കൊല്ലപ്പെട്ട റഷ്യന്‍ സൈനീകരുടെ കണക്ക് കണ്ടോ; അമേരിക്ക പുറത്തിവിട്ടതിനേക്കാള്‍ ഭീകരം; റഷ്യക്കാര്‍ ഇളകി; പിന്നാലെ എല്ലാം അപ്രത്യക്ഷം

ഉക്രെയ്‌നില്‍ നാലാഴ്ചയ്ക്കുള്ളില്‍ ഏകദേശം 10,000 സൈനികര്‍ കൊല്ലപ്പെട്ടു എന്ന റഷ്യയുടെ കണക്ക്. റഷ്യന്‍ അനുകൂല വെബ്‌സൈറ്റിലാണ് ഈ കണക്കുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ 15,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ സൈന്യം അറിയിച്ചതിനു തൊട്ടുപിന്നാലെയാണു പുട്ടിന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന കൊംസോമോള്‍സ്‌കായ പ്രാവ്ദ എന്ന പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ സമാനമായ കണക്ക് പ്രസിദ്ധീകരിച്ചത്.
അധികം വൈകാതെ തന്നെ റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍നിന്ന് പിന്‍വലിച്ചുവെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് നല്‍കിയ വാര്‍ത്ത സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്നാണു പിന്‍വലിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയുടെ ഉന്നത നാവിക ഉദ്യോഗസ്ഥനും കരിങ്കടലിലെ കപ്പല്‍വ്യൂഹത്തിന്റെ ഡപ്യൂട്ടി കമാന്‍ഡറുമായ ആന്ദ്രേയ് പാലി (51) മരിയുപോളില്‍ കൊല്ലപ്പെട്ടതായി റഷ്യ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. യുക്രെയ്‌നില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.15,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പുറമേ 498 ടാങ്കുകള്‍, 1535 കവചിത വാഹനങ്ങള്‍, 97 വിമാനങ്ങള്‍, 122 കോപ്റ്ററുകള്‍ എന്നിവ തകര്‍ത്തതായും യുക്രെയ്!ന്‍ സൈന്യം അവകാശപ്പെട്ടിരുന്നു.
കൊംസോമോള്‍സ്‌കായ പ്രാവ്ദയുടെ കണക്കനുസരിച്ച് 9,861 റഷ്യന്‍ സൈനികരാണ് യുക്രെയ്‌നില്‍ ഇതുവരെ കൊല്ലപ്പെട്ടത്. 16,153 പേര്‍ക്ക് പരുക്കേറ്റു. യുക്രെയ്‌നെ പിന്തുണയ്ക്കുന്ന ജീവനക്കാരന്‍ ബോധപൂര്‍വം നടത്തിയ ശ്രമമാണ് ഇതെന്നായിരുന്നു വെബ്‌സൈറ്റിന്റെ വിശദീകരണം. മാര്‍ച്ച് രണ്ടിന് 498 മരണങ്ങള്‍ മാത്രമാണു റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും ലേഖനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും വിവാദഭാഗങ്ങള്‍ നീക്കി. മാത്രമല്ല റഷ്യന്‍ മുന്നേറ്റത്തിന്റെ സമഗ്രമായ കവറേജും ഉള്‍പ്പെടുത്തി.
അതേസമയം ഇന്നലെ പുലര്‍ച്ചെ 5 മണിക്കു മുന്‍പ് മരിയുപോളില്‍ പ്രതിരോധം തീര്‍ക്കുന്ന 'ദേശീയവാദികളോടും കൊള്ളക്കാരോടും' ആയുധം വച്ചു കീഴടങ്ങാനും വെള്ളക്കൊടി വീശാനുമായിരുന്നു റഷ്യയുടെ അന്ത്യശാസനം. 3 ലക്ഷത്തോളം ആളുകള്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതിനാല്‍ യുക്രെയ്ന്‍ കീഴടങ്ങുമെന്നായിരുന്നു റഷ്യയുടെ പ്രതീക്ഷ. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ സുരക്ഷിതപാതയൊരുക്കാമെന്നും റഷ്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അന്ത്യശാസനം വന്നതിന്റെ പിന്നാലെ തന്നെ കീഴടങ്ങുന്നതിനെപ്പറ്റി ചിന്തിക്കുന്നുപോലുമില്ലെന്നു യുക്രെയ്ന്‍ റഷ്യയെ അറിയിച്ചു.
ഏറക്കുറെ പൂര്‍ണമായി തകര്‍ന്നടിഞ്ഞ നഗരത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ യുക്രെയ്ന്‍ അനേകം ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒഴിപ്പിക്കല്‍ കാര്യമായി നടന്നില്ല. ഇതിനിടെ ആളുകള്‍ അഭയം തേടിയിരിക്കുന്ന കെട്ടിടങ്ങള്‍ക്കു നേരെ റഷ്യ ബോംബാക്രമണം നടത്തുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. 1300 പേര്‍ അഭയം തേടിയിരുന്ന നാടകശാലയ്ക്കു നേരെയും 400 പേര്‍ അഭയം തേടിയിരുന്ന കലാപഠനശാലയ്ക്കു നേരെയെും കഴിഞ്ഞ ദിവസം ബോംബാക്രമണം നടത്തിയിരുന്നു. മരിയുപോളില്‍ മാത്രം 2300 പേര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ന്‍ പറയുന്നത്. അസോവ് കടല്‍ത്തീരത്തുള്ള മരിയുപോള്‍ റഷ്യയെയും യുക്രെയ്‌നെയും സംബന്ധിച്ച തന്ത്രപ്രധാന തുറമുഖമാണ്.
https://www.facebook.com/Malayalivartha























