ഇന്ത്യന്‍ ഹൈക്കമ്മീഷനും കാനഡ, ലണ്ടന്‍, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലെ എംബസികള്‍ക്കും മുന്നിലും നടന്ന അക്രമാസക്തമായ പ്രതിഷേധത്തില്‍ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യന്‍ ഹൈക്കമ്മീഷനും കാനഡ, ലണ്ടന്‍, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലെ എംബസികള്‍ക്കും മുന്നിലും നടന്ന അക്രമാസക്തമായ പ്രതിഷേധത്തില്‍ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധത്തില്‍ പങ്കെടുത്ത ഖാലിസ്ഥാന്‍ ഗ്രൂപ്പുകള്‍ക്കെതിരെ കേന്ദ്രം ശക്തമായ നടപടിയെടുക്കുമെന്ന് സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബിലെ തീവ്ര മതപ്രഭാഷകന് അമൃത്പാല്‍ സിങ്ങിനെതിരായ പോലീസ് നടപടിയെ തുടര്‍ന്നാണ് ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകര്‍ അക്രമാസക്തരായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമത്തില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു വരികയാണെന്നാണ് വിവരം.
യുകെ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് സര്‍ക്കാരുകളോടും അക്രമികളെ കണ്ടെത്തി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി പോലീസ് നേരത്തെ തന്നെ അന്വേഷിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ തെളിവുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അവരെ ഇന്ത്യ 'ബ്ലാക്ക് ലിസ്റ്റില്‍' ഉള്‍പ്പെടുത്തുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുകെ സുരക്ഷാ ഉദ്യോഗസ്ഥരുമായി അക്രമം സംബന്ധിച്ച വിഷയം സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ പ്രവാസികളെ ധ്രുവീകരിക്കാന്‍ ശ്രമിക്കുന്ന വിഘടനവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡോവല്‍ ഋഷി സുനക് സര്‍ക്കാരുമായി ബന്ധപ്പെടാനും സാധ്യതയുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത് കാണാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമൃത്പാല്‍ സിങ്ങിന്റെ തീവ്രവാദ അനുയായികള്‍ക്കെതിരെ യുഎസും ഓസ്ട്രേലിയയും ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും, യുകെ, കനേഡിയന്‍ സര്‍ക്കാരുകള്‍ ഇതുവരെ അക്രമത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha