ആമിയില്‍ നിന്നും പിന്നോട്ടില്ലെന്ന് മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി സിനിമയില്‍ ആമിയായെത്തുന്നത് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട മഞ്ജു വാര്യരാണ്. ദീര്‍ഘനാള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കമല്‍ നായികയായി മഞ്ജുവിനെ തിരഞ്ഞെടുത്തത്. ബോളിവുഡ് അഭിനേത്രിയായ വിദ്യാ ബാലനാണ് ആമിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം കണ്ടെത്തിയത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ നാളുകള്‍ ശേഷിക്കെ വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറി. പിന്നീട് പാര്‍വതി, തബു എന്നിവരുടെയൊക്കെ പേരാണ് ഉയര്‍ന്നു വന്നത്. എന്നാല്‍ ആശങ്കകളൊക്കെ അസ്ഥാനത്താക്കി തന്റെ ആമിയെ മഞ്ജു അവതരിപ്പിക്കുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചു. ആമിയില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ മഞ്ജു വാര്യര്‍ക്ക് നേരെ സൈബര്‍ ആക്രമണവും ആരംഭിച്ചു.
ആമിയെ അവതരിപ്പിക്കാന്‍ താങ്കള്‍ക്കു കഴിയില്ല, ആ റോള്‍ മറ്റാരെങ്കിലും ചെയ്യുന്നതായിരിക്കും നല്ലതെന്ന തരത്തിലാണ് ആദ്യം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. മഞ്ജുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ധാരാളം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് മഞ്ജു വാര്യര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം നയം വ്യക്തമാക്കിയത്. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന 'ആമി' എന്ന സിനിമയില്‍ മാധവിക്കുട്ടിയായി അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയര്‍ന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ ഇതില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. കമല്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ 'ഈ പുഴയും കടന്നും', 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തും' പോലെയുള്ള സിനിമകള്‍ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്.
കമല്‍ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള്‍ ഉള്ളില്‍. ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ 'എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം'. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തില്‍ ദീപാരാധന തൊഴുന്നയാളാണ് ഞാന്‍. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കുകയും ചെയ്യുന്നു.

മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെളളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം.
അവര്‍ അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്‍ത്തിക്കുന്നത് നല്ലൊരുസിനിമ സൃഷ്ടിക്കാനാണ്. 'ആമി'യിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് വിശ്വാസം.
അതുകൊണ്ട് പ്രിയപ്പെട്ടവരേ...എന്നെ മുന്‍നിര്‍ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്പോള്‍ നിങ്ങളുടെ പിന്തുണമാത്രമാണ് കരുത്ത്. കൂടെയുണ്ടാകണ മെന്നും അഭ്യര്‍ത്ഥിച്ചാണ് മഞ്ജു കുറിപ്പ് അവസാനിപ്പിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha























