വീണ്ടും പോർമുഖം തുറന്ന് ഹൂതി വിമതര്‍; ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി മൂന്ന് കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം...
ഇസ്രായേല്‍ ഹമാസ് യുദ്ധം എട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസയ്ക്ക് പിന്തുണയറിയിച്ച് യെമനിലെ ഹൂതി വിമതര്‍ ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ആക്രമണം അഴിച്ച് വിടുന്നത് പതിവാകുകയാണ്. ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് വീണ്ടും ആക്രമണം നടത്തിയിരിക്കുകയാണെന്ന് ഹൂതി ഗ്രൂപ്പിന്റെ സൈനിക വക്താവ് അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കന്‍ കപ്പലായ ലാറെഗോ ഡെസേര്‍ട്ട് ലക്ഷ്യമിട്ടായിരുന്നു ആദ്യത്തെ ആക്രമണമെങ്കില്‍ രണ്ടാമത് ഇസ്രായേല്‍ കപ്പലായ എംഎസ്സി മെച്ചെല ലക്ഷ്യം വച്ചായിരുന്നു. ചെങ്കടലിലാണ് മൂന്നാമത്തെ ആക്രമണം നടത്തിയത്. മിനര്‍വ ലിസ എന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. ഹൂതികള്‍ നടത്തുന്ന അല്‍ മസീറ ടിവിയില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് വക്താവ് യഹിയ സരിയ ഇക്കാര്യം അറിയിച്ചത്.
ചെങ്കടലില്‍ ഗ്രീക്ക് ഉടമസ്ഥതയിലുള്ള ട്രാന്‍സ്വേള്‍ഡ് നാവിഗേറ്റര്‍ എന്ന കപ്പലിന് നേരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. ആളില്ലാത്ത ബോട്ട് ഉപയോഗിച്ച് കപ്പലില്‍ നേരിട്ട് ഇടിച്ചുകയറ്റുകയായിരുന്നു. സ്റ്റോള്‍ട്ട് സെക്വോയയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആക്രമിക്കപ്പെട്ട കപ്പല്‍. ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അധിനിവേശ ഫലസ്തീനിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം ലംഘിച്ചതാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു. ഹൂതി ആക്രമണം യു.എസ് മിലിറ്ററി സെന്‍ട്രല്‍ കമാന്‍ഡും സ്ഥിരീകരിച്ചു. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ച കഴിഞ്ഞ നവംബര്‍ മുതലാണ് ഫലസ്തീന് പിന്തുണ അറിയിച്ച് യെമനിലെ ഹൂതികള്‍ ആക്രമണം ആരംഭിച്ചത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണങ്ങള്‍.
ഇതിന് മറുപടിയായി, യുഎസ്-ബ്രിട്ടീഷ് നാവിക സഖ്യം ജനുവരി മുതല്‍ യെമനിലെ ഹൂതി ലക്ഷ്യങ്ങള്‍ക്കെതിരെ വ്യോമാക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടത്തിയിരുന്നു, എന്നാല്‍ യുഎസിന്റെയും ബ്രിട്ടന്റെയും വാണിജ്യ കപ്പലുകളും നാവികസേനയും ഉള്‍പ്പെടുത്തി ഹൂതി ആക്രമണങ്ങള്‍ വിപുലീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. മെഡിറ്ററേനിയന്‍ കടലില്‍ പോലും ഇസ്രായേലി തുറമുഖങ്ങളിലേക്ക് പോകുന്ന ഏത് കപ്പലിനെയും ആക്രമിക്കുമെന്ന് ഹൂതികള്‍ നിലപാടെടുത്തു. ആക്രമണങ്ങള്‍ ചരക്ക് കടത്തുകാരെ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായ യാത്രകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കിരിക്കുകയാണ്.
വാണിജ്യ കപ്പലുകള്‍ ആക്രമിക്കുന്നതിനുള്ള ഹൂതികളുടെ ശേഷിയെ തകര്‍ക്കാന്‍ ലോകത്തെ വന്‍ ശക്തികള്‍ക്ക് സാധിച്ചില്ല എന്നതുകൂടിയാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ഏകപക്ഷീയമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഹൂതികളുടെ പ്രധാന ആവശ്യം. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണ് ചെങ്കടലില്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പോംവഴിയെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
32 കിലോമീറ്റര്‍ വീതിയുള്ള അപകടകരമായ ബാബ് അല്‍-മന്ദാബ് എന്ന കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയാണ് ഹൂതികള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഡ്രോണുകളും മിസൈലുകളും അതിവേഗ ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ചാണ് വിവിധ ഘട്ടങ്ങളിലായി ഇവര്‍ ആക്രമണം നടത്തുന്നത്. വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകള്‍, എണ്ണ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതിക്കുള്ള പ്രധാന പാതയാണ് ചെങ്കടല്‍. ഹൂതി ആക്രമണത്തെ തുടര്‍ന്ന് പല കപ്പലുകളും ചെങ്കടല്‍ വഴിയുള്ള കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകുന്ന ബദല്‍ റൂട്ടാണ് പല കപ്പലുകളും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഈ പാതയില്‍ സഞ്ചരിക്കാന്‍ യാത്രാചെലവും ദൈര്‍ഘ്യവും കൂടുതലാണ്.
അതിനിടെ റഫയ്ക്ക് സമീപമുള്ള അല്‍-മവാസി 'സേഫ് സോണിലെ' ടെന്റ് ക്യാമ്പിന് ചുറ്റും ഇസ്രായേല്‍ ടാങ്കുകള്‍ നിലയുറപ്പിച്ചു. ഒക്ടോബര്‍ 7 മുതല്‍ ഗാസയ്ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ കുറഞ്ഞത് 37,598 പേര്‍ കൊല്ലപ്പെടുകയും 86,032 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളില്‍ ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം 1,139 ആണ്, ഇപ്പോഴും ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
https://www.facebook.com/Malayalivartha