ചെമ്മീന്‍ സിനിമയുടെ 50-ാം വാര്‍ഷികാഘോഷം തടയുമെന്ന് ഭീഷണി

ദേശാന്തര കീര്‍ത്തി നേടിയ ചെമ്മീന്‍ സിനിമയുടെ 50-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ധീവരസഭയും തുറന്ന് പോരിന്. മത്സ്യ തൊഴിലാളി സമൂഹത്തെ ആക്ഷേപിക്കുന്ന സിനിമയുടെ വാര്‍ഷികാഘോഷം തടയുമെന്ന് ധീവരസഭ പ്രഖ്യാപിക്കുമ്പോള്‍ വിപുലമായ ആഘോഷം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരും സിപിഎം നേതൃത്വവും.
ചെമ്മീന്‍ എന്ന നോവലും ചലച്ചിത്രവുമായി ഭൂമിശാസ്ത്രപരമായിത്തന്നെ ബന്ധപ്പെട്ട് കിടക്കുന്ന ആലപ്പുഴയിലെ നീര്‍ക്കുന്നം, പുറക്കാട് തുടങ്ങിയ ഇടങ്ങളുമായി ബന്ധപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടത്താന്‍ പോകുന്ന ആഘോഷപരിപാടികള്‍ക്ക് എതിരെയാണ് പ്രമുഖ മത്സ്യതൊഴിലാളി സമൂഹം തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ സാംസ്‌കാരിക വകുപ്പ് തീരുമാനിക്കുകയായിരുന്നു. തീരദേശ ജനങ്ങളെയും മല്‍സ്യ തൊഴിലാളികളെയും അടച്ചാക്ഷേപിക്കുന്ന തരത്തില്‍ സംസാര ഭാഷയും ജീവിത രീതിയും പുനരാവിഷ്‌ക്കരിക്കപ്പെടുന്ന സിനിമകള്‍ ആഘോഷമാക്കാനുളള അധികാരികളുടെ നീക്കം ചെറുക്കുമെന്ന് പ്രസ്താവനയുമായി ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ എക്‌സ് എംഎല്‍എ രംഗത്ത് എത്തിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതിനു മറുപടിയുമായി എത്തിയ മത്സ്യതൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍സെക്രട്ടറി പി. പി ചിത്തരഞ്ജന്‍ ചെമ്മീന്‍ സിനിമയുടെ പേരില്‍ മത്സ്യതൊഴിലാളികള്‍ക്ക് ഇടയില്‍ വര്‍ഗ്ഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് ദിനകരന്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചു.
മല്‍സ്യതൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ മാറ് പുറത്ത് കാണിച്ചും നാഭിച്ചുഴി പ്രദര്‍ശിപ്പിച്ചും വസ്ത്രധാരണം നടത്തുന്ന കാലം കഴിഞ്ഞെന്ന് ദിനകരന്‍ പറഞ്ഞു. ഇപ്പോള്‍ തികഞ്ഞ വിദ്യാഭ്യാസ യോഗ്യതയും ജീവിത സാഹചര്യങ്ങളും ഇവര്‍ സ്വായത്തമാക്കിയിട്ടുണ്ട്. ഈ ഒരു സമൂഹത്തെ വീണ്ടും അരനൂറ്റാണ്ട് പിന്നിലേക്ക് നയിക്കരുതെന്ന് ദിനകരന്‍ ആവശ്യപ്പെട്ടു. ചെമ്മീന്റെ രണ്ടാം പതിപ്പായി ഇറങ്ങാനിരുന്ന ഉത്തര ചെമ്മീന്‍ പിന്‍വലിച്ചത് മല്‍സ്യ തൊഴിലാളികളുടെ പ്രതിരോധത്തെ തുടര്‍ന്നാണ്. ഈ അനുഭവം ചെമ്മീന്റെ കാര്യത്തിലും സംഭവിക്കും. മുഖ്യമന്ത്രിയെന്നല്ല ആരുവിചാരിച്ചാലും ആഘോഷങ്ങള്‍ തടയും. ഇതിനായി മല്‍സ്യതൊഴിലാളി കുടുംബങ്ങളെ ഒന്നടങ്കം തെരുവില്‍ ഇറക്കുമെന്നും ദിരനകരന്‍ പറഞ്ഞു.

മത്സ്യഫെഡ് ചെയര്‍മാന്‍ എന്ന പദവി നഷ്ടമാകുമെന്ന് ഉറപ്പായതിന്റെ അസഹിഷ്ണുതയില്‍ നിന്നാണ് ഇത്തരം പ്രചരണങ്ങളില്‍ ദിനകരന്‍ ഏര്‍പ്പെടുന്നതെന്നാണ് സിപിഎമ്മിന്റെ വാദം. ചെമ്മീന്‍ സിനിമയുടെ 50ാം വാര്‍ഷികാഘോഷം തടയുമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം അവജ്ഞയോടെ മത്സ്യതൊഴിലാളി സമൂഹം തള്ളിക്കളയുമെന്ന് സിപിഎം പറയുന്നു. മന്ത്രിമാരായ എ.കെ. ബാലന്‍, ജി. സുധാകരന്‍ എന്നിവരുടെയും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെയും നേതൃത്വത്തില്‍ ആലപ്പുഴ നീര്‍ക്കുന്നം ഗവണ്‍മെന്റ് എസ്.ഡി.വി. സ്‌കൂളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് സംഘാടക സമിതിക്കു രൂപം നല്‍കിയത്. പുനരാവിഷ്‌ക്കാരത്തിന് എതിരെ ധീവരസഭ രംഗത്ത് എത്തിയതോടെ ആഘോഷ പരിപാടികള്‍ സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളിയായി തീര്‍ന്നിരിക്കയാണ്.
https://www.facebook.com/Malayalivartha























