ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്ഷന്; അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി; സർക്കാർ വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ ജേക്കബ് തോമസ് നിലവിൽ സസ്പെൻഷനിലാണ്

സർക്കാർ അനുമതി ഇല്ലാതെ പുസ്തകം എഴുതിയതിന് ഡി ജി പി ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ. "സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്പോൾ" എന്ന പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ജേക്കബ് തോമസ് അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നില്ല. സസ്പെന്‍ഷനു മേല്‍ സസ്പെന്ഷന് ഒരു ഉദ്യോഗസ്ഥന് നേരിടുന്നത് സംസ്ഥാനത്ത് അപൂര്‍വമാണ്.
പുസ്തകത്തിലെ പാറ്റൂർ, ബാർ കോഴ, ബന്ധുനിയമന കേസുകളെ സംബന്ധിച്ചുള്ള പരാമർശങ്ങൾ ചട്ടലംഘനമാണെന്ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ അന്വേഷണസമിതി നേരത്തേ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ നിർദേശപ്രകാരമാണ് കുറ്റപത്രം തയാറായിട്ടുള്ളത്. സർക്കാർ വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ ജേക്കബ് തോമസ് നിലവിൽ സസ്പെൻഷനിലാണ്. പരാമർശം സംബന്ധിച്ച നോട്ടീസിന് അദ്ദേഹം നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ അന്വേഷണത്തിന് കമീഷനെയും നിയമിച്ചിരുന്നു.
സംസ്ഥാനത്ത് അഴിമതിക്കെതിരെ മിണ്ടാൻ പേടിയാണ് ഓഖി ദുരന്തം നേരിടുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടു തുടങ്ങിയ പരാമർങ്ങളുടെ പേരിലാണ് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത്. ജേക്കബ് തോമസിന്റെ "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകം പ്രകാശനം മുതൽതന്നെ വിവാദമായിരുന്നു. പ്രകാശനചടങ്ങിൽനിന്ന് മുഖ്യമന്ത്രി വിട്ടുനിന്നതിനെതുടർന്ന് ചടങ്ങ് തന്നെ മാറ്റിയിരുന്നു. പിന്നീട് സർക്കാരിന്റെ അനുമതിയില്ലാതെയാണ് പുസ്തകരചന നടത്തിയതെന്നും പുസ്തകത്തിൽ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നുമുള്ള ആരോപണവും ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha

























