ബീഫ് കൊലപാതക കേസില്‍ സാക്ഷി പറയാനെത്തിയ പ്രധാന സാക്ഷിയുടെ ഭാര്യ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

പശുക്കടത്ത് ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊന്ന കേസില്‍ സാക്ഷി പറയാനെത്തിയ പ്രധാന സാക്ഷിയുടെ ഭാര്യ കോടതി പരിസരത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ രാംഗഡില്‍ ബീഫിന്റെ പേരില്‍ ഗോ സംരക്ഷകര്‍ തല്ലിക്കൊന്ന ട്രക്ക് െ്രെഡവര്‍ അലിമുദ്ദീന്‍ അന്‍സാരി കേസിലെ ഏക സാക്ഷി ജലീല്‍ അന്‍സാരിയുടെ ഭാര്യ ജുലേഖയാണ് ഇന്നലെ കൊല്ലപ്പെട്ടത്. വാഹനാപകടം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കുടുംബങ്ങള്‍ പറഞ്ഞു.
കോടതി കേസ് പരിഗണിക്കാനിരിക്കെ സാക്ഷി പറയാനെത്തിയ ജലീലിനൊപ്പം കോടതിയിലെത്തിയതായിരുന്നു ജുലേഖ. ജലീലിന്റെ ഐഡന്റിറ്റി കാര്‍ഡ് എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് ഇത് എടുക്കാനായി അലിമുദ്ദീന്റെ മകനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ രണ്ടുപേര്‍ ജുലേഖ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ജുലേഖ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അലിമുദ്ദീന്റെ മകന് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.
ഇടിച്ചുതെറിപ്പിച്ച ശേഷം അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്നും ഇത് ആസൂത്രിത കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ജലീല്‍ പറഞ്ഞു. സാക്ഷി പറയാന്‍ കോടതിയില്‍ എത്തിയപ്പോള്‍ കുടുംബത്തോടെ കൊന്നുകളയുമെന്ന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ജലീലിന്റെ മൊഴിയും കൊലപാതക സാധ്യതയിലേക്കാണ് നയിക്കുന്നത്.

ജാര്‍ഖണ്ഡിലെ രാംഗറില്‍ ജൂണ്‍ 29നാണ് ബീഫ് കടത്ത് ആരോപിച്ച് ഗോസംരക്ഷകര്‍ അലിമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയത്. ചന്തയില്‍നിന്നും അലിമുദ്ദീന്‍ ഇറച്ചി വാങ്ങിയത് ബീഫാണെന്ന് ഉറപ്പിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ രാജ്കുമാര്‍ ഗോരക്ഷാ സേനാംഗങ്ങളെ വിവരം അറിയിക്കുയിരുന്നു. തുടര്‍ന്ന് ചന്തയില്‍ നിന്നും വീട്ടിലേക്കു മടങ്ങിയ അന്‍സാരിയെ രാജ്കുമാര്‍ 15 കിലോമീറ്ററോളം പിന്തുടരുകയയും ബാക്കിയുള്ളവരെ വിവരം അറിയിക്കുകയുമായിരുന്നു. ബസാര്‍ തണ്ടിലെത്തിയപ്പോള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ രാംകുമാര്‍ എന്നയാളുടെ നേതൃത്വത്തില്‍ അന്‍സാരിയെ വാഹനത്തില്‍ നിന്നും വലിച്ചിറക്കുകയും മാരുതി വാനിന് തീയിട്ട ശേഷം 100 ഓളം വരുന്ന ഗോരക്ഷക്കാരുടെ സഹായത്തോടെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























