കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; കോളേജ് പ്രൊഫസര്‍ പോലീസ് കസ്റ്റഡിയില്‍

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ കേസില്‍ അദ്ധ്യാപകന്‍ പോലീസില്‍ കീഴടങ്ങി. എസ്‌ആര്‍കെ കോളേജ് ചരിത്ര വിഭാഗം തലവനായ ഷഹര്യാര്‍ അലിയാണ് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ കേസില്‍ പോലീസില്‍ കീഴടങ്ങിയത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അലിയ്‌ക്കെതിരെ കഴിഞ്ഞ മാര്‍ച്ചിലാണ് ഫിറോസാബാദ് പോലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുന്‍പാകെ അലി കീഴടങ്ങുന്നത്. കോടതിയ്‌ക്ക് മുന്‍പാകെ ഇടക്കാല ജാമ്യാപേക്ഷയും നല്‍കിയിരുന്നു.എന്നാല്‍ ജാമ്യാപേക്ഷ തള്ളിയ കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കേന്ദ്രമന്ത്രിയ്‌ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഇയാള്‍ സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയേയും ജാമ്യാപേക്ഷയുമായി അലഹബാദ് ഹൈക്കോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യം തള്ളുകയായിരുന്നു.
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു അലി കോടതിയില്‍ അറിയിച്ചത്. എന്നാല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയും അലഹബാദ് ഹൈക്കോടതിയും കൈവിട്ട സാഹചര്യത്തിലാണ് അലി കീഴടങ്ങിയത്.
https://www.facebook.com/Malayalivartha