ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മാരാത്തുകുന്ന് ഉന്നതിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛൻ മരിച്ചു. വാരിയത്ത് വീട്ടിൽ വിഷ്ണു (32) ആണ് മരിച്ചത്.
മകൻ അരുഷ് കിണറ്റിൽ വീണതറിഞ്ഞ് രക്ഷിക്കാനിറങ്ങിയതായിരുന്നു.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് അപകടം നടന്നത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് കിണറിന് സമീപത്തേക്ക് പോയി കാൽ തെന്നി വീഴുകയായിരുന്നു. ഇതറിഞ്ഞതോടെ അച്ഛൻ വിഷ്ണു രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയൽവാസി എഴുത്തശ്ശൻ വീട്ടിൽ വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.
അപ്പോഴേക്കും വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും അവിടേക്കെത്തി. കുട്ടിയെ രക്ഷിച്ചതറിഞ്ഞതോടെ അഗ്നിരക്ഷാസേനാംഗങ്ങൾ മടങ്ങാനായി നിൽക്കുകയായിരുന്നു. അപ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്നും കിണറ്റിലേക്ക് ചാടിയിട്ടുണ്ടാകുമെന്നും സംശയം പറഞ്ഞത്. അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കിണറ്റിലെ ചേറിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അരുഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി.
കുട്ടി അപകടനില തരണംചെയ്തതായാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചനകൾ. കിണറ്റിനുള്ളിൽ ഓക്സിജൻ കുറവായിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായും ഇരുവരെയും രക്ഷിക്കാനിറങ്ങിയവർ പറഞ്ഞു. നിർമാണത്തൊഴിലാളിയാണ് വിഷ്ണു. ഭാര്യ: സുനിത.
https://www.facebook.com/Malayalivartha


























