ദുബായ് , ഷാര്‍ജ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളില്‍ പെരുമഴ : വെള്ളിയാഴ്ചവരെ തുടരുമെന്ന് പ്രവചനം

രാജ്യമെങ്ങും തുടര്‍ച്ചയായി മഴ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. ചൊവ്വാഴ്ച തുടങ്ങിയ ചാറല്‍ മഴ പുലര്‍ച്ചയോടെ ശക്തിപ്പെട്ട് ദിവസം മുഴുവന്‍ തുടര്‍ന്നു. ദുബായ്, അബുദാബി, ഷാര്‍ജ അടക്കമുള്ള വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ മിക്കപ്രദേശങ്ങളിലും മഴ ലഭിച്ചു. തുടര്‍ച്ചയായ മഴയും കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബായില്‍ മഴയെ തുടര്‍ന്ന് കാര്യമായ അപകടങ്ങളോ ദുരന്തങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുനിസിപ്പാലിറ്റി ജലസേചന വകുപ്പ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഹസ്സന്‍ മുഹമ്മദ് മക്കി വ്യക്തമാക്കി. പലയിടങ്ങളിലും കെ.എഫ്.സി, മക്‌ഡൊണാള്‍ഡ്‌സ് തുടങ്ങിയവയുടെ ഔട്ട്‌ലെറ്റുകള്‍ വിതരണം നിര്‍ത്തിവെച്ചു. വെള്ളം കെട്ടിനിന്നത് റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്കിന് കാരണമായി.
ദുബായില്‍ ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ ചാറല്‍ മഴ അര്‍ധരാത്രിയോടെ ശക്തി പ്രാപിച്ചു. ദുബായില്‍ ഏഴ് മില്ലിമീറ്റര്‍ മഴയാണ് അനുഭവപ്പെട്ടതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.മഴ തുടങ്ങിയതുമുതല്‍ നഗരത്തില്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും അപകടസാധ്യത കുറയ്ക്കാനും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രമിക്കുകയാണ്. മഴ മുന്നില്‍ക്കണ്ട് നേരത്തേതന്നെ ഇതിനായി പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, കാര്യമായ അപകടങ്ങളൊന്നുംതന്നെ എമിറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
എമിറേറ്റില്‍ മഴയെ തുടര്‍ന്ന് ചെറിയ തോതിലുള്ള 704 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് ഓപ്പറേഷന്‍സ് സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉമര്‍ അബ്ദുല്‍ അസീസ് ആല്‍ ഷംസി വ്യക്തമാക്കി. സെന്ററിലേക്ക് സഹായം അഭ്യര്‍ഥിച്ച് 5,722 ഫോണ്‍ കോളുകള്‍ വന്നതായും അദ്ദേഹം പറഞ്ഞു. വാഹനമോടിക്കുന്നവര്‍ റോഡുകളിലെ വെള്ളക്കെട്ടുകള്‍ സൂക്ഷിക്കണമെന്ന് പോലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ ബുധനാഴ്ച മുഴുവന്‍ തുടരുമെന്ന പ്രവചനത്തെ തുടര്‍ന്നാണ് ഗ്ലോബല്‍ വില്ലേജ് അടച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉപദേശപ്രകാരം ദുബായ് പോലീസ്, സിവില്‍ ഡിഫന്‍സ് എന്നിവയുമായി ആലോചിച്ചാണ് ഗ്ലോബല്‍ വില്ലേജ് അടച്ചതെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അബുദാബിയിലും ഉച്ചവരെ നല്ല മഴയാണ് ലഭിച്ചത്. ഉച്ചയ്ക്ക് ഒരു മണിവരെ അല്‍ഐനിലും അബുദാബിയിലും പോലീസ് ഓപ്പറേഷന്‍സ് സെന്ററുകളിലേക്ക് ആയിരത്തില്‍ അധികം ഫോണ്‍ കോളുകളാണ് വന്നത്. വാഹനമോടിക്കുന്നവര്‍ വേഗം കുറച്ചും വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിച്ചും ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി.
ഷാര്‍ജയില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പോലീസ് ഷാര്‍ജ ടി.വി.വഴി പൊതുജനങ്ങളെ തത്സമയം അറിയിക്കുന്നുണ്ടായിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ മുഖവിലയ്‌ക്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റില്‍ പ്രധാന റോഡുകളില്‍ വെള്ളം കെട്ടിനിന്നത് കനത്ത ഗതാഗതക്കുരുക്കിന് കാരണമായി. നാഷനല്‍ പെയിന്റില്‍നിന്ന് ഖല്‍ബ ഭാഗത്തേക്കുള്ള റോഡില്‍ വെള്ളം കയറിയത് ഏറെ നേരത്തേ ഗതാഗത തടസ്സത്തിന് കാരണമായി. കോര്‍ണിഷ് ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഴയോടൊപ്പം ശക്തമായ പടിഞ്ഞാറന്‍ കാറ്റ് വീശിയതും വിനയായി.
ഫുജൈറയില്‍ ബുധനാഴ്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഫുജൈറ നഗരപ്രദേശം, ഖല്‍ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലെല്ലാം ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ ചാറ്റല്‍ മഴ ബുധനാഴ്ച ഉച്ചയോടെ ശക്തി പ്രാപിച്ചു. റോഡുകളില്‍ പലയിടങ്ങളിലും വെള്ളം കയറി. റാസല്‍ഖൈമയില്‍ താരതമ്യേന കുറഞ്ഞ തോതിലുള്ള മഴയാണ് ലഭിച്ചത്. രാവിലെ ചെറിയ തോതില്‍ ചാറിയെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് പലയിടങ്ങളിലും പെയ്തുതുടങ്ങിയത്.
യു.എ.ഇ.യില്‍ വ്യാഴാഴ്ച മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വെള്ളിയാഴ്ച രാവിലെയോടെ മഴയുടെ ശക്തികുറയാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലായിരിക്കും വരുംദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുകയെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha