വിവാഹ വാർഷികം ഗുരുവായൂരിൽ ആഘോഷിച്ച് ജയറാം - പാർവതി

എണ്‍പതുകളുടെ അവസാനവും തൊണ്ണുറുകളിലും മലയാളസിനിമയിലെ പ്രണയജോഡികളായിരുന്ന ജയറാമും പാര്‍വതിയും ദാമ്പത്യ ജീവിതം 24 സംവല്‍സരങ്ങള്‍ പിന്നിട്ടു. വാര്‍ഷിക ആഘോഷം വലിയ ചടങ്ങുകളില്ലാതെയാണ് ദമ്പതികള്‍ കൊണ്ടാടിയത്. ഗുരുവായൂരപ്പന്റെ നടയില്‍ തൊഴുത് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്തത്. വിവാഹത്തിന്റെ ആദ്യ വാര്‍ഷികം മുതലുള്ള ചടങ്ങാണിത്. ഓരോ വര്‍ഷവും ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നത് മനസിന് വലിയ ആത്മസംതൃപ്തിയാണെന്ന് ജയറാം പറഞ്ഞു. മക്കളോട് മാത്രമേ വാര്‍ഷികത്തിന്റെ കാര്യം പറഞ്ഞുള്ളൂ. പബ്ളിസിറ്റിക്കൊന്നും താരത്തിന് താല്‍പര്യമില്ല.
1992 സെപ്തംബര്‍ ഏഴിനാണ് ഇരുവരും വിവാഹിതരായത്. പക്ഷെ, എല്ലാക്കൊല്ലത്തിന്റെയും തുടക്കമാണ് രണ്ട് പേരും വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്. വിവാഹം നടന്ന തീയതി വരുമ്പോള്‍ ജയറാം ഒരുപക്ഷെ, തിരക്കിലായിരിക്കും. അതുകൊണ്ടാണ് ഇങ്ങനെ ചെയ്തുവരുന്നത്. 1988ല്‍ അപരനില്‍ പാര്‍വതിയുടെ സഹോദരനായി അഭിനയിച്ചാണ് ജയറാം സിനിമയിലെത്തിയത്. പിന്നീട് വിറ്റ്നസില്‍ ഇരുവരും അഭിനയിച്ചു. പൊന്‍മുട്ടയിടുന്ന താറാവില്‍ അഭിനയിച്ചെങ്കിലും കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായി അഭിനയിച്ചത്. 
സത്യന്‍ അന്തിക്കാടിന്റെ തലയണമന്ത്രം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഇക്കാര്യം ശ്രീനിവാസനാണ് കണ്ടുപിടിച്ചത്. കാരണം ഷൂട്ടിംഗിന്റെ ഇടവേളകളില്‍ എല്ലാവരും പരസ്പരം സംസാരിക്കുമ്പോള്‍ ജയറാമും പാര്‍വതിയും ഒന്നും മിണ്ടാതെ മാറിനില്‍ക്കും. എന്നാല്‍ ഇരുവരും പരസ്പരം നോക്കുകയും ചെയ്യും. പിന്നീട് കമലിന്റെ ശുഭയാത്ര എന്ന സിനിമയില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരായി അഭിനയിച്ചപ്പോഴാണ് പ്രണയം ദൃഢമായത്. പാര്‍വതിയുടെ അമ്മയുടെ എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു പ്രണയം.

https://www.facebook.com/Malayalivartha























