പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ച വീണ്ടും.... കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തസലയും ഡല്‍ഹിയില്‍

പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇരുവരും വീണ്ടും ചര്‍ച്ച നടത്തും. നേരത്തെ കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള നേതാക്കളില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു.
നിലവിലെ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ പേരിനോടാണ് രാഹുലിന് കൂടുതല്‍ താല്‍പ്പര്യമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനമികവും ക്ലീന്‍ ഇമേജും സതീശന് മുന്‍തൂക്കം നല്‍കുന്നു. മുതിര്‍ന്ന നേതാവ് കെ സുധാകരന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. എ ഗ്രൂപ്പില്‍നിന്ന് പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നു. കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി. തോമസ് തുടങ്ങിയവരും കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ഗ്രൂപ്പില്ലാത്ത മുതിര്‍ന്ന നേതാവായ മുല്ലപ്പള്ളി രാമചന്ദ്രന് മികച്ച പ്രതിച്ഛായയും തുണയാണ്.
അതേസമയം ദലിത് മുഖം എന്നത് കൊടുക്കുന്നില്‍ സുരേഷിനും, സമുദായ പരിഗണനകള്‍ കെവി തോമസിനും ബെന്നി ബഹനാനും പ്രതീക്ഷ നല്‍കുന്നു. അടുത്തിടെ മോദിയെ പുകഴ്ത്തിയത് ചൂണ്ടിക്കാട്ടി കെവി തോമസിനെതിരെ എതിര്‍ വിഭാഗങ്ങള്‍ ശക്തമായി രംഗത്തുവരാനും സാധ്യതയുണ്ട്. എന്നാല്‍ ഗ്രൂപ്പ് വീതംവെയ്പ് എന്ന ഏര്‍പ്പാട് വേണ്ടെന്നാണ് രാഹുലിന്റെ മനസ്സിലെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനായതിനാല്‍ പാര്‍ട്ടി അധ്യക്ഷപദവിയും ഐ ഗ്രൂപ്പിന് നല്‍കുന്നതില്‍ എതിര്‍പ്പുയരാം. ഇത് മറികടക്കാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രവര്‍ത്തകസമിതിയിലേക്ക് എടുക്കാനും സാധ്യതയുണ്ട്.
വിഎം സുധീരന്‍ രാജിവെച്ചപ്പോള്‍ മുതിര്‍ന്ന വൈസ് പ്രസിഡന്റെന്ന നിലയിലാണ് എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ ചുമതല ലഭിച്ചത്. കേരള മോചനയാത്രയുമായി ഹസ്സന്‍ ഇപ്പോള്‍ സംസ്ഥാന പര്യടനത്തിലാണ്.
https://www.facebook.com/Malayalivartha

























