകളും കമ്പിയും ജി.ഐ പോസ്റ്റുകളും ഇവർ കരുതിയിട്ടുണ്ട്. വേലി സ്ഥാപിച്ച ഭാഗത്ത് നിരീക്ഷണ കാമറയും സോളാർ ലൈറ്റും സ്ഥാപിച്ച് കൃത്യമായ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാറിൻറെ അക്കരെ നിന്നും പുഴ നീന്തിക്കടന്നെത്തിയ രണ്ട് ആനകൾ വേലി തട്ടി നേരിയ ഷോക്കേറ്റതോടെ മടങ്ങിപ്പോകുന്ന ദൃശ്യവും നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. വേലി കേടുപാടുകൾ തീർക്കുന്നതിനൊപ്പം വള്ളിപ്പടർപ്പുകൾ കയറാതെ സംരക്ഷിക്കാൻ അതത് പ്രദേശങ്ങളിൽ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























