മേല്‍പ്പാലം ഉണ്ടെങ്കിലും നേരിട്ടു പാളം മുറിച്ചുകടക്കുമ്പോള്‍ ഓര്‍ക്കുക, പാളത്തില്‍ 'യമരാജന്‍' ഒളിച്ചിരിപ്പുണ്ട്!

നിയമം ലംഘിച്ച് റെയില്‍പാളങ്ങള്‍ മുറിച്ചു കടക്കുന്നവരെ ഉപദേശിച്ച് ഉപദേശിച്ച് ഇന്ത്യന്‍ റെയില്‍വേ തളര്‍ന്നു. അതുകൊണ്ട് അപകടകരമായി സഞ്ചരിക്കുന്നവരെ പൊക്കാനായി എക്‌സ്‌ക്ലുസീവായി ഒരു യമരാജനെ നിയമിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. കയ്യടികള്‍ വാങ്ങിക്കൂട്ടി മുന്നേറുകയാണ് പശ്ചിമ റെയില്‍വേ അവതരിപ്പിച്ച 'യമരാജന്‍'.
പതിനായിരക്കണക്കിനു രൂപ പിഴയടിപ്പിച്ചിട്ടും മിനിറ്റിനു മിനിറ്റിനു മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കാല്‍നടയ്ക്കായി മേല്‍പ്പാലം ഉണ്ടെങ്കിലും നേരിട്ടു പാളം മുറിച്ചുകടക്കുന്ന, അനുസരണക്കേടു തുടരുന്ന റെയില്‍വേ യാത്രക്കാരെ പാഠം പഠിപ്പിക്കുകയാണു യമരാജന്റെ ദൗത്യം.
കറുപ്പ് ഉടുപ്പും കിരീടവും ഗദയുമായി ആര്‍പിഎഫിലെ അംഗമാണു യമരാജന്റെ വേഷം കെട്ടി ജോലിക്കിറങ്ങിയത്. ഈ മാസം ആറിനാണു പശ്ചിമ റെയില്‍വേ ബോധവത്കരണത്തിന്റെ രീതി മാറ്റിയത്.
ആളില്ലാ ലെവല്‍ക്രോസുകളിലൂടെയും പാളങ്ങളിലൂടെയും തലങ്ങുംവിലങ്ങും സഞ്ചരിക്കുന്നവരെയാണു യമരാജന്‍ പിടികൂടുക. ഇവരെ പൊക്കിയെടുത്തു തിരികെ പ്ലാറ്റ്‌ഫോമിലോ കാല്‍നട മേല്‍പ്പാലത്തിലോ എത്തിക്കും. അപകട യാത്രയെക്കുറിച്ചു ബോധവത്കരിക്കും. യമരാജന്റെ തോളിലേറി യാത്രക്കാരന്‍ പോകുമ്പോള്‍ മറ്റുള്ളവര്‍ക്കു രസമാണ്. തമാശയിലൂടെ ഗൗരവകരമായ കാര്യം പറയുമ്പോള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നുണ്ടെന്നാണു യമരാജന്റെ അനുഭവം. തിരക്കേറിയ മുംബൈയിലെ മലാദ്, അന്ധേരി സ്റ്റേഷനുകളിലാണു യമരാജന്‍ ചാര്‍ജ് എടുത്തിട്ടുള്ളത്. മറ്റു സ്റ്റേഷനുകളിലും ഭാവിയില്‍ പ്രത്യക്ഷപ്പെടാം.
ട്രെയിനുകളുടെ സര്‍വ്വീസ് യഥാസമയത്ത് നടത്തുക, യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പരിഹരിക്കുക, ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥാവരജംഗമവസ്തുക്കള്‍ സംരക്ഷിക്കുക എന്നിവയൊക്കെയാണ് നമ്മുടെ ഉത്തരവാദിത്തങ്ങളില്‍പെടുന്നത്, അത് ഞങ്ങള്‍ നേരെ മര്യാദയ്ക്ക് ചെയ്യുന്നുണ്ടല്ലോ എന്നും പറഞ്ഞ് റെയില്‍വേയ്ക്ക് വെറുതേ ഇരുന്നാല്‍ പോരേ...? എന്നിട്ടും ജനങ്ങളെ ബോധവല്‍ക്കരിക്കുവാനും അവരുടെ ജീവന്‍ അപകടത്തിലാകാതെ നോക്കുന്നതിനുമായി ഇങ്ങനെയുള്ള 'എക്‌സ്ട്രാ' പരിശ്രമം നടത്തുന്നതിന് പശ്ചിമ റെയില്‍വേയ്ക്ക് ഒരു ബിഗ് സല്യൂട്ട് !
https://www.facebook.com/Malayalivartha