സംഘനയുടെ അമരത്തെത്തി ദിലീപ് പണി തുടങ്ങി: അന്യഭാഷാ ചിത്രങ്ങള്‍ക്കൊപ്പം മുന്തിരിവള്ളിയെ ഞെരുക്കാനുള്ള കളിയെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍

സിനിമാ മേഖലയാണ് തൊഴുത്തില്‍ കുത്തിന്റെ ഈറ്റില്ലം. സിനിമാ സമരം തീര്‍ന്നപ്പോഴത്തെ അടുത്ത പ്രശ്‌നം സിനിമകളുടെ റിലീസിംഗ് തിയതിയാണ്. സിനിമയെ രക്ഷിക്കാനായി ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപം കൊണ്ടെങ്കിലും പഴയതിനേക്കാള്‍ വലിയ പ്രശ്‌നമെന്നാണ് ആരോപണം. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളാണ് തര്‍ക്കത്തില്‍ കുടുങ്ങികിടക്കുന്നത്. ക്രിസ്മസിന് എത്തേണ്ടിയിരുന്ന സിനിമകള്‍ ജനുവരി 19 മുതല്‍ ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ റിലീസ് ചെയ്യാനുള്ള പുതിയ സംഘടനയുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും തീരുമാനമാണ് തര്‍ക്കത്തിന് കാരണം. ഇത് പ്രകാരം ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ ജനുവരി 19നും മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ജനുവരി 26നും റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന തീരുമാനിച്ചത്.
എന്നാല്‍ നിര്‍മാതാവിനോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് സിനിമയുടെ അണിയറക്കാരുടെ വാദം. ജോമോന്റെ സുവിശേഷങ്ങള്‍ ജനുവരി 19നും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ജനുവരി 20നും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചകളൊന്നും നടത്താതെ പുതിയ സംഘടനം മുന്തിരിവള്ളികള്‍ ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് പുതിയ തര്‍ക്കം.
ജനുവരി 26ന് നാല് മറുഭാഷാ സിനിമകള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ ചിത്രത്തിന് റിലീസ് ചെയ്യേണ്ടി വരിക. സോളോ റിലീസ് അല്ലെങ്കില്‍ സിനിമയുടെ ഇനീഷ്യല്‍ കളക്ഷനെ കാര്യമായി ബാധിക്കും. നേരത്തെ നിശ്ചയിച്ച പ്രകാരം 20ന് തന്നെ റിലീസ് ചെയ്യാനാണ് തങ്ങളുടെ തീരുമാനമെന്ന് നിര്‍മ്മാതാവ് സോഫിയാ പോള്‍ പ്രതികരിച്ചു. സിനിമ 26ന് റിലീസ് ചെയ്യുമെന്നത് തെറ്റായ വിവരമാണ്.
''സിനിമാ സമരവുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒരു മാസത്തോളമാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. 26ലേക്ക് റിലീസ് മാറ്റുന്ന കാര്യം ആലോചിക്കാനാകുന്നതല്ല. 20 ന് റിലീസ് ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം. 26ന് റിലീസ് ചെയ്യുമെന്നത് തെറ്റായ വിവരങ്ങളാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനോടും 20ന് തന്നെ റിലീസ് ചെയ്യണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. 26ലേക്ക് റിലീസ് മാറ്റുന്ന കാര്യം സംഘടനകളോ മറ്റാരെങ്കിലുമോ ഞങ്ങളോട് അറിയിച്ചിട്ടില്ല. ഞങ്ങളുടെ സ്ഥിരീകരണമില്ലാതെ 26ന് റിലീസ് എന്ന രീതിയില്‍ എങ്ങനെയാണ് വാര്‍ത്തകള്‍ വന്നത് എന്ന് അറിയില്ല. 26ന് നാല് സിനിമകള്‍ വേറെയും റിലീസ് ചെയ്യുന്നുണ്ട്. ഞങ്ങള്‍ 20ന് തന്നെ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.'' സോഫിയാ പോള്‍ പറഞ്ഞു
സമരം തീര്‍ന്നിട്ടും സിനിമ റീലിസ് ചെയ്യാന്‍ ഒരാഴ്ച്ച കാത്തിരിക്കേണ്ട അവസ്ഥ അംഗീകരിക്കാനാവില്ല എന്നാണ് സിനിമാപ്രവര്‍ത്തകരുടെ വാദം. ഒരു മാസം സമരം കാരണം സിനിമ റിലീസ് മുടങ്ങി, അതുകഴിഞ്ഞപ്പോള്‍ പുതിയ സംഘടനയുടെ വകയുള്ള വിലക്ക് അംഗീകരിക്കാനാവില്ല. സിനിമയെ രക്ഷിക്കാനെന്നു പറഞ്ഞ് തുടങ്ങിയ സംഘടന തന്നെ സിനിമയ്ക്ക് തടസ്സമാകുന്ന അവസ്ഥയാണെന്ന് സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. സംഘടനയുടെ പ്രഖ്യാപനത്തെ എതിര്‍ത്തുകൊണ്ടു തന്നെ ജനുവരി 20ന് സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം. തീയറ്ററുകളുമായി നേരത്തെ തന്നെ ഇതു സംബന്ധിച്ച് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഒരാഴ്ച്ച പിന്നെയും റിലീസ് നീളുമ്പോള്‍ അന്യഭാഷാ ചിത്രങ്ങളുടെ റിലീസ് കുത്തൊഴുക്കില്‍ മുന്തിരി വള്ളികള്‍ക്ക് കിട്ടേണ്ട ലാഭം നഷ്ടമായേക്കുമെന്ന ഭയവും ഇവര്‍ക്കുണ്ട്. ഏതായാലും പ്രശ്‌നം കത്തിപ്പടരുകയാണ്. ദിലീപ് പ്രശ്‌നത്തില്‍ നന്നായി കളിക്കുന്നുണ്ടെന്നാണ് ലാല്‍ ആരാധകരും ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha






















