കുഞ്ഞുങ്ങൾക്കായി കരഞ്ഞു നിലവിളിക്കുകയാണ് യുക്രൈൻ...എത്രയത്ര കുഞ്ഞുങ്ങളെയാണ് ഇതിനോടകം കാണാതായത്..അവരെയെല്ലാം എന്ത് ചെയ്തു..? എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്..?

തങ്ങളുടെ കുഞ്ഞുങ്ങൾക്കായി കരഞ്ഞു നിലവിളിക്കുകയാണ് യുക്രൈൻ...യുക്രൈൻ പിടിച്ചു എടുക്കണം എന്നുള്ള ഉദ്ദേശത്തോടെ വര്ഷങ്ങളായി തുടരുന്ന പുടിന്റെ ക്രൂരത എല്ലാം അതിരുകളും തട്ടി തെറിപ്പിച്ച് കുഞ്ഞുങ്ങളിൽ വരെ എത്തിയിരിക്കുകയാണ്..എത്രയത്ര കുഞ്ഞുങ്ങളെയാണ് ഇതിനോടകം കാണാതായത്..അവരെയെല്ലാം എന്ത് ചെയ്തു..? എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് ..അതോ കൊലപ്പെടുത്തിയോ ഈ ചോദ്യങ്ങൾ എല്ലാം അവശേഷിക്കുകയാണ്...ഈ നടപടിയിൽ പുടിനെ കൊടും കുറ്റവാളിയായി അതായത് യുക്രെയിനിൽ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളിൽ റഷ്യൻ പ്രസിഡണ്ടിന് പങ്കുണ്ടെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു കഴിഞ്ഞു..യുക്രെയിനിൽ നിന്നും ബലമായി കുട്ടികളെ റഷ്യയിലെക്ക് കടത്തിക്കൊണ്ടു പോയി റഷ്യൻ കുടുംബങ്ങളെ ഏൽപിച്ചതാണ് ഇപ്പോൾ കോടതി യുദ്ധക്കുറ്റമായി കണക്കാക്കിയിരിക്കുന്നത്.
റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനൊപ്പം, റഷ്യയുടെ ബാലാവകാശ കമ്മീഷണർ മരിയ അലെക്സെയ്വനയുടെ പേരിലും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അവരുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്നതും ഇതേ കുറ്റമാണ്. അന്താരാഷ്ട്ര കോടതിയുടെ നടപടിയെ റഷ്യ കടുത്ത ഭാഷയിൽ വിമർശിച്ചപ്പോൾ യുക്രെയിൻ അതിനെ സ്വാഗതം ചെയ്തു.നീതിയുടെ ചക്രം ഉരുളാൻ തുടങ്ങി എന്നായിരുന്നു യുക്രെയിൻ വക്താവ് പ്രതികരിച്ചത്.അതേസമയം, കോടതിയുടെ വിധിയെ അംഗീകരിക്കുന്നില്ലെന്നും അത് റഷ്യക്ക് ബാധകമല്ലെന്നും റഷ്യൻ വക്താവ് അറിയിച്ചു. യുക്രെയിനിലെ യുദ്ധകുറ്റവാളികൾക്കായി പ്രത്യേക വിചാരണ കോടതി രൂപീകരിക്കാനും റഷ്യൻ വക്താവ് ആവശ്യപ്പെട്ടു.അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ മുഖ്യ പ്രോസിക്യുട്ടർ കരിം ഖാൻ പറയുന്നത് അനാഥാശ്രമങ്ങളിൽ നിന്നും ശിശുഭവങ്ങളിൽ നിന്നുമായി നൂറുകണക്കിന് കുട്ടികളെ ബലമായി റഷ്യയിലേക്ക് കൊണ്ടു പോയിട്ടുണ്ട് എന്നാണ്. അതിൽ പല കുട്ടികളേയും ഇതിനോടകം തന്നെ റഷ്യൻ പൗരന്മാർക്ക് ദത്ത് നൽകുകയും ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു.
നാലാം ജനീവ കൺവെൻഷൻ പ്രകാരം യുദ്ധഭൂമിയിലെ കുട്ടികൾ സംരക്ഷിത വിഭാഗമാണെന്നും കരിം ഖാൻ ചൂണ്ടിക്കാട്ടി.ഇന്നലെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് യുദ്ധ കുറ്റങ്ങൾ തടയുന്നതിനുള്ള ആദ്യ പ്രത്യക്ഷ നടപടിയാണെന്ന് പറഞ്ഞ കരിം ഖാൻ, കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ചരിത്ര പ്രാധാന്യമുള്ള തീരുമാനം എന്നായിരുന്നു യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി കോടതി നടപടിയെ വിശേഷിപ്പിച്ചത്.എന്നാൽ ഇവിടെ മറ്റൊരു കാര്യം കൂടെ ചർച്ചയാകേണ്ടതുണ്ട്..പുടിന്റെ അറസ്റ്റ് സാധ്യമോ ? എന്നുള്ള ചോദ്യമാണത്..അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ വാറന്റ് പുറപ്പെടുവിച്ചതിനു ശേഷം കോടതി പ്രസിഡണ്ട് പിയോറ്റർ ഹോഫ്മാൻസ്‌കി പറഞ്ഞത് ഈ ഉത്തരവ് നടപ്പാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ബാദ്ധ്യതയാണ് എന്നാണ്.
