കേരളത്തിലെ ഈ റോഡുകളിൽ ഇനി ഹോൺ മുഴക്കാനാവില്ല

കേരളത്തിലാദ്യമായി ഒരു റോഡ് ഹോൺരഹിതമാകുന്നു. കൊച്ചി എംജി റോഡാണു 26 മുതൽ ഹോൺ രഹിത മേഖലയാകുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടും (എൻഐഎസ്എസ്), അസോസിയേഷൻ ഒാഫ് ഒാട്ടോലാരിഞ്ചോളജിസ്റ്റ്(എഒഎ) ,കൊച്ചി മെട്രോ, സിറ്റി പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ. സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്
2016 മുതൽ ഐഎംഎ എല്ലാ വർഷവും നോ ഹോൺ ഡേ ആചരിക്കുന്നുണ്ടെങ്കിലും ആദ്യമായാണു ഒരു മേഖല ഹോൺ രഹിതമാക്കുന്നത്. 26നാണ് ഇത്തവണത്തെ നോ ഹോൺ ഡേ. അന്ന് രാവിലെ 9.30ന് എറണാകുളം മാധവ ഫാർമസി ജംഗ്ഷൻ മെട്രോ പാർക്കിങിൽ നടക്കുന്ന ചടങ്ങിൽ കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് എംജി റോഡിൽ ശീമാട്ടി മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുളള ഭാഗം ഹോൺ രഹിത മേഖലയായി പ്രഖ്യാപിക്കും.
വാണിജ്യ മേഖലയിലെ അനുവദീനിയമായ പരമാവധി ശബ്ദം 65 ഡെസിബൽ ആണെങ്കിലും കൊച്ചിയിലെ നിരത്തുകളിൽ 94 ഡെസിബൽ ശബ്ദ തീവ്രതയുണ്ടെന്നാണു വിവിധ ഏജൻസികളുടെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ റോഡുകളിലെ സ്ഥിരം ഡ്രൈവർമാർ, കച്ചവടക്കാർ, താമസക്കാർ എന്നിവർക്കു വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം.
വരും ദിവസങ്ങളിൽ എഒഎയുടെ നേതൃത്വത്തിൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ രാവിലെയും വൈകുന്നേരവുമുള്ള ശബ്ദ നിലവാരം അളക്കുകയും സ്വകാര്യ ബസ് ഡ്രൈവർമാരിൽ ഉണ്ടായേക്കാവുന്ന കേൾവിക്കുറവ് നിർണയിക്കുകയും ചെയ്യുമെന്നു ഐഎംഎ പ്രസിഡന്റ് ഡോ.വർഗീസ് ചെറിയാൻ, ഡോ.ഹനീഷ് മീരാസ, ഡോ.വി.ഡി.പ്രദീപ് കുമാർ എന്നിവർ പറഞ്ഞു.
https://www.facebook.com/Malayalivartha

























