സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച മകനെ നോക്കാന്‍ രാത്രി ഡ്യൂട്ടിയില്‍ ഇളവുതേടിയ നഴ്‌സിനെ പിരിച്ചുവിട്ടു; മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം വകവെയ്ക്കാതെയാണ് സ്വകാര്യ ആശുപത്രിയുടെ പ്രതികാര നടപടി

സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച മകനെ നോക്കാന്‍ രാത്രി ഡ്യൂട്ടി ഒഴിവാക്കികിട്ടാന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച നഴ്‌സിനെ സ്വകാര്യാശുപത്രി പിരിച്ചുവിട്ടു. 22 വര്‍ഷമായി സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്‌തിരുന്ന കായംകുളം പാലസ് വാര്‍ഡ് പുത്തിരേത്ത് വീട്ടില്‍ എസ്. ബിനീതയെയാണ് കായംകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രി യാതൊരു ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചുവിട്ടത്.
ബിനീതയ്‌ക്ക് പകല്‍സമയം ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ ഡിസംബര്‍ 16ന് ആലപ്പുഴ ജില്ലാ ലേബര്‍ ഓഫീസറോട് നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതിൽ പ്രതികാര നടപടിയെടുത്ത ആശുപത്രി മാനേജ്‌മെന്റ് കഴിഞ്ഞ മാസം അഞ്ചിന് ബിനിതയെ ജോലിയില്‍നിന്നു പിരിച്ചുവിടുകയായിരുന്നു.
ടാക്‌സി ഡ്രൈവറാണ് ബിനീതയുടെ ഭര്‍ത്താവ് ബിനു. ബിനീതയുടെ 12 വയസുള്ള മൂത്തമകനാണ് സെറിബ്രറല്‍ പാള്‍സി മൂലം ദുരിതംപേറുന്നത്. ബിനീത ജോലിക്കു പോകുമ്പോൾ അമ്മയായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. പ്രായാധിക്യത്തോടെ അവര്‍ക്കു വയ്യാതായതോടെ രാത്രി ഡ്യൂട്ടി ഒഴിവാക്കിത്തരണമെന്ന് ആശുപത്രി മാനേജ്‌മെന്റിനോട് പലകുറി അപേക്ഷിച്ചു. അതിന് മാനേജ്‌മെന്റ് തയാറാകാതെ വന്നതോടെയാണ് ആലപ്പുഴ കലക്‌ടറെയും മനുഷ്യാവകാശ കമ്മിഷനെയും ലേബര്‍ ഓഫീസറെയും സമീപിച്ചതെന്നു ബിനീത പറഞ്ഞു.
സാമ്പത്തിക പ്രയാസങ്ങള്‍ ഏറെ നേരിടുന്ന ഈ കുടുംബത്തിന് രോഗബാധിതനായ കുട്ടിയുടെ ചികിത്സാചെലവുകള്‍ താങ്ങാവുന്നതല്ല. ബിനു- ബിനീത ദമ്പതികൾക്ക് അഞ്ചുവയസുള്ള ഒരു മകള്‍ കൂടിയുണ്ട്. ബിനീതയ്‌ക്ക് പകല്‍ സമയം ഡ്യൂട്ടി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ ഡിസംബര്‍ 16നാണ് നിര്‍ദേശിച്ചത്. മകനെ നോക്കേണ്ട ഉത്തരവാദിത്വവും അതിലുപരി ജോലി ചെയ്‌ത് പണം കണ്ടെത്തേണ്ട ബാധ്യതയും ബിനീതയ്‌ക്കുണ്ടെന്ന് നിരീക്ഷിച്ച കമ്മിഷന്‍ അതിനുളള സാഹചര്യമൊരുക്കണമെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്.
മുന്‍കാലങ്ങളില്‍ 12 മണിക്കൂര്‍വരെ വിശ്രമമില്ലാതെ ജോലി ചെയ്യിച്ചപ്പോള്‍ താന്‍ ഉള്‍പ്പടെയുള്ള 20 നഴ്‌സുമാര്‍ ചേര്‍ന്ന് ലേബര്‍ ഓഫീസറെ സമീപിച്ചിരുന്നെന്നും ഇതില്‍ അഞ്ചുപേരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടതായും ബിനീത പറയുന്നു.
https://www.facebook.com/Malayalivartha
























