ഷെരീഫിനെ സാക്ഷിനിര്‍ത്തി ഭീകരവാദം ഇല്ലാതാക്കാന്‍ ഒന്നിക്കണമെന്ന് മോദിയുടെ ആഹ്വാനം

അസ്താനയിലെ യോഗത്തില്‍ ഭീകരവാദ ശല്യം അവസാനിപ്പിക്കാന്‍ ഒന്നിച്ചുനീങ്ങാന്‍ ഷാങ്ഹായ് സഹകരണസമിതിയില്‍ (എസ്‌സിഒ) അംഗങ്ങളായ രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഇതിനായി മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെയും ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളെയും മാനിച്ചുകൊണ്ട് പരസ്പര സഹകരണം ശക്തിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. കസഖ്സ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ ഷാങ്ഹായ് സഹകരണസമിതി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഇഒ രാജ്യങ്ങളുമായി ബൃഹത്തായ ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. കൂടുതല്‍ സഹകരണത്തിലേക്കും ഇടപെടലുകളിലേക്കും ഈ ബന്ധത്തെ വളര്‍ത്താനാണ് ഇന്ത്യയ്ക്ക് താല്‍പര്യമെന്നും മോദി പറഞ്ഞു. മാനവികതയ്‌ക്കെതിരായ ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദമെന്ന് മോദി യോഗത്തെ ഓര്‍മിപ്പിച്ചു. പരസ്പര സഹകരണത്തിലൂടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേഷിതമാണെന്നും മോദി ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒന്നിച്ചുനിന്ന് പരിഹരിക്കുന്നതിനും അദ്ദേഹം എസ്‌സിഒ രാജ്യങ്ങളുടെ സഹായവും സഹകരണവും തേടി.
ചൈനയ്ക്കു മേധാവിത്വമുള്ള എസ്‌സിഒയില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പൂര്‍ണ അംഗത്വം നല്‍കിക്കൊണ്ടുള്ള ആദ്യ യോഗമാണ് നടന്നത്. യോഗത്തിനെത്തിയ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ഓരോ രാജ്യങ്ങളുടെയും പരമാധികാരവും, ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളും എല്ലാവരും മാനിക്കേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. അതിര്‍ത്തി സംബന്ധമായി ഇന്ത്യയ്ക്ക് അഭിപ്രായ ഭിന്നതകളുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് തുടങ്ങിയ നേതാക്കളെ സാക്ഷി നിര്‍ത്തിയായിരുന്നു മോദിയുടെ വാക്കുകള്‍. യുദ്ധം കനത്ത നാശം വിതച്ചിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സഹായിക്കാന്‍ എസ്‌സിഒ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha























