കാന്താരിക്ക് വിലയേറുന്നു.... വീട്ടിൽ തന്നെ കൃഷി ചെയ്യാം

പഴുത്ത കാന്താരിയിൽ നിന്ന് വേണം വിത്തുകൾ ശേഖരിക്കാനുള്ളത്. വിത്തുകൾ അര മണിക്കൂർ വെള്ളത്തിൽ/സ്യൂഡോമോണസിൽ കുതിർക്കുന്നത് നല്ലതാണ്. ഏത് കാലാവസ്ഥയിലും കാന്താരി മുളക് നടാം. തീരെ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളിൽ നടുന്നത് ഒഴിവാക്കാം.
വിത്തുകൾ മുളച്ചശേഷം മാറ്റി നടാം. കാന്താരി മുളകിന് പ്രത്യേകിച്ച് വളപ്രയോഗങ്ങളുടെ ആവശ്യമില്ലെങ്കിലും ചാണകം, കമ്പോസ്റ്റ് വളം തുടങ്ങിയ ജൈവവളങ്ങൾ ഇടവേളകളിൽ നൽകുന്നത് വിളവ് വർധിപ്പിക്കും.
ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. മഴക്കാലങ്ങളിൽ തടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യവും ഒഴിവാക്കണം. കാര്യമായ കീടബാധ ഇല്ലാത്ത വിളയാണിത്. മാത്രമല്ല ജൈവകീടനാശിനികളും ഇവയുപയോഗിച്ച് നിർമിക്കാനാകും
കാന്താരി മുളക് ഉപ്പിലിട്ടതും അച്ചാറുകളും ഇതിനോടകം മാർക്കറ്റുകളിൽ ലഭ്യമാണ്. പ്രവാസികൾ തിരിച്ചുപോകുമ്പോൾ സ്വന്തം ആവശ്യങ്ങൾക്കും സുഹൃത്തുക്കൾക്ക് നൽകാനും ഉണക്കിയ കാന്താരിമുളക് കൈയിൽ സൂക്ഷിക്കാനും തുടങ്ങിയിരിക്കുന്നു. പ്രത്യേക പരിചരണം ആവശ്യമില്ല എന്നതുകൊണ്ടുതന്നെ ആർക്കും കൃഷി ചെയ്യാവുന്നതും വരുമാനം കണ്ടെത്താനും കാന്താരി മുളകിനെ ആശ്രയിക്കാവുന്നതാണ്.
അതേസമയം കാന്താരി മുളകിൽ ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതിലടങ്ങിയിരിക്കുന്ന ക്യാപ്സിയിൽ കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. കൂടാതെ ജീവകം എ, സി, ഇ എന്നിവയും കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രധാനമായും പച്ച, വെള്ള നിറങ്ങളിലുള്ള കാന്താരി മുളകുകളാണ് കണ്ടുവരുന്നത്. ഇതിൽ തന്നെ പച്ചക്കാണ് ആവശ്യക്കാർ കൂടുതൽ.
"
https://www.facebook.com/Malayalivartha


























