റഷ്യയുടെ പീരങ്കിയാക്രമണം...മരിയുപോളിൽ രക്തരൂഷിതമായ ചെറുത്തുനിൽപ്...വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ പതിനായിരക്കണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നു..

തെക്കൻ തുറമുഖനഗരമായ മരിയുപോളിൽ രക്തരൂഷിതമായ ചെറുത്തുനിൽപ് തുടരവേ, യുക്രെയ്നിൽ ജനവാസകേന്ദ്രങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കി. കീവിന്റെ വടക്കൻ പ്രദേശങ്ങളിൽ കനത്ത പീരങ്കിയാക്രമണം തുടർന്നു. യുക്രെയ്ൻ തീരത്ത് റഷ്യൻ നാവികസേനയും നീക്കം ഊർജിതമായിട്ടുണ്ട്. അതേസമയം, കീവിലെ തന്ത്രപ്രധാനമായ മക്കാറിവ് പട്ടണം തിരിച്ചുപിടിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു.
യുക്രെയ്ൻ നഗരമായ മരിയുപോളിൽ മാരകശേഷിയുള്ള ബോംബിട്ട് റഷ്യ. തുടർച്ചയായി ഷെല്ലാക്രമണം നടക്കുന്ന മരിയുപോളിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ യുക്രെയ്ൻ നീക്കം നടത്തുന്നതിനിടെയാണു മാരക ശേഷിയുള്ള രണ്ട് ബോംബുകൾ പതിച്ചത്. രണ്ടു ലക്ഷത്തോളം പേരാണു നഗരത്തിൽ കുടുങ്ങിക്കിടക്കുന്നത്.
തകർന്ന െകട്ടിടങ്ങൾക്കിടയിലൂടെയും മൃതദേഹങ്ങൾക്കിടയിലൂടെയും വളരെ ശ്രമകരമായാണു രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.കുടുങ്ങിപ്പോയ എല്ലാവരേയും പുറത്തെത്തിക്കാനാണു ശ്രമിക്കുന്നതെന്ന് ഉപപ്രധാനമന്ത്രി ഐറിന വെറെഷുക് അറിയിച്ചു. 3.5 മില്യൻ ജനങ്ങളാണ് യുക്രെയ്ൻ വിട്ടു പലായനം ചെയ്തത്. യുദ്ധം തുടങ്ങിയതു മുതൽ 117 കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ അറിയിച്ചു. 548 സ്കൂളുകൾ തകർന്നു.
വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ പതിനായിരക്കണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്ന മരിയുപോളിലേക്ക് അടിയന്തര സഹായമെത്തിക്കാൻ വെടിനിർത്തലിന് യുക്രെയ്ൻ അഭ്യർഥിച്ചു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ റഷ്യയുടെ കരയാക്രമണം ശക്തമായ ചെറുത്തുനിൽപു നേരിടുകയാണ്.ആക്രമണം 28 ദിവസം പിന്നിടുമ്പോൾ, ഒരു പ്രധാനനഗരം പോലും റഷ്യയ്ക്കു പിടിക്കാനായിട്ടില്ല.
ഇതിനകം 1100 മിസൈലുകളാണു യുക്രെയ്നിൽ പതിച്ചതെന്ന് യുഎസ് സേന വിലയിരുത്തുന്നു. ഒരു കോടിയിലേറെ പേർ വീടുവിട്ടു പലായനം ചെയ്തെന്നാണു ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. ഇതിൽ 35 ലക്ഷം പേർ അയൽരാജ്യങ്ങളിൽ അഭയം തേടി. 900 നാട്ടുകാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച യുഎൻ, യഥാർഥ സംഖ്യ ഇതിലുമേറെയാണെന്നു വ്യക്തമാക്കി.
സമാധാന ചർച്ചകളും ലക്ഷ്യം കാണാതെ തുടരുകയാണ്. വെടിനിർത്തുകയും റഷ്യൻസേന പിന്മാറുകയും ചെയ്യുമെങ്കിൽ നാറ്റോ അംഗത്വ നീക്കം യുക്രെയ്ൻ ഉപേക്ഷിക്കാമെന്നു പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു.യൂറോപ്യൻ യൂണിയനും യുഎസും ഏർപ്പെടുത്തിയ ഉപരോധം മൂലം റഷ്യ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. റഷ്യ വിചാരിച്ചപോലെയല്ല യുദ്ധം മുന്നോട്ട് പോകുന്നതെന്നും അവർ നിരാശരായെന്നും പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. ചുരുങ്ങിയ ദിവസത്തേക്കുള്ള ഭക്ഷണവും ഇന്ധനവും മാത്രമേ റഷ്യൻ സൈന്യത്തിന്റെ പക്കലുള്ളുവെന്ന് യുക്രെയ്ൻ ആർമി അറിയിച്ചു.
എന്നാൽ യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിൽ പതിനായിരത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ അനുകൂല വെബ്സൈറ്റ്. ഇതുവരെ 15,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സൈന്യം അറിയിച്ചതിനു തൊട്ടുപിന്നാലെയാണു പുട്ടിൻ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന കൊംസോമോൾസ്കായ പ്രാവ്ദ എന്ന പത്രത്തിന്റെ ഓൺലൈൻ പതിപ്പിൽ സമാനമായ കണക്ക് പ്രസിദ്ധീകരിച്ചത്.
‘റഷ്യ പിന്മാറിയാല്‍ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കും; പുട്ടിനുമായി ചർച്ചയ്ക്ക് തയാർ’അധികം വൈകാതെ തന്നെ റിപ്പോർട്ട് വെബ്സൈറ്റിൽനിന്ന് പിൻവലിച്ചുവെങ്കിലും സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. റഷ്യൻ പ്രതിരോധമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് നൽകിയ വാർത്ത സർക്കാർ സമ്മർദത്തെ തുടർന്നാണു പിൻവലിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha























