വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബത്‌ലഹേം റീ-റിലീസ്; ട്രയിലർ പ്രകാശനം ചെയ്തു!!

27 വർഷങ്ങൾക്ക് മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിൻ്റെ മധുരിതമായ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു ഒത്തുകൂടൽ ഇക്കഴിഞ്ഞ ദിവസ്സം കൊച്ചിയിൽ അരങ്ങേറി.
കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച്, സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ റീ-റിലീസ്സുമായി ബന്ധപ്പെട്ടുള്ള ട്രയിലർ പ്രകാശനത്തിനാണ് ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ ഈ ഒത്തുകൂടൽ ഇവിടെ അരങ്ങേറിയത്.
ഗോകുലം കൺവൻഷൻ സെന്ററിൽ നടന്ന ഈ ചടങ്ങിൽ സംവിധായകൻ സിബി മലയിൽ, അണിയറ പ്രവർത്തകർ, എന്നിവർക്കൊപ്പം
ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യർ, ബാലതാരങ്ങളെ അവതരിപ്പിച്ച നിയാ, കൃഷ്ണ, അൻസു, എന്നിവരും നിരവധി ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശനം നടന്നത്.
"ഒരു എസ്കേർഷൻ മൂഡിലായിരുന്നു ഞാൻ സമ്മർ ഇൻ ബത്‌ലഹേമിൽ അഭിനയിച്ചതെന്ന് ചിത്രീകരണത്തിനിടയിലെ നിരവധി കൗതുകകരമായ അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് മഞ്ജു വാര്യർ വ്യക്തമാക്കി. കഥയുടെ കെട്ടുറപ്പും, രസകരമായ മുഹൂർത്തങ്ങളും ഇമ്പമാർന്ന ഗാനങ്ങളും, മനോഹരമായ ദൃശ്യഭംഗിയാലും സമ്പന്നമായ സമ്മർ ഇൻ ബത്‌ലഹേം ഇന്നും പ്രേക്ഷകർ പുതുമയോടെ വീക്ഷിക്കുന്നതു മനസ്സിലാക്കിയതു കൊണ്ടാണ് ചിത്രം വീണ്ടും ആധുനിക സാങ്കേതിക മികവോടെ 4K അറ്റ്മോസിൽ റീ-റിലീസ് ചെയ്യുന്നതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.
കോക്കേഴ്സ് ഫിലിംസിനൊപ്പം അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം 4K അറ്റ്മോസിൽ പ്രദർശനത്തിനെത്തിക്കുന്നത്. ഹൈസ്റ്റ്യഡിയോസാണ്ചിത്രം 4k അറ്റ്മോസിലേക്ക് റീമാസ്റ്റർ ചെയ്യുന്നത്. സുരേഷ് ഗോപി ജയറാം, കലാഭവൻ മണി, ജനാർദ്ദനൻ, അഗസ്റ്റിൻ, സുകുമാരി, മയൂരി, രസിക, തുടങ്ങിയ നിരവധി താരങ്ങൾക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രഞ്ജിത്തിൻ്റേതാണ് തിരക്കഥ, ഗാനങ്ങൾ - ഗിരീഷ് പുത്തഞ്ചേരി, സംഗീതം - വിദ്യാസാഗർ ഛായാഗ്രഹണം - സഞ്ജിവ് ശങ്കർ,
എഡിറ്റിംഗ് - എൽ. ഭൂമിനാഥൻ, കലാസംവിധാനം - ബോബൻ, പി ആർ - വാഴൂർ ജോസ്. ഡിസംബർ 12-ന് ചിത്രം പ്രദർശനത്തിനെത്തുന്നു.
https://www.facebook.com/Malayalivartha

























