സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ അഞ്ച് മരണം ; പരക്കെ കൃഷി നാശം ; മുന്നു പേരെ കാണാതായി

സംസ്ഥാനത്ത് മഴശക്തമായി തുടരുന്നു . വിവിധയിടങ്ങളിൽ ഉരുൾ പൊട്ടലും കൃഷി നാശവും ഉണ്ടായി. മഴക്കെടുതിയില്‍ സംസ്ഥാനത്ത് അഞ്ച് മരണം. മുന്നു പേരെ കാണാതായി.
കോഴിക്കോട് ഓമശ്ശേരി മാനിപുരം കല്ലുരുട്ടി അയ്യത്തൻകുന്ന് കല്യാണി (85), ആര്യപ്പറമ്പ് കാഞ്ഞിരക്കാട്ട് സിറിയക്കിന്റെ മകൾ സിതാര (20),ആലപ്പുഴ മണപ്പുറം ഫിഷർമെൻ കോളനിയിൽ പുരഹരന്റെ ഭാര്യ സുഭദ്ര (60), കോഴിക്കോട്ട് ഫറോക്ക് കരുവൻതിരുത്തി സായ്മഠത്തിനു സമീപം ആവത്താൻ വീട്ടിൽ റജീഷ് കുമാറിന്റെ മകൻ വൈഷ്ണവ് (17) എന്നിവരാണ് മരിച്ചത്. രണ്ട് പേർ മരം വീണും ഒരാൾ ഷോക്കേറ്റുമാണ് മരിച്ചത്.സംസ്ഥാനത്ത് വ്യാപക കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നെയ്യാർ ഡാമിന്റെയും വയനാട്ടിൽ ബാണാസുരസാഗർ അണക്കെട്ടിന്റെയും ഷട്ടറുകളും തുറന്നു. എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറി സിഗ്നൽ സംവിധാനം തകരാറിലായി. തൃശൂർ ചാവക്കാട്ട് കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം മൂലം നൂറോളം വീടുകളിൽ വെള്ളം കയറി. സംസ്ഥാനത്ത് എഴുന്നൂറിൽ അധികം വൈദ്യുതി ലൈനുകൾ പൊട്ടിയതായി റിപ്പോർട്ടുണ്ട്.ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