അന്താരാഷ്ട്ര കോടതിക്ക് സ്വന്തമായി പൊലീസോ സൈന്യമോ ഇല്ല. ഇപ്പോൾ, പുടിനെ അറസ്റ്റ് ചെയ്യേണ്ട ബാദ്ധ്യത അതിലെ 123 അംഗ രാജ്യങ്ങൾക്കാണ്.അധികാരത്തിൽ ഇരിക്കുന്ന ഒരു രാഷ്ട്രത്തലവനെതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത് ഇത് മൂന്നാമത്തെ തവണയാണ്. നേരത്തെ സുഡാനിലെ ഒമർ അൽ ബഷീറിനെതിരെയും ലിബിയയിലെ മുവമ്മർ ഗദ്ദാഫിക്കെതിരെയും അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇതാദ്യമായാണ് യു എൻ സെക്യുരിറ്റി കൗൺസിലിലെ ഒരു സ്ഥിരാംഗം ഇത്തരം നടപടിക്ക് വിധേയമാകുന്നത്.അംഗ രാഷ്ട്രങ്ങളിൽ ഒന്ന് പുടിനെ അറസ്റ്റ് ചെയ്ത് ഹെയ്ഗിൽ എത്തിച്ചാൽ മാത്രമെ വിചാരണ നടത്താൻ ആകുകയുള്ളു. കോടതി വിധി അംഗീകരിക്കില്ല എന്ന് റഷ്യ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുടിന്റെ അറസ്റ്റ് നടക്കുമോ എന്ന കാര്യത്തിൽ സംശയം ഏറുകയാണ്. കോടതി വിധിയെ മാനിക്കുന്നില്ല എന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് വ്യക്തമാക്കിയിരുന്നു.ഇന്റർനാഷണൽ ക്രിമിനൽ ജസ്റ്റിസിന്റെ റോം സ്റ്റാറ്റ്‌വൂട്ട് സിസ്റ്റം പ്രകാരം വിധി നടപ്പിലാക്കാനുള്ള സൈനിക ശക്തി കോടതിക്കില്ല. മാത്രമല്ല, ഈ സ്റ്റാറ്റിയുട്ട് പ്രകാരം ഒരു വ്യക്തിയുടെ അഭാവത്തിൽ വിചാരണ നടത്താനും കഴിയില്ല. അതായത്, പുടിൻ കോടതിയിൽ ഹാജരായാൽ മാത്രമെ വിചാരണ തുടരാൻ കഴിയു. പുടിന്റെ അറസ്റ്റ് എന്നത് നടക്കുവാൻ തീരെ സാധ്യതയില്ലാത്ത ഒന്നായതിനാൽ വിചാരണ നടക്കുന്നതിനുള്ള സാധ്യതയും തീരെയില്ല.
കാലാകാലങ്ങളിൽ ഈ വാറന്റിനെ കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ട് കോടതി അംഗരാജ്യങ്ങൾക്ക് കത്തുകൾ അയയ്ക്കും. പുടിൻ ഈ രാജ്യങ്ങൾ സന്ദർശിക്കുമ്പോൽ കോടതിയുടെ നിർദ്ദേശം പാലിക്കാൻ അംഗരാജ്യത്തിന് കഴിയാതെ വന്നാൽ അതിൽ കോടതി വിശദീകരണം തേടും. യുദ്ധം ആരംഭിച്ചതിനു ശേഷം ഇറാനും ഉസ്ബക്കിസ്ഥാനും ഉൾപ്പടെ പല രാജ്യങ്ങളും പുടിൻ സന്ദർശിച്ചിരുന്നെങ്കിലും അതിൽ താജിക്കിസ്ഥാൻ മാത്രമാൺ' അന്താരാഷ്ട്ര കോടതിയിലെ അംഗരാജ്യം. അത്തരം അംഗരാജ്യങ്ങളിലേക്കുള്ള യാത്ര പുടിൻ റദ്ദാക്കാനാണ് സാധ്യത.കോടതിയിൽ അംഗങ്ങൾ അല്ലാത്ത രാജ്യങ്ങൾക്ക് കോടതി ഉത്തരവ് അനുസരിക്കുന്നതിനുള്ള ബാദ്ധ്യത ഇല്ലെങ്കിലും, ഇത്തരം രാജ്യങ്ങൾ മുൻ കാലങ്ങളിൽ കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ചരിത്രമുണ്ട്. എന്നാൽ, യു എൻ സെക്യുരിറ്റി കൗൺസിൽ കോടതിവിധി ഉയർത്തിപ്പിടിച്ചാൽ, കോടതിയിൽ അംഗങ്ങൾ അല്ലാത്ത രാജ്യങ്ങൾക്കും അത് അനുസരിക്കുന്നതിനുള്ള ബാദ്ധ്യതയുണ്ടാകും. എന്നാൽ, വീറ്റോ പവർ ഉള്ള രാജ്യമാണ് റഷ്യ എന്നതിനാൽ, സെക്യുരിറ്റി കൗൺസിലിൽ ഈ വിധി അംഗീകരിക്കപ്പെടാൻ ഇടയില്ല.അതുകൊണ്ട് തന്നെ ഇതെല്ലം പുടിന്റെ ദേഹത്ത് തൊടാൻ പോലും സാധിക്കില്ല..പക്ഷെ വളരെ മനുഷ്യത്വ രഹിതമായ പ്രവർത്തിയാണ് റഷ്യ ചെയ്തുകൊണ്ട് ഇരിക്കുന്നത്..യുദ്ധം ജയിക്കാൻ കുഞ്ഞുങ്ങളെ വച്ചല്ല ബ്ലാക്ക് മെയിൽ ചെയേണ്ടത്...അതിനു അതിന്റെതായ രീതികൾ ഉണ്ട്..അത് സ്വീകരിക്കാൻ തയ്യാറാകണം..അതുകൊണ്ട് സെലൻസ്കി എന്തായിരിക്കും ഇനി കാര്യത്തിൽ എടുക്കാൻ പോകുന്ന തീരുമാനം എന്നുള്ളതും നിർണായകമാണ്..
https://www.facebook.com/Malayalivartha