സ്‌കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ മന്ത്രാലയത്തിന്റെ ഉത്തരവ്

സ്‌കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ. സ്‌കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ചൊവ്വാഴ്ച രാത്രിയോടെ വിദ്യഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെയാണ് തീരുമാനം അറിയിച്ചത്. ദോഹ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ കെ.ജി ഒന്ന് വിദ്യാര്‍ഥിയായ മിന്‍സ മറിയം ജേക്കബ് ഞായറാഴ്ചയാണ് മരിച്ചത്. യാത്രക്കിടയില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ഥിനി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവര്‍ ഡോര്‍ അടച്ചു പോയതിനെ തുടര്‍ന്നായിരുന്നു ദാരുണമായ ദുരന്തം സംഭവിച്ചത്.
ഉച്ചയോടെ ബസ് എടുക്കാനെത്തിയ ജീവനക്കാരാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിന്‍സയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ ദോഹയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോന്നു. രാവിലെ 8.30ഓടെ കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷം കോട്ടയം ചിങ്ങവനത്തെ വീട്ടിലെത്തിച്ചു.
അതേസമയം മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha