കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്... കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക

കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കുടവട്ടൂര്‍ സ്വദേശി സന്ദീപാണ് കേസിലെ ഏക പ്രതി. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.
2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
മൂന്ന് വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ഒടുവിലാണ് വിധി. കുടവട്ടൂര്‍ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് വൈദ്യ പരിശോധനയ്ക്കായിട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡ്രസിങ് റൂമില്‍ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവര്‍ ഓടി മാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. വന്ദനയെ തടഞ്ഞ് നിര്‍ത്തിയ പ്രതി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. അധികം വൈകാതെ മരണം സംഭവിച്ചു.
ക്രൂരമായ കൊലപാതകത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്.
https://www.facebook.com/Malayalivartha






















