കരയിൽ മാത്രമല്ല, ആകാശത്തും മേൽക്കൈ നേടാനാകാതെ റഷ്യ.... ഇനി കാലിബർ തന്നെ രക്ഷ വിരട്ടിയടിച്ച് യുക്രൈൻ...കടുത്ത യുദ്ധം

കരയിൽ മാത്രമല്ല, ആകാശത്തും മേൽക്കൈ നേടാനാകാതെ റഷ്യ വഴിമുട്ടിനിൽക്കുകയാണെന്നാണു പാശ്ചാത്യ വിദഗ്ധരുടെ വിലയിരുത്തൽ. ഹൈപ്പർസോണിക് മിസൈലുകൾ വരെ ഉപയോഗിച്ചുള്ള വിദൂരനിയന്ത്രിത ആക്രമണങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനും ഇതാണു കാരണമായി പറയുന്നത്.
റഷ്യൻ പക്ഷത്ത് 14,700 സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പറയുന്നു. 10 വർഷം നീണ്ട അഫ്ഗാൻ അധിനിവേശകാലത്തു പോലും മൊത്തം 15,000 സോവിയറ്റ് സൈനികർ മാത്രമാണു കൊല്ലപ്പെട്ടിരുന്നത്. എന്നാൽ ഈമാസം രണ്ടുവരെയായി 500 മരണമാണു റഷ്യ സ്ഥിരീകരിച്ചിട്ടുള്ളത്. യുദ്ധമുഖത്തെ 20 ജനറൽമാരിൽ 4 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
മൈക്കലേവിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ റോക്കറ്റാക്രമണത്തിൽ 40 യുക്രെയ്ൻ നാവികർ കൊല്ലപ്പെട്ടു. യുക്രെയ്ൻ സേന നേരിട്ട ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. അയൽരാജ്യമായ സ്ലൊവാക്യയിൽ ‘നാറ്റോ’ സേന പേട്രിയട്ട് മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിച്ചു തുടങ്ങി.
റഷ്യൻ ബന്ധം ആരോപിച്ചു യുക്രെയ്നിലെ 11 പാർട്ടികളെ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിലക്കി. 450 അംഗ പാർലമെന്റിൽ 44 സീറ്റുള്ള പാർട്ടിയും ഇതിലുൾപ്പെടുന്നു. യുദ്ധനിയമപ്രകാരം രാജ്യത്തെ ടിവി ചാനലുകളെയെല്ലാം ചേർത്ത് ഒറ്റ പ്ലാറ്റ്ഫോമാക്കാനും ഉത്തരവിട്ടു.അതേസമയം, റഷ്യയിൽ യുദ്ധത്തെ എതിർക്കുന്ന ചിലർ രാജ്യം വിട്ടതായി റിപ്പോർട്ടുണ്ട്. യുദ്ധവിരുദ്ധ പ്രകടനങ്ങളുടെ പേരിൽ ആയിരങ്ങളാണ് നാലാഴ്ചയ്ക്കിടെ അറസ്റ്റിലായത്.
ഇന്നലെ മൈക്കലേവിനു സമീപമുള്ള ഇന്ധന ഡിപ്പോയ്ക്കു നേരെയും ഹൈപ്പർസോണിക് മിസൈൽ ആക്രമണം നടത്തിയതായി റഷ്യ അറിയിച്ചു. ഇവിടേക്കു കാലിബർ ക്രൂസ് മിസൈലുകളും പ്രയോഗിച്ചു. ഇതുവരെ 902 സിവിലിയൻമാർ കൊല്ലപ്പെട്ടതായാണു യുഎൻ കണക്ക്. രാജ്യം വിട്ടവർ 34 ലക്ഷമായി.അസോവ് കടലിനോടു ചേർന്ന് തെക്കൻ യുക്രെയ്നിലെ തുറമുഖ നഗരമായ മരിയുപോൾ ആണ് റഷ്യൻ അധിനിവേശത്തിൽ ഏറ്റവും വലിയ കെടുതികൾ നേരിടുന്നത്. നഗരം അക്ഷരാർഥത്തിൽ തകർന്നടിഞ്ഞു. ഇതുവരെ ഏകദേശം 2300 പേർ കൊല്ലപ്പെട്ടതായും മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചിടേണ്ടിവന്നതായും റിപ്പോർട്ടുണ്ട്.
ഭക്ഷണത്തിനും വെള്ളത്തിനുമുള്ള ദൗർലഭ്യവും വൈദ്യുതിമുടക്കവും ദുരിതം കൂട്ടുന്നു. ഒരാഴ്ചയ്ക്കിടെ 40,000 പേർ നഗരം വിട്ടു. 4.3 ലക്ഷമാണു നഗരത്തിലെ ജനസംഖ്യ. സുപ്രധാന വിഷയങ്ങളിൽ യുക്രെയ്നും റഷ്യയും ധാരണയോടടുക്കുന്നുവെന്ന് തുർക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് ചവുഷൊവ്‌ലു അറിയിച്ചു.
യുക്രെയ്ൻ നാറ്റോയിൽ ചേരാതിരിക്കുക, റഷ്യയ്ക്കു ഭീഷണിയാവുന്ന തരം ആയുധങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോൾ എത്തിച്ചേർന്നിട്ടുള്ള നിലപാടുകളിൽനിന്ന് ഇരുകൂട്ടരും പിന്നോട്ടുപോകാതിരുന്നാൽ വെടിനിർത്തൽ സാധ്യമാകുമെന്നും പറഞ്ഞു. ‘നാറ്റോ’യിൽ ചേർന്നില്ലെങ്കിലും സ്വന്തം സുരക്ഷ സംബന്ധിച്ച് ഉറപ്പു വേണമന്നാണു യുക്രെയ്ൻ നിലപാട്.
https://www.facebook.com/Malayalivartha























