ഇമ്രാനെ തുടരാന്‍ അനുവദിക്കേണ്ട... പാകിസ്താനില്‍ അവിശ്വാസപ്രമേയം വോട്ടിനിടാനിരിക്കെ പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് രാജിവെക്കാന്‍ സൈന്യം ആവശ്യപ്പെട്ടതായി സൂചന....

പാകിസ്താനില്‍ അവിശ്വാസപ്രമേയം വോട്ടിനിടാനിരിക്കെ പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് രാജിവെക്കാന്‍ സൈനികമേധാവി ഖമര്‍ ജാവേദ് ബജ്വ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
മുന്‍കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ഇമ്രാനുവേണ്ടി സൈന്യവുമായി കൂടിയാലോചന നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ പട്ടാളത്തിന് അതൃപ്തിയുണ്ട്. യുക്രെയിന്‍ വിഷയത്തില്‍ അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും എതിരെ ഇമ്രാന്‍ നടത്തിയ പരാമര്‍ശങ്ങളും പട്ടാളത്തെ ചൊടിപ്പിച്ചിരുന്നു. ഇമ്രാനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 25ന് വെള്ളിയാഴ്ച രാവിലെ 11ന് ദേശീയ അസംബ്ലി (പാര്‍ലമെന്റ് ) സമ്മേളിക്കും.
ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (ഒ.ഐ.സി.) ഈ മാസം നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനുശേഷം രാജി നല്‍കണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച ആരംഭിക്കുന്ന യോഗം ബുധനാഴ്ചയാണ് അവസാനിക്കുക.
രാജ്യത്തെ ചാരസംഘടനകളുടെ മേധാവി നദീം അന്‍ജും ഇമ്രാന്‍ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ, ബജ്വയും മറ്റു മൂന്നു മുതിര്‍ന്ന സൈനികജനറല്‍മാരുമായി നടന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
ഇമ്രാനെ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഇവര്‍ എത്തിച്ചേരുകയായിരുന്നു. മുന്‍ സൈനികമേധാവി റാഹീല്‍ ഷരീഫ്, ബജ്വയുമായി നടത്തുന്ന കൂടിക്കാഴ്ച സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ഇടയാക്കുമെന്ന പ്രതീക്ഷ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ.) നേതൃത്വം വെച്ചുപുലര്‍ത്തിയിരുന്നു.
എന്നാല്‍, ദൗത്യത്തില്‍ ഷരീഫ് പരാജയപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഒ.ഐ.സി ഉച്ചകോടി 22, 23 തീയതികളില്‍ പാര്‍ലമെന്റ് ഹൗസിലാണ് നടക്കുന്നത്. അതിനാലാണ് അവിശ്വാസ ചര്‍ച്ച 25ന് നിശ്ചയിച്ചത്.സഭ അവിശ്വാസം പരിഗണനയ്ക്ക് എടുത്താല്‍ മൂന്ന് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കകം വോട്ടെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതനുസരിച്ച് വോട്ടെടുപ്പിന് ഈ മാസം 31വരെ സമയമുണ്ട്.
നിലവിലെ സാമ്പത്തികപ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഇമ്രാന്‍ സര്‍ക്കാരാണെന്നാരോപിച്ച് മാര്‍ച്ച് എട്ടിനാണ് പാകിസ്താന്‍ മുസ്ലിംലീഗ്(നവാസ്), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളിലെ നൂറോളം എം.പി.മാര്‍ അവിശ്വാസപ്രമേയവുമായി രംഗത്തെത്തിയത്.
പി.ടി.ഐ.യിലെ 25 വിമത എം.പി.മാര്‍കൂടി പ്രമേയത്തിനനുകൂലമായി വോട്ടുചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇമ്രാന്‍സര്‍ക്കാരിന്റെ ഭാവി തുലാസിലാകുകയായിരുന്നു. 28-നാകും പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുക.
https://www.facebook.com/Malayalivartha























