കൊതുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് രണ്ടുനില ബംഗ്ലാവ് കത്തി നശിച്ചതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം

കൊതുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് രണ്ടുനില ബംഗ്ലാവ് കത്തി നശിച്ചതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം. പള്ളുരുത്തിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ രമേശ് എന്നയാളുടെ വീടാണ് കത്തി നശിച്ചത്. ഏകദേശം എട്ടുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. തീ പിടിക്കുമ്പോള്‍ വീടിന്റെ നോട്ടക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പായി കത്തിച്ചുവെച്ച കൊതുകുതിരി കിടക്കയിലേക്ക് വീണ് തീ പിടിക്കുകയായിരുന്നു. ഇതിനിടയില്‍ നോട്ടക്കാരന്‍ എഴുന്നേറ്റെങ്കിലും തീ ഇതിനിടയില്‍ കര്‍ട്ടനിലേക്ക് പടരുകയും അതിലൂടെ തടി ചട്ടങ്ങളേയും വിഴുങ്ങി. തുടര്‍ന്ന് അഗ്‌നിശമനസേനയുടേയും പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തീയണച്ചത്. പുലര്‍ച്ചെ 2.15 ന് തുടങ്ങിയ തീയണയ്ക്കല്‍ ജോലി പൂര്‍ത്തിയാകാന്‍ നാലു മണിക്കൂറുകള്‍ വേണ്ടി വന്നു. ഗാന്ധി നഗറിലെയും ഫോര്‍ട്ട് കൊച്ചിയിലേയും ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വേണ്ടി വന്നു തീയണയ്ക്കാനായി.
ബംഗ്ലാവിലെ ഫര്‍ണീച്ചറുകളും വില കൂടിയ അലങ്കാരങ്ങളുമെല്ലാം കത്തിപ്പോയി. 7000 ചതുരശ്ര അടിയുള്ള ബംഗ്ലാവില്‍ അഗ്‌നിക്കിരയായ വസ്തുക്കളില്‍ അഞ്ച് എയര്‍കണ്ടീഷന്‍ ഉപകരണങ്ങളും ഉണ്ടായിരുന്നു. അതേസമയം തീ അടുത്ത കെട്ടിടങ്ങളിലേക്കും മറ്റു വസ്തുക്കളിലേക്കും പടരുന്നതിന് മുമ്പ് തന്നെ കെടുത്താനായി. നോട്ടക്കാരന്‍ മാത്രമാണ് തീ പിടിക്കുന്ന സമയത്ത് ഉണ്ടായിരുന്നത്. ഇയാള്‍ ഓടി രക്ഷപ്പെട്ടു. അതേസമയം ഉടമസ്ഥനോ മറ്റോ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. സംഭവത്തിന് പിന്നില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha