പോണ്‍ താരത്തിനു പണം നല്‍കിയ കേസില്‍ ഡോണള്‍ഡ് ട്രംപ് അറസ്റ്റില്‍...

2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത് ചട്ടം ലംഘിച്ചു പോണ്‍ താരത്തിനു പണം നല്‍കിയ കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറസ്റ്റില്‍. ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ മുന്‍ യുഎസ് പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. 2018 ല്‍ വോള്‍ സ്ട്രീറ്റ് ജേണല്‍ ആണ്, ഡാനിയല്‍സിനു ട്രംപ് പണം നല്‍കിയെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ബന്ധം പുറത്തു പറയാതിരിക്കാനായി പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിനു പണം നല്‍കിയെന്നതാണ് കേസ്. 1.30 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 2006 ല്‍ താനും ട്രംപും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു ഡാനിയല്‍സ് വെളിപ്പെടുത്തിയിരുന്നു. 2006 ജൂലൈയില്‍ ലേക്ക് ടാഹോയില്‍ സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ഡാനിയല്‍സ് ട്രംപിനെ പരിചയപ്പെടുന്നത്. ട്രംപ് തന്റെ മൂന്നാം ഭാര്യയായ മെലനിയയെ വിവാഹം ചെയ്തത് 2006ലാണ്. സംഭവം നടക്കുമ്പോള്‍ മെലനിയ മകന്‍ ബാരണ്‍ ട്രംപിന് ജന്മം നല്‍കി നാലുമാസം ആയതേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ആരോപണം തെറ്റാണെന്നും 'വ്യാജമായ ആരോപണങ്ങള്‍' അവസാനിപ്പിക്കാനാണു പണം നല്‍കിയതെന്നുമാണു ട്രംപിന്റെ അവകാശവാദം.പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍, 2016 ഒക്ടോബര്‍ 28 നാണ് ട്രംപുമായുള്ള ബന്ധം പുറത്തുപറയുന്നതു വിലക്കിയുള്ള നോണ്‍ – ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റില്‍ (എന്‍ഡിഎ) ഡാനിയല്‍സ് ഒപ്പുവച്ചതും 1.30 ലക്ഷം യുഎസ് ഡോളര്‍ വാങ്ങി ഒത്തുതീര്‍പ്പിലെത്തിയതും. ഇതുസംബന്ധിച്ച രേഖകള്‍ ലൊസാഞ്ചലസ് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡാനിയല്‍സിന്റെ അന്നത്തെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്‌സണ്ണും ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹനും ആണ് എന്‍ഡിഎയില്‍ ഒപ്പുവച്ചത്. ട്രംപിന് ഒപ്പിടാനുള്ള സ്ഥലം ഒഴിച്ചിട്ടെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല.
https://www.facebook.com/Malayalivartha























