നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി; സി എസ് ആർ സംരംഭത്തിന്റെ ഭാഗമായി ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ നൽകും...

ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ടി ബി മുക്ത് ഭാരത് അഭിയാനിനു കീഴിലുള്ള നിക്ഷയ് മിത്ര ദൗത്യവുമായി കൈകോർത്ത്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലുള്ള ക്ഷയരോഗ ബാധിതർക്ക് ആറു മാസക്കാലത്തേയ്ക്കുള്ള ഭക്ഷണ കിറ്റുകൾ കൈമാറാനുള്ള സംരംഭത്തിന് പ്രമുഖ എ ഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തുടക്കം കുറിച്ചു. സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ 2025 ഓടെ രാജ്യത്തെ ക്ഷയരോഗമുക്തമാക്കുക എന്ന ഇന്ത്യയുടെ ദൗത്യത്തിന്റെ ഭാഗമാണ് നിക്ഷയ്.
ക്ഷയരോഗ നിയന്ത്രണത്തിൽ കേരളം ഇതിനകം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എങ്കിലും, പോഷകാഹാരക്കുറവ്, അനുബന്ധ രോഗാവസ്ഥകൾ, മരുന്നുകളോടുള്ള പ്രതിരോധം, രോഗനിർണയത്തിൽ കണ്ടുവരുന്ന തടസ്സങ്ങൾ തുടങ്ങിയ വെല്ലുവിളികൾ പൂർണമായ രോഗശാന്തിയെ ഇപ്പോഴും ബാധിക്കുന്നുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങൾക്കു പരിഹാരം കാണുന്നതിനായി ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന മുൻഗണനാ മേഖലകൾ സംസ്ഥാനം തിരിച്ചറിഞ്ഞിട്ടുമുണ്ട്. 14 ജില്ലകളിലായി 6,800 ക്ഷയ രോഗികൾക്ക് പോഷകാഹാര സഹായം നൽകുക എന്നത് ഇതിൽ സവിശേഷമായ ഒന്നാണ്. സാമൂഹിക ആരോഗ്യവും ക്ഷേമവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ താമസിക്കുന്ന ക്ഷയരോഗ ബാധിതർക്ക് സഹായവുമായി യുഎസ് ടി മുന്നോട്ട് വന്നിട്ടുള്ളത്.
നിക്ഷയ് മിത്രയുടെ ഭാഗമാകുന്നതിലൂടെ, ക്ഷയരോഗ ബാധിതർക്ക് ആറ് മാസത്തേക്ക് പോഷകാഹാര കിറ്റുകൾ നൽകിക്കൊണ്ട് യുഎസ് ടി ഈ സംരംഭത്തെ പിന്തുണയ്ക്കും. കമ്പനിയുടെ സിഎസ്ആർ ടീം തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള ജില്ലാ ടിബി സെല്ലിലും എറണാകുളം കരുവേലിപ്പടിയിലുള്ള ജില്ലാ ടിബി സെന്ററിലും പ്രതിമാസം 100 കിറ്റുകൾ എന്ന കണക്കിൽ, ആകെ 600 കിറ്റുകൾ വിതരണം ചെയ്യും.
"പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാനുമായുള്ള പങ്കാളിത്തത്തോടെ യു എസ് ടിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ടീം അത്യാവശ്യക്കാർക്കു സഹായം എത്തിക്കുന്നതിൽ പുതിയൊരു കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. നിക്ഷയ് മിത്ര ദൗത്യവുമായി സഹകരിച്ച്, തിരുവനന്തപുരത്തും, കൊച്ചിയിലുമുള്ള ക്ഷയരോഗ ബാധിതർക്ക് അടുത്ത ആറ് മാസത്തേക്ക് പോഷകാഹാര കിറ്റുകൾ നൽകാൻ അവസരം ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു," യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
അരി, ഗോതമ്പ് മാവ്, റാഗി പൊടി, ഉഴുന്ന് പരിപ്പ്, ചെറുപയർ, പാൽപ്പൊടി, വെളിച്ചെണ്ണ /എള്ളെണ്ണ /സൂര്യകാന്തി എണ്ണ, നെയ്യ്, നിലക്കടല, കശുവണ്ടി, ഈത്തപ്പഴം, ബംഗാൾ പയർ എന്നിവ ഉൾപ്പെടുന്നതാണ് ഓരോ ഭക്ഷ്യ കിറ്റും.
നിക്ഷയ് മിത്ര ഉദ്യമവുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കാൻ തിരുവനന്തപുരം ജില്ലാ ടി ബി സെല്ലിൽ സംഘടിപ്പിച്ച ചടങ്ങിൽ യു എസ് ടി യിൽ നിന്നും ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ; വർക്ക് പ്ലേസ് മാനേജ്മെന്റ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ; സി എസ് ആർ ലീഡ് വിനീത് മോഹനൻ; എന്നിവരും, ജില്ലാ ടി ബി ഓഫീസർ ഡോ. ധനുജ വി; എസ് ടി ഡി സി കൺസൽട്ടൻറ് ഡോ. നീന പി എസ്; ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ വിഭാഗം പ്രോഗ്രാം മാനേജർ ഡോ. അനോജ്; ഡബ്ള്യു എച്ഛ് ഒ കൺസൽട്ടൻറ് ഡോ. അപർണാ മോഹൻ; തിരുവനന്തപുരം ജില്ലാ ടി ബി സെൽ കെ എച്ഛ് പി ടി കൺസൽട്ടൻറ് എലിസബത്ത് ജോയ്; എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha

























