യുക്രൈന്‍ യുദ്ധം അവസാനിക്കും ലോകം കാത്തിരുന്ന സന്ദര്‍ശനം. റഷ്യ അനുനയത്തിലേയ്ക്ക് പിടിമുറുക്കി ചൈന.

യുക്രൈന്‍-റഷ്യ യുദ്ധം അവസാനിക്കാനുള്ള വഴികള്‍ തെളിഞ്ഞു വരുന്നുണ്ട്. ലോകത്തിന്റെ കണ്ണും കാതും മോസ്‌കോയിലേയ്ക്ക് ലക്ഷ്യം വെച്ചു കൊണ്ടിരിക്കുകയാണ്. യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന റഷ്യയുടെ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായി ചൈനീസ് പ്രസിഡന്റ് ഷി പിങും തമ്മിലുള്ള കൂടിക്കാഴ്ചയും യുദ്ധ ചര്‍ച്ചയും മാസങ്ങളായി കാത്തിരിക്കുകയായിരുന്നു.ലോകത്തിന്റെ ഗതിവിഗതികള്‍ തീരുമാനിക്കാന്‍ ശേഷിയുള്ള രണ്ട് വമ്പന്‍ രാജ്യതലവന്‍മാരുടെ കൂടിക്കാഴ്ചയെ ലോകം ശ്വാസമടക്കി പിടിച്ചാണ് കാണുന്നത്. റഷ്യ ഒറ്റയ്ക്കല്ലെന്ന സന്ദേശം നല്‍കിയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ 2 ദിവസത്തെ റഷ്യാസന്ദര്‍ശനത്തിനു തുടക്കമായത്..
ഇന്നലെ മോസ്‌കോയിലെത്തിയ ഷി, റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ച ഇന്നും തുടരുകയാണ് . തന്റെ 'പ്രിയ സുഹൃത്തിനെ' മോസ്‌കോയിലേക്കു സ്വാഗതം ചെയ്ത പുട്ടിന്‍, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു ചൈന മുന്നോട്ടുവച്ച 12 ഇന സമാധാനപദ്ധതി ആദരവോടെ പഠിച്ചതായും പറഞ്ഞു.
യുദ്ധം ആരംഭിച്ച ശേഷം ഷിയുടെ ആദ്യ റഷ്യാസന്ദര്‍ശനമാണിത്. പുട്ടിനെയും 'പ്രിയ സുഹൃത്ത്' എന്നു വിശേഷിപ്പിച്ച ഷി, അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്തില്‍ മതിപ്പു പ്രകടിപ്പിച്ചു. വരുന്ന വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പുട്ടിനെ വീണ്ടും തിരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസവും ഷീ പ്രകടിപ്പിച്ചു. യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ ചൈന റഷ്യയ്‌ക്കൊപ്പമാണ് നിന്നത്. വേണ്ടി വന്നാല്‍ റഷ്യയ്ക്ക് വേണ്ടി യുദ്ധത്തിന് ഇറങ്ങാനും തയ്യാറെന്ന് ഒരവസരത്തില്‍ ചൈന പ്രഖ്യാപിച്ചിരുന്നു. അമേരിക്കയും ഇന്ത്യയും ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ യുക്രൈന്‍ അധിനിവേശത്തിനെതിരെ റഷ്യയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചപ്പോഴും ചൈന റഷ്യയെ ആത്മമിത്രമായി കൂടെ കൂട്ടുകയായിരുന്നു.
അതേസമയം, യുക്രെയ്‌നില്‍നിന്നു പിടിച്ചെടുത്ത തുറമുഖ നഗരമായ മരിയുപോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചുത് യുദ്ധം തുടരുമെന്ന സൂചനയാണ് നല്കുന്നത്. പിടിച്ചെടുത്തതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ക്രൈമിയയിലെത്തിയ പുട്ടിന്‍ അപ്രതീക്ഷിതമായി മരിയുപോള്‍ സന്ദര്‍ശിക്കുകയായിരുന്നു. ഹെലിക്കോപ്റ്ററിലെത്തിയ റഷ്യന്‍ പ്രസിഡന്റ് മരിയുപോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറില്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി ആശയവിനിയമം നടത്തുകയും ചെയ്തു.
