അനുരാഗ് ഥാക്കൂര്‍ കോടതിയില്‍ കള്ളസത്യം പറഞ്ഞു, ജയിലില്‍ കിടക്കേണ്ടി വരും: സുപ്രീംകോടതി

ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഥാക്കൂറിനെതിരെ നിശിത വിമര്‍ശനവുമായി സുപ്രിംകോടതി. അനുരാഗ് ഥാക്കൂര്‍ കോടതിയില്‍ കള്ളസത്യം പറഞ്ഞതായി പരമോന്നത കോടതി വ്യക്തമാക്കി. ജയിലില്‍ പോകേണ്ടി വരുമെന്ന് സുപ്രീംകോടതി അനുരാഗ് താക്കൂറിന് മുന്നറിയിപ്പ് നല്‍കി. ഇയാളെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ ആവശ്യപ്പെട്ടു. പകരം സമിതിയെ നിയോഗിക്കണം. പാനല്‍ അംഗങ്ങളെ ഒരാഴ്ചക്കുള്ളില്‍ നിര്‍ദേശിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.
ബി.സി.സി.ഐയെ നിരീക്ഷിക്കാന്‍ ജി.കെ പിള്ളയുടെ നേതൃത്വത്തില്‍ ഒരു സമിതി സ്ഥാപിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ബി.സി.സി.ഐ പ്രതികരിച്ചു. പിള്ളക്കെതിരായി നിരവധി ആരോപണങ്ങളുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ലോധ കമ്മിറ്റി ശുപാര്‍ശകളുമായി ബന്ധപ്പെട്ട് ഐ.സി.സി സി.ഇ.ഒ ഡേവിഡ് റിച്ചാര്‍ഡ്‌സണുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഒരു സ്വകാര്യ സത്യവാങ്മൂലത്തില്‍ ഫയല്‍ ചെയ്യാന്‍ ഥാക്കൂറിനോട് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കവേയാണ് സുപ്രിംകോടതി നിശിത വിമര്‍ശം ഉന്നയിച്ചത്. ഇതില്‍ അനുരാഗ് ഥാക്കൂര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലം കൃതിമം നിറഞ്ഞതാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























