അന്താരാഷ്ട്ര നീതിന്യായ കോടതിയെയും മനുഷ്യാവകാശ സംഘടനകളെയും, വെല്ലുവിളിച്ച് ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ...ഒരു വിലയും കൽപിക്കാതെയാണ് റഫയിൽ അടക്കം മനുഷ്യരെ പച്ചക്ക് കത്തിക്കുന്ന ക്രൂരത തുടരുന്നത്...

രാജ്യാന്തര സമൂഹത്തെയും അന്താരാഷ്ട്ര നീതിന്യായ കോടതിയെയും മനുഷ്യാവകാശ സംഘടനകളെയും വെല്ലുവിളിച്ച് ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. റഫയിലെ സൈനിക ഇടപെടൽ അടിയന്തരമായി നിർത്തിവെക്കണമെന്ന ഐ.സി.ജെ ഉത്തരവിന് ഒരു വിലയും കൽപിക്കാതെയാണ് റഫയിൽ അടക്കം മനുഷ്യരെ പച്ചക്ക് കത്തിക്കുന്ന ക്രൂരത തുടരുന്നത്. ഉത്തരവിടാനല്ലാതെ നടപ്പാക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ശേഷിയില്ലാത്തത് ലോകത്തിന്റെ നിസ്സഹായത.ദക്ഷിണ റഫയിൽ അഭയാർഥികളുടെ തമ്പിൽ ഇസ്രായേൽ ബോംബിട്ടതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ചാരത്തിൽ മനുഷ്യശരീരം തിരയുന്ന ഫലസ്തീനികൾ കണ്ണീർ ചിത്രം മാത്രമല്ല. ലോക മനഃസാക്ഷിക്കുനേരെ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഗുരുതരമായി പൊള്ളലേറ്റവർക്ക് ചികിത്സ നൽകാൻ പോലും ഗസ്സയിൽ സൗകര്യമില്ല. ആരോഗ്യ സംവിധാനങ്ങളെല്ലാം ഇസ്രായേൽ ആക്രമിച്ച് തകർത്തിട്ടുണ്ട്.
ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തിയപ്പോൾ അഭയം തേടിയെത്തിയവരാണ് റഫയിൽ തുണിയും തകര ഷീറ്റും കെട്ടി താമസിച്ചിരുന്നത്. ഇനി അവർക്ക് പോകാൻ ഒരു ഇടവും ഇല്ല. സാധാരണക്കാരെ ലക്ഷ്യമിട്ട് ഭ്രാന്തമായ ആക്രമണമാണ് അധിനിവേശ സേന ഗസ്സയിൽ നടത്തുന്നത്. ഹമാസിനെ തകർക്കും, ബന്ദികളെ മോചിപ്പിക്കും എന്നത് ഉൾപ്പെടെ പ്രഖ്യാപിത സൈനിക ലക്ഷ്യങ്ങൾ ഒന്നുപോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ നിരാശയും രോഷവും തീർക്കുന്നത് സാധാരണക്കാർക്കുമേൽ കരുണയില്ലാത്ത ബോംബ് വർഷം നടത്തിയാണ്.‘നമ്മൾ നിർത്തിച്ചില്ലെങ്കിൽ ഇസ്രായേൽ ഈ ഭ്രാന്ത് നിർത്തില്ലെന്നും അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ ഉപരോധിക്കണമെന്നും’ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഫ്രാൻസിസ്ക ആൽബനീസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.
ഖത്തർ, ഈജിപ്ത്, അയർലൻഡ്, നോർവേ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങൾ റഫ ആക്രമണത്തെ അപലപിച്ചു. ഗസ്സ ഭൂമിയിലെ നരകമായെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി അഭിപ്രായപ്പെട്ടു. ഐ.സി.ജെയുടെ വിധി ഇസ്രായേൽ നടപ്പാക്കുക തന്നെ വേണമെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ വകുപ്പ് മേധാവി ജോസഫ് ബോറൽ ആവശ്യപ്പെട്ടു. പ്രതിഷേധം വ്യാപിച്ചതോടെ, സംഭവം ഗൗരവമേറിയതാണെന്നും അന്വേഷിക്കുമെന്നും ഇസ്രായേൽ വിശദീകരണ കുറിപ്പിറക്കി.ഗസ്സയിലെ ദൈർ അൽ ബലാഹ് അൽ അഖ്സ ആശുപത്രിയിൽ 20 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന് കുട്ടികളുമായി ബന്ധപ്പെട്ട യു.എൻ ഏജൻസിയായ യൂനിസെഫ് മുന്നറിയിപ്പ് നൽകി. ഇന്ധനക്ഷാമം കാരണം ഓക്സിജൻ ജനറേറ്ററുകൾ പ്രവർത്തനം മുടങ്ങുമെന്ന സ്ഥിതിയാണ്. ഇസ്രായേൽ ബോംബാക്രമണത്തിൽ ഗുരുതര പരിക്കേറ്റ നിരവധി മുതിർന്നവരുടെ ചികിത്സയിലും പ്രതിസന്ധിയിലാണ്.വൈദ്യുതി തടസ്സം കാരണം അൽ അഖ്സ ആശുപത്രിയിലെ ഉപകരണങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കാൻ കഴിയാതായിരുന്നു. ജനറേറ്റർ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന അടിയന്തര ഉപകരണങ്ങളും കൂടി നിശ്ചലമാകുന്ന സാഹചര്യമാണ് മുന്നിലുള്ളത്.
ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ ആധിക്യം കാരണം വരാന്തയിൽ തറയിൽ ഉൾപ്പെടെ കിടത്തിയാണ് ചികിത്സ നൽകുന്നത്. ചികിത്സ തേടിയെത്തുന്ന നിരവധി പേരെ തിരിച്ചയച്ചു. മറ്റു ആശുപത്രികളെയും ഇസ്രായേൽ സൈന്യം ലക്ഷ്യംവെക്കുന്നു.വടക്കൻ ഗസ്സയിലെ അൽ ഔദ, കമാൽ അദ്വാൻ ആശുപത്രികൾക്ക് നേരെ നിരവധി ആക്രമണമുണ്ടായി. ആശുപത്രികളിലേക്ക് ഇരച്ചുകയറിയ സൈന്യം ചികിത്സയിലുള്ളവരോടും ആരോഗ്യ പ്രവർത്തകരോടും പുറത്തുപോകാൻ ആവശ്യപ്പെട്ടു. തെക്കൻ ഭാഗത്ത് റഫയിലും കനത്ത ആക്രമണം തുടരുകയാണ്. ഇവിടെ യൂറോപ്യൻ ഗസ്സ ആശുപത്രിക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ അതിക്രമമുണ്ടായി.വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതി ഗ്രൂപ്പിന്റെ സൈനിക വക്താവ് അറിയിച്ചു.ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ കപ്പലായ ലാറെഗോ ഡെസേർട്ട് ലക്ഷ്യമിട്ടായിരുന്നു ആദ്യത്തെ ആക്രമണമെങ്കിൽ രണ്ടാമത് ഇസ്രായേൽ കപ്പലായ എംഎസ്സി മെച്ചെല ലക്ഷ്യം വച്ചായിരുന്നു.
ചെങ്കടലിലാണ് മൂന്നാമത്തെ ആക്രമണം നടത്തിയത്. മിനർവ ലിസ എന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. ഹൂതികൾ നടത്തുന്ന അൽ മസീറ ടിവിയിൽ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് വക്താവ് യഹിയ സരിയ ഇക്കാര്യം അറിയിച്ചത്.ഒരു സംഘം ചെങ്കടലിലെ രണ്ട് യുഎസ് യുദ്ധക്കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയെന്നും വക്താവ് പറയുന്നു. ഇസ്രായേൽ-ഗാസ സംഘർഷം അവസാനിക്കും വരെ ആക്രമണം തുടരുമെന്ന മുന്നറിയിപ്പും സരിയ നൽകിയിട്ടുണ്ട്.ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നിന്ന് മൊസാംബിക്കിലെ ബെയ്റയിലേക്കുള്ള യാത്രയ്ക്കിടെയാണ് ലാറെഗോ ഡെസേർട്ട് ആക്രമിച്ചത്. ആക്രമണം നടന്ന മറ്റ് രണ്ട് കപ്പലുകളെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെന്നും വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ ദിവസം മെഡിറ്ററേനിയൻ കടലിൽ ഇസ്രായേൽ കപ്പലായ എസ്സെക്സിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹൂതി അവകാശപ്പെട്ടു. കഴിഞ്ഞ നവംബർ മുതൽ തുടർച്ചയായി ഹൂതി വിമതർ ആക്രമണം നടത്തുകയാണ്.
ഇതിന് മറുപടിയായി യുഎസ്-ബ്രിട്ടീഷ് നാവിക സഖ്യം ജനുവരി മുതൽ യെമനിലെ ഹൂതി ലക്ഷ്യങ്ങൾക്കെതിരെ വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടത്തിയിരുന്നു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഹമാസിന് പിന്തുണ അറിയിച്ചാണ് ഹൂതികൾ ചെങ്കടലിൽ ആക്രമണം നടത്തുന്നത്.കരയാക്രമണം ഉടനുണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ച റഫയുടെ തെക്കൻ മേഖലകളിൽ കനത്ത ആക്രമണത്തിൽ നിരവധി കുരുന്നുകളടക്കം 27 പേർ കൊല്ലപ്പെട്ടു. ഇവിടെ കൂടുതൽ മേഖലകളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂന്നു ലക്ഷം ഫലസ്തീനികൾ ഇതിനകം റഫയിൽനിന്ന് വീണ്ടും പലായനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.റഫയിലെ ആറുലക്ഷം കുഞ്ഞുങ്ങൾക്ക് പോകാൻ ഇടമില്ലെന്ന് യൂനിസെഫ് കുറ്റപ്പെടുത്തി. ഗസ്സയുടെ അടിസ്ഥാന സൗകര്യങ്ങളുടെ 80 ശതമാനവും ഏഴുമാസത്തിനിടെ ഇസ്രായേൽ തകർത്തുകളഞ്ഞതായി ഗസ്സ സിവിൽ ഡിഫൻസും അറിയിച്ചു. വടക്കൻ ഗസ്സയിൽ ഒരു ആശുപത്രിപോലും പ്രവർത്തിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതിനിടെ, ഗസ്സയിൽനിന്ന് ഇസ്രായേലിലെ അഷ്കലോൺ പട്ടണത്തിലേക്ക് നടന്ന റോക്കറ്റ് ആക്രമണത്തിൽ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു.
https://www.facebook.com/Malayalivartha