സ്വയം കാറോടിച്ച് മരിയുപോളിന്റെ തെരുവുകളിലൂടെ പുട്ടിന്‍ സഞ്ചരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍ ഉപപ്രധാനമന്ത്രി മാറാത് ഖുസ്‌നുള്ളിനെയും വിഡിയോയില്‍ കാണാം. നഗരത്തെ എങ്ങനെയാണ് പുതുക്കിപ്പണിയാന്‍ പോകുന്നതെന്ന് ഇദ്ദേഹം പുട്ടിന് വിശദീകരിച്ചുനല്‍കുന്നുമുണ്ട്. ശനിയാഴ്ചയായിരുന്നു സന്ദര്‍ശനമെന്ന് റഷ്യ അറിയിച്ചു.പിടിച്ചെടുത്ത മേഖലകളിലേക്കുള്ള പുട്ടിന്റെ ആദ്യ സന്ദര്‍ശനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പത്തുമാസമായി മരിയുപോള്‍ റഷ്യയുടെ കൈവശമാണ്. മരിയുപോളിന് കിഴക്കുള്ള റഷ്യന്‍ നഗരമായ റോസ്‌തോവ് ഓണ്‍ ഡോണില്‍ ഉയര്‍ന്ന സൈനിക കമാന്‍ഡര്‍മാരുമായി പുട്ടിന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അതേസമയം, തകര്‍ക്കപ്പെട്ട നഗരത്തിന്റെ അവസ്ഥ കാണാതിരിക്കാനാണ് പുട്ടിന്‍ രാത്രി സന്ദര്‍ശനം നടത്തിയതെന്ന് യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യാന്തര ക്രിമിനല്‍ കോടതി യുക്രെയ്‌നിലെ യുദ്ധക്കുറ്റത്തിന്റെ പേരില്‍ പുട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് മരിയുപോള്‍ സന്ദര്‍ശനം.യുക്രൈനില്‍ വിജയം എളുപ്പമല്ലെന്ന് കണ്ട് കുട്ടികളെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചതിനാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പുടിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളെ തട്ടികൊണ്ടു പോയതിന് പുറമേ സ്ത്രീകളായ തടവുകാരെയും യുദ്ധമുഖത്തേയ്ക്ക് ഇറക്കിവിട്ടിരിക്കുകയാണ്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് റഷ്യ യുക്രൈനെ നേരിടുന്നത്.
ലോകത്തിന്റെ സഹതാപം മുഴുവന്‍ ഏറ്റുവാങ്ങിയിട്ടും യുക്രൈനില്‍ നിന്ന് പിന്‍മാറാന്‍ റഷ്യ കൂട്ടാക്കാത്തതിന് പിന്നില്‍ ചൈനയാണെന്ന് പൊതുവേ അഭിപ്രായം ഉയര്‍ന്നിരുന്നു. പല രാജ്യ തലവന്‍മാരും റഷ്യയുമായി ചര്‍ച്ച നടത്തി, റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അപ്പോഴെല്ലാം ചൈന റഷ്യയ്ക്ക് പിന്നില്‍ അതേ ശക്തിയായി നിലകൊണ്ടു. ഒടുവില്‍ യുക്രൈനെ മോചിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മ്യൂണിക് സമ്മേളനം ചൈനയോട് ആവശ്യപ്പെടുകയായിരുന്നു. അതിന്റെ ഭാഗമായാണ് ചൈനീസ് പ്രസിഡന്റ് ഷീ പിങ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്തുന്നത്
https://www.facebook.com/Malayalivartha























