ഇന്റര്‍നെറ്റ് ആശ്രയം കുഴപ്പത്തിലാക്കി; മാറ്റാനാവാതെ 500 കോടിയോളം രൂപയുടെ ചെക്കുകള്‍

വര്‍ദാ ചുഴലിക്കാറ്റില്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് ചെന്നൈയിലെ ദക്ഷിണമേഖലാ ബാങ്ക് ക്ലിയറിങ് ഹൗസ് പ്രവര്‍ത്തനം തുടര്‍ച്ചയായ അഞ്ചാംനാളും മുടങ്ങി. ഇതില്‍ മൂന്നുനാള്‍ ബാങ്ക് അവധിദിനങ്ങളായിരുന്നു.
കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ ചെക്കുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും തുക അക്കൗണ്ടുകളിലേക്ക് എത്തിയിട്ടില്ല. ഇത് വ്യാപാരവാണിജ്യ മേഖലകളെ ബാധിച്ചുതുടങ്ങിയതായാണ് വ്യാപാരകേന്ദ്രങ്ങള്‍ പറയുന്നത്.
ദക്ഷിണമേഖലയിലെ ക്ലിയറിങ് ഹൗസില്‍ പ്രതിദിനം ചുരുങ്ങിയത് 120 കോടിയുടെ ചെക്കുകള്‍ മാറുന്നുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രയിലുമുള്ള ബാങ്കുകള്‍ ഒഴികെയുള്ളവ സാധാരണരീതിയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ മൂന്നുദിവസംകൊണ്ട് 500 കോടി രൂപയുടെ ചെക്കുകളെങ്കിലും നടപടിയാകാതെ കിടക്കുന്നുണ്ടെന്ന് ബാങ്കധികൃതര്‍ പറയുന്നു.
ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കാത്തതിനാല്‍ ക്ലിയറിങ് ഹൗസില്‍ ചെക്ക് ട്രങ്കേഷന്‍ നടന്നിട്ടില്ല. ദക്ഷിണേന്ത്യയിലെ എല്ലാ ബാങ്കുകളിലെയും ചെക്കുകളെത്തുന്നത് ആര്‍.ബി.ഐ.യുടെ കീഴിലുള്ള ചെന്നൈയിലെ ക്ലിയറിങ് ഹൗസിലേക്കാണ്. ചെക്ക് ട്രങ്കേഷന്‍ സംവിധാനംവഴി ഇവിടെയെത്തുന്ന ചെക്കുകള്‍ തരംതിരിച്ച് അതത് ബാങ്കുകളിലേക്ക് മാറ്റും. ഈ സംവിധാനംവഴിയാണ് ചെക്കായി അടയ്ക്കുന്ന തുകകള്‍ അതത് അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്നത്.
2010ലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചെക്കുകള്‍ വേഗം മാറാനായി ചെക്ക് ട്രങ്കേഷന്‍ സംവിധാനമേര്‍പ്പെടുത്തിയത്. പൂര്‍ണമായും കമ്ബ്യൂട്ടര്‍വത്കരിക്കുകയും കോര്‍ ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുകയുംചെയ്ത ബാങ്കിങ് മേഖലയിലെ മറ്റുപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെങ്കിലും നോട്ടുക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെക്കുകള്‍ മാറാനാവാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























