ദല്‍ഹിയില്‍ മൂന്നു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന കലാപത്തില്‍ മരണം 27 ആയി; കലാപത്തില്‍ 106 പേര്‍ അറസ്റ്റിൽ; 18 കേസുകളെടുത്തെന്നും ദല്‍ഹി പൊലീസ് അറിയിച്ചു; സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ്

ദല്‍ഹിയില്‍ മൂന്നു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന കലാപത്തില്‍ മരണം 27 ആയി. കലാപത്തില്‍ 106 പേര്‍ അറസ്റ്റിലായെന്നും ദല്‍ഹി പൊലീസ് അറിയിച്ചു.കൂടുതല്‍ അക്രമ സാധ്യത കണക്കിലെടുത്ത് ദല്‍ഹിയില്‍ പൊലീസ് വിന്യാസം കൂട്ടിയിട്ടുണ്ട്. കലാപത്തില്‍ അക്രമസംഭവങ്ങളില്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രദേശങ്ങളില്‍ പോലീസും കേന്ദ്രസേനയും റൂട്ട്മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡല്‍ഹി പോലീസ് വിശദീകരിച്ചു.
എല്ലാ കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളും ടെറസുകളും ഡ്രോണുകള്‍ വഴി നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും വീടുകളുടേയോ കെട്ടിടങ്ങളുടെയോ മുകളില്‍ കല്ലുകള്‍ സംഭരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം സംഘര്‍ഷ ബാധിത കേന്ദ്രങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും സന്ദര്‍ശനം നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു
ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തര്‍പ്രദേശിലെ അവരുടെ കൂട്ടാളികളും നിരീക്ഷണത്തിലെന്ന് സൂചന. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ നാസിര്‍, എതിരാളിയായ ഇര്‍ഫാന്‍ ചെന്നു എന്നിവരുടെ സംഘത്തിലുള്ള പന്ത്രണ്ടോളം പേരുടെ സാന്നിധ്യം പൊലീസ് ഉദ്യോഗസ്ഥര്‍ അക്രമങ്ങള്‍ക്കിടെ കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പ്, കല്ലേറ്, വാഹനങ്ങള്‍ കത്തിക്കല്‍ തുടങ്ങിയവയ്ക്കിടെ ഇവര്‍ സുരക്ഷാ ക്യാമറകളിലും മറ്റും പതിഞ്ഞിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന അക്രമങ്ങളില്‍ കലാപകാരികള്‍ 500 റൗണ്ടിനു മുകളില്‍ വെടിയുതിര്‍ത്തിട്ടുണ്ടെന്നാണു വിലയിരുത്തല്‍. അക്രമികള്‍ക്കു വന്‍ തോതില്‍ ആയുധങ്ങളും വെടിമരുന്നും ലഭിച്ചിട്ടുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്ന അന്വേഷണ സംഘം, ഗുണ്ടാ സംഘങ്ങളെ ചിലര്‍ കലാപത്തിനായി ഉപയോഗിക്കുന്നതാകാമെന്നും വ്യക്തമാക്കി.
അക്രമം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച വാട്‌സാപ് ഗ്രൂപ്പുകളും നിരീക്ഷിച്ചുവരികയാണ്. പരിശോധനയില്‍നിന്നു രക്ഷപ്പെടുന്നതിനായി അക്രമികള്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും പഴയവ ഉപേക്ഷിച്ചുമാണു പ്രവര്‍ത്തിക്കുന്നത്. വീടുകളുടെ മുകള്‍ ഭാഗം, ബാല്‍ക്കണികള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ച കല്ലുകളും നാടന്‍ ബോംബുകളും പൊലീസ് കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